• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വഴിനടക്കാൻ സവർണർക്ക് നേരെ ശബ്ദമുയർത്തി, ഡിവൈഎഫ്ഐ ദളിത് നേതാവിനെ വെട്ടിക്കൊലപ്പെടുത്തി!

തിരുനെല്‍വേലി: തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തി. വഴി നടക്കാനുളള അവകാശത്തിന് വേണ്ടി സവര്‍ണരെ ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം എന്നാണ് ആരോപണം. തിരുനെല്‍വേലി ഡിവൈഎഫ്‌ഐ ജില്ലാ ഖജാന്‍ജിയായ അശോക് ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞ് മടങ്ങി വരുന്ന വഴിയിലാണ് ഒരു സംഘം അശോകിനെ വെട്ടിക്കൊലപ്പെടുത്തിയത്.

കൊലപ്പെടുത്തിയ ശേഷം അശോകിന്റെ മൃതദേഹം കൊലയാളികള്‍ റെയില്‍വേ ട്രാക്കിന് സമീപത്ത് ഉപേക്ഷിച്ചു. സവര്‍ണ സമുദായക്കാരായ മരവാര്‍ വിഭാഗം താമസിക്കുന്ന പ്രദേശത്തിന് സമീപത്തുളള വഴിയിലൂടെയാണ് ദളിതര്‍ യാത്ര ചെയ്യുന്നത്. ഇതിന്റെ പേരില്‍ സവര്‍ണര്‍ ഇവരെ മര്‍ദിക്കാറുണ്ട്. ഇത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് നിഗമനം.

അശോകിന്റെ കൊലയാളികളെ പിടികൂടണം എന്നാവശ്യപ്പെട്ട് ബന്ധുക്കളും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തിരുനെല്‍വേലി- മധുരൈ ദേശീയ പാത ഉപരോധിച്ചു. അശോകിനെ കുറിച്ച് ധനകാര്യ മന്ത്രി തോമസ് ഐസക് ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വായിക്കാം:

'' ഡിവൈഎഫ്ഐയുടെ തിരുനെൽവേലി ജില്ലാ ട്രഷറർ സഖാവ് അശോകിൻ്റെ കൊലപാതകം, രാജ്യത്തിൻ്റെ പലഭാഗത്തും നിലനിൽക്കുന്ന ജാതിവെറിയുടെ രൂക്ഷത വ്യക്തമാക്കുന്നു. DYFIയുടെ നേതാവ് എന്ന നിലയിൽ അയിത്ത നിർമാർജന മുന്നണിയുടെ സമരങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന സഖാവ് അശോക് ജാതിവെറിയന്മാരുടെ നോട്ടപ്പുള്ളിയായിരുന്നു. പൊതുവഴി ഉപയോഗിക്കാനും പൊതുകിണറുകളിൽ നിന്ന് വെള്ളമെടുക്കാനും പൊതുമണ്ഡലങ്ങളിൽ അന്തസോടെ നിലയുറപ്പിക്കാനും ജാതിയിൽ താഴ്ന്നതെന്ന് മുദ്രയടിക്കപ്പെട്ട മനുഷ്യർക്ക് സ്വതന്ത്ര ഇന്ത്യയിൽ പലേടത്തും ഇപ്പോഴും സാധ്യമല്ല എന്നത് രാജ്യത്തിൻ്റെ കണ്ണു തുറപ്പിക്കേണ്ട യാഥാർത്ഥ്യമാണ്.

പൊതുവഴി ഉപയോഗിച്ചതിന് കഴിഞ്ഞ ദിവസം സ.അശോകിൻ്റെ അമ്മയെ സവർണജാതിഭ്രാന്തു പിടിച്ചവർ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചതും സവർണതയെ ചോദ്യം ചെയ്തതുമാണ് അശോകിനെ കൊലപ്പെടുത്താനുള്ള പ്രകോപനം.

തമിഴ്നാട്ടിലെ ജാതിവിവേചനത്തിനെതിരെ സിപിഐഎമ്മും ഡിവൈഎഫ്ഐയും നിരന്തരമായ പോരാട്ടത്തിലാണ്. സിപിഐഎമ്മും അയിത്ത നിർമ്മാർജന മുന്നണിയും മുന്നിൽ നിന്നു നയിച്ച പ്രക്ഷോഭങ്ങളെത്തുടർന്നാണ് ഉത്തപുരത്തെ ജാതിമതിലും തിരുപ്പൂരിൽ ദളിതർ ഉപയോഗിച്ചിരുന്ന വഴി തടസ്സപ്പെടുത്തി നിർമിച്ച കമ്പിവേലിയുമൊക്കെ തകർന്നു വീണത്. അയിത്ത നിർമ്മാർജനത്തിനുവേണ്ടി സിപിഐഎം തമിഴ്നാട്ടിൽ നടത്തുന്ന പോരാട്ടങ്ങളെ ഇത്തരം കൊലപാതകങ്ങളിലൂടെ തകർക്കാൻ കഴിയുമെന്നാണ് ജാതിക്കോമരങ്ങളുടെ ധാരണ.

മനുഷ്യാന്തസ് ഉയർത്തിപ്പിടിക്കാനുള്ള പോരാട്ടത്തിൽ സിപിഐഎം ഒരിഞ്ചു പുറകോട്ടു പോകില്ല. ആ സമരഭൂമിയിൽ ധീരരക്തസാക്ഷിത്വം വരിച്ച സഖാവ് അശോകിന് വിപ്ലവാഭിവാദ്യങ്ങൾ''.

English summary
DYFI leader from Dalit community murdered in Thirunelveli, Tamil Nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X