മോസ്‌കോയില്‍ ഡ്രോണ്‍ ആക്രമണം;ആകാശത്ത് വട്ടമിട്ട് ഓപ്പറേഷന്‍ സിന്ദൂര്‍ പ്രതിനിധി സംഘം
മോസ്‌കോ: റഷ്യയില്‍ യുക്രൈന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള സര്‍വകക്ഷി പ്രതിനിധി സംഘത്തിന്റെ വിമാനം മോസ്‌കോയില്‍ ഇറങ്ങാന്‍ വൈകി. ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാന്‍ റഷ്യയിലെത്തിയ ഡിഎംകെ നേതാവ് കനിമൊഴിയുടെ നേതൃത്വത്തിലുള്ള സംഘം സഞ്ചരിച്ച് വിമാനമാണ് മണിക്കൂറുകളോളം വൈകിയത്.
ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് മോസ്‌കോ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം വ്യാഴാഴ്ച തടസപ്പെട്ടിരുന്നു. നിരവധി വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. ഇതേ തുടര്‍ന്നാണ് വിമാനം ആകാശത്ത് വട്ടമിട്ട് പറന്നത്. കേന്ദ്ര പ്രതിനിധി സംഘം സഞ്ചരിച്ച വിമാനത്തിന് മോസ്‌കോ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ക്കു ശേഷമാണ് സുരക്ഷിതമായി വിമാനം ഇറക്കാന്‍ സാധിച്ചത്.

അടുത്ത ദിവസങ്ങളിലായി റഷ്യയും യുക്രൈനും തമ്മിലുള്ള പോരാട്ടം രൂക്ഷമായിരിക്കുകയാണ്. ഇരുപക്ഷവും ഡ്രോണാക്രമണങ്ങള്‍ തുടരുകയാണ്. മൂന്ന് വര്‍ഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ശ്രമങ്ങള്‍ തുടരുന്നതിനിടയിലും ഇരുപക്ഷവും വിട്ടുവീഴ്ചയില്ലാതെ പോരാട്ടം തുടരുകയാണ്. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും യുക്രൈന്‍ കടുപ്പിച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് വിമാന സര്‍വീസുകള്‍ തടസപ്പെട്ടത്.
തീവ്രവാദത്തിനെതിരെ ഇന്ത്യയുടെ നിലപാട് ലോകത്തിനു മുന്നില്‍ വ്യക്തമാക്കാനും ഭീകരതയെ പിന്തുണയ്ക്കുന്ന പാകിസ്ഥാന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടാനുമാണ് കനിമൊഴിയുടെ നേതൃത്വത്തിലുള്ള സംഘം റഷ്യയില്‍ എത്തിയത്. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടപ്പാക്കിയ സൈനിക നടപടി ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ചും സംഘം റഷ്യന്‍ സര്‍ക്കാരിന് മുന്നില്‍ വിശദീകരിക്കും. റഷ്യന്‍ പാര്‍ലമെന്റായ ഫെഡറല്‍ അസംബ്ലിയിലെ പ്രതിനിധികളുമായും ഉന്നത ഉദ്യോഗസ്ഥരുമായും സംഘം കൂടിക്കാഴ്ച്ച നടത്തും.
വിമാനത്താവളത്തില്‍ കേന്ദ്ര സംഘത്തെ സ്വീകരിക്കാന്‍ റഷ്യയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. റഷ്യന്‍ സന്ദര്‍ശനത്തിനു ശേഷം സ്‌പെയിന്‍, ഗ്രീസ്,
സ്ലോവേനിയ, ലാത്വിയ തുടങ്ങിയ രാജ്യങ്ങളിലേക്കും കനിമൊഴി നയിക്കുന്ന സംഘം പോകുന്നുണ്ട്. പാര്‍ലമെന്റ് അംഗങ്ങളും മുതിര്‍ന്ന നയതന്ത്രജ്ഞരും ഉള്‍പ്പെടുന്നതാണ് സര്‍വകക്ഷി സംഘം.
എല്ലാ രാജ്യങ്ങളിലെയും സര്‍ക്കാര്‍ പ്രതിനിധികളുമായും ഉന്നത ഉദ്യോഗസ്ഥരുമായും സംഘം കൂടിക്കാഴ്ച നടത്തും. മാധ്യമപ്രവര്‍ത്തകരെയും കാണും. കഴിഞ്ഞ ദിവസം ശിവസേന എംപി ശ്രീകാന്ത് ഷിന്‍ഡെ നയിക്കുന്ന സംഘം യുഎഇയില്‍ എത്തിയിരുന്നു. മൊത്തം ഏഴ് പ്രതിനിധി സംഘങ്ങളാണ് വിവിധ രാജ്യങ്ങളിലേക്കു പോകുന്നത്. ഏഴ് സംഘങ്ങളിലായി 59 പാര്‍ലമെന്റ് അംഗങ്ങളാണ് ഉള്‍പ്പെടുന്നത്.












Click it and Unblock the Notifications