'രാജ്യത്തെ ജിഡിപി വളർച്ച 6.3 മുതൽ 6.8 ശതമാനം വരെ, പണപ്പെരുപ്പം നിയന്ത്രണത്തിൽ തുടരുന്നു'; സാമ്പത്തിക സർവേ
ന്യൂഡൽഹി: 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 6.3 ശതമാനം മുതൽ 6.8 ശതമാനം വരെ വികസിക്കുമെന്ന് പ്രവചിച്ച് സാമ്പത്തിക സർവേ. ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവേ 2024-25ലെ പ്രവണതകൾ പ്രകാരമാണ് വരുന്ന സാമ്പത്തിക വർഷത്തിലെ സാഹചര്യം പ്രവചിക്കുന്നത്. കേന്ദ്ര ബജറ്റ് നാളെ അവതരിപ്പിക്കാനിരിക്കെയാണ് സാമ്പത്തിക സർവേ ഇന്ന് പുറത്തുവിട്ടത്.
ശക്തമായ ആഭ്യന്തര സാമ്പത്തിക അടിസ്ഥാനങ്ങൾ, കുറയുന്ന തൊഴിലില്ലായ്‌മ നിരക്ക്, സ്ഥിരമായ പണപ്പെരുപ്പം, വളർച്ചയുടെ ആക്കം നിലനിർത്താൻ കൂടുതൽ പരിഷ്‌കാരങ്ങളുടെ ആവശ്യകത എന്നിവ എടുത്തുപറയുന്നുണ്ട്. ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും ഇന്ത്യയുടെ ആഭ്യന്തര സമ്പദ്‌വ്യവസ്ഥ സുസ്ഥിരമായി തുടരുന്നുവെന്നാണ് സർവേ വ്യക്തമാക്കുന്നത്.

'ആഭ്യന്തര സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനകാര്യങ്ങൾ ശക്തമായി തന്നെ നിലകൊള്ളുന്നു, കരുത്തുറ്റ ഒരു ബാഹ്യ പിന്തുണ, കൃത്യമായ ധനപരമായ ഏകീകരണം, സ്ഥിരമായ സ്വകാര്യ ഉപഭോഗം എന്നിവയാണ് കാരണം. ഈ പരിഗണനകളുടെ സന്തുലിതാവസ്ഥയിൽ അടുത്ത സാമ്പത്തിക വർഷത്തിലെ വളർച്ച 6.3 ശതമാനത്തിനും 6.8 ശതമാനത്തിനും ഇടയിലായിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.' സാമ്പത്തിക സർവേയിൽ പറയുന്നു.
ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും ഇന്ത്യയുടെ ആഭ്യന്തര സമ്പദ്‌വ്യവസ്ഥ സുസ്ഥിരമായി തുടരുന്നുവെന്നാണ് സർവേ വ്യക്തമാക്കുന്നത്. സേവന മേഖലയിലെ ശക്തമായ വളർച്ച, കാർഷിക മേഖലയിലെ തിരിച്ചുവരവ്, വർധിച്ചുവരുന്ന സ്വകാര്യ ഉപഭോഗത്തിന്റെയും പശ്ചാത്തലത്തിൽ വ്യവസായ മേഖലയുടെ ആക്കം കൂടുമെന്ന് പ്രതീക്ഷിക്കുന്നതായും ഇത് ചൂണ്ടിക്കാണിക്കുന്നു.
6.3 ശതമാനം മുതൽ 6.8 ശതമാനം വരെയുള്ള ജിഡിപി നിരക്ക് 2020-21ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കായിരിക്കും. കോവിഡ് വ്യാപനം മൂലം പൊറുതിമുട്ടിയ ആ വർഷം ഇന്ത്യ 5.8 ശതമാനം നെഗറ്റീവ് വളർച്ച രേഖപ്പെടുത്തിയിരുന്നു. 2021-22 വർഷം ജിഡിപി നിരക്ക് 9.7 ശതമാനവും 2022-23 ൽ 7 ശതമാനവും കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 8.2 ശതമാനവുമായിരുന്നു.
നിർമ്മാണ പ്രവർത്തനങ്ങളിലും വൈദ്യുതി, ഗ്യാസ്, ജലവിതരണം, മറ്റ് യൂട്ടിലിറ്റി സേവനങ്ങൾ എന്നിവയിലെ ശക്തമായ വളർച്ചാ നിരക്കും വ്യാവസായിക വികാസത്തെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. സാമ്പത്തിക, റിയൽ എസ്‌റ്റേറ്റ്, പ്രൊഫഷണൽ സേവനങ്ങൾ, പബ്ലിക് അഡ്‌മിനിസ്ട്രേഷൻ, പ്രതിരോധം, മറ്റ് സേവനങ്ങൾ എന്നിവയുടെ പ്രവർത്തനത്താൽ നയിക്കപ്പെടുന്ന സേവന മേഖലയിലെ വളർച്ച 7.2 ശതമാനത്തിൽ തന്നെ ശക്തമായി തുടരുമെന്നും സർവേ പറയുന്നു.
നിലവിലെ ഭൗമരാഷ്ട്രീയ അപകടസാധ്യതകൾ ഉയർന്ന നിലയിലാണെന്ന് സർവേ എടുത്തുകാണിക്കുന്നു. ഈ സാഹചര്യത്തിൽ, ആഭ്യന്തര വളർച്ചയുടെ സാധ്യതകൾ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം സർവേ എടുത്തുപറയുന്നുണ്ട്. ഈ ആഗോള അപകടസാധ്യതകൾ വളർച്ച, പണപ്പെരുപ്പം, സാമ്പത്തിക വിപണി, വിതരണ ശൃംഖല എന്നിവയെ സ്വാധീനിക്കുമെന്നാണ് സർവേ പറയുന്നത്, എങ്കിലും നിലവിൽ രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രണവിധേയമാണ്.
ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും യുഎസ് തിരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വവും കാരണമുണ്ടായ ശക്തമായ യുഎസ് ഡോളർ 2024ലെ രൂപയുടെ മൂല്യത്തകർച്ചയ്ക്ക് പ്രധാന കാരണമായി സർവേ വിലയിരുത്തുന്നു. കാർഷിക മേഖല ശക്തമായി തുടരുന്നുവെന്നും വ്യവസായ മേഖലയും കോവിഡിന് മുൻപുള്ള നിലയിലേക്ക് മാറുന്നുവെന്നും സർവേ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications