സാറയായി പാക് ഏജന്റെത്തി; മിസൈല്‍ രഹസ്യങ്ങളടക്കം പങ്ക് വെച്ച് ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍
പൂനെ: ചാരവൃത്തിക്കേസില്‍ അറസ്റ്റിലായ ഡി ആര്‍ ഡി ഒ ശാസ്ത്രജ്ഞന്‍ പ്രദീപ് കുരുല്‍ക്കറിനെതിരേ കണ്ടെത്തിയിരിക്കുന്നത് ഗുരുതരമായ കുറ്റങ്ങള്‍. 'സാറാ ദാസ്ഗുപ്ത' എന്ന കള്ളപ്പേരില്‍ പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയയാളുമായുള്ള ചാറ്റിംഗിലൂടെ ഇന്ത്യന്‍ മിസൈല്‍ സംവിധാനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രദീപ് പങ്കുവെച്ചു എന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്.
പ്രതിരോധ രംഗത്ത് മറ്റ് പല രഹസ്യ പദ്ധതികളും ചാരപ്രവൃത്തി നടത്തിയ ആളോട് പ്രദീപ് പങ്കുവെച്ചിട്ടുണ്ട്. പൂനെയിലെ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്റെ ലാബുകളില്‍ ഒന്നിന്റെ ഡയറക്ടറായിരുന്നു പ്രദീപ് കുരുല്‍ക്കര്‍. പ്രദീപിനെതിരെ കഴിഞ്ഞയാഴ്ചയാണ് മഹാരാഷ്ട്ര പൊലീസിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

മേയ് മൂന്നിനാണ് ചാരവൃത്തി കുറ്റം ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തത്. നിലവില്‍ ഇദ്ദേഹം ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. പ്രദീപ് കുരുല്‍ക്കറും 'സാറാ ദാസ് ഗുപ്തയും' വാട്‌സാപ്പ് വഴിയും വോയ്സ്, വീഡിയോ കോളുകള്‍ വഴിയും ബന്ധപ്പെട്ടിരുന്നതായി കുറ്റപത്രത്തില്‍ പറയുന്നു. യുകെയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സോഫ്റ്റ്വെയര്‍ എഞ്ചിനീയറാണെന്ന് അവകാശപ്പെട്ടാണ് സാറ പ്രദീപുമായി സൗഹൃദം സ്ഥാപിച്ചത്.
എന്നാല്‍ എടിഎസ് നടത്തിയ അന്വേഷണത്തില്‍ ഇവരുടെ ഐപി അഡ്രല് പാകിസ്ഥാനിലാണ് എന്ന് വ്യക്തമായതായും എടിഎസ് കുറ്റപത്രത്തില്‍ പറയുന്നു. ബ്രഹ്‌മോസ് ലോഞ്ചര്‍, ഡ്രോണ്‍, യുസിവി, അഗ്‌നി മിസൈല്‍ ലോഞ്ചര്‍, മിലിട്ടറി ബ്രിഡ്ജിംഗ് സിസ്റ്റം എന്നിവയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ ലഭിക്കാനാണ് പാകിസ്ഥാന്‍ ഏജന്റ് ശ്രമിച്ചത്. പ്രദീപ് രഹസ്യ വിവരങ്ങളും തന്റെ സ്വകാര്യ ഫോണില്‍ സൂക്ഷിച്ച് അത് സാറയുമായി പങ്കുവെക്കുകയായിരുന്നു.
ഉപരിതലമിസൈലുകള്‍, ഡ്രോണുകള്‍, ബ്രഹ്‌മോസ്, അഗ്‌നി മിസൈല്‍ ലോഞ്ചറുകള്‍, യുസിവി എന്നിവയുള്‍പ്പെടെയുള്ള വിവിധ പദ്ധതികളെക്കുറിച്ച് ഇവര്‍ സംഭാഷണം നടത്തിയിരുന്നു. 2022 ജൂണ്‍ മുതല്‍ 2022 ഡിസംബര്‍ വരെ ഇരുവരും ബന്ധം പുലര്‍ത്തിയിരുന്നു എന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്. ഡിആര്‍ഡിഒ ആഭ്യന്തര അന്വേഷണം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ്, 2023 ഫെബ്രുവരിയില്‍ പ്രദീപ് കുരുല്‍ക്കര്‍ സാറയുടെ നമ്പര്‍ ബ്ലോക്ക് ചെയ്തു.
എന്നാല്‍ താമസിയാതെ മറ്റൊരു അജ്ഞാത ഇന്ത്യന്‍ നമ്പറില്‍ നിന്ന് 'നിങ്ങള്‍ എന്തിനാണ് എന്റെ നമ്പര്‍ ബ്ലോക്ക് ചെയ്തത്' എന്ന് ചോദിച്ച് ഒരു വാട്‌സാപ് സന്ദേശം ലഭിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു. തന്റെ വ്യക്തിപരവും ഔദ്യോഗികവുമായ ഷെഡ്യൂളുകളും ലൊക്കേഷനുകളും പോലും പ്രദീപ് സാറയുമായി പങ്ക് വെച്ചിട്ടുണ്ട് എന്നും കുറ്റപത്രത്തില്‍ പറയുന്നു.












Click it and Unblock the Notifications