പൂജ സിംഗാളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇഡി റെയ്ഡ്; 18 കോടി രൂപ കണ്ടെടുത്തു
ഡൽഹി; ജാർഖണ്ഡിലെ സീനിയർ ഐഎഎസ് ഓഫീസർ പൂജ സിംഗാളിന്റേയും അവരുമായി അടുത്ത ബന്ധമുള്ളവരുടേയും വീടുകളും ഓഫീസുകളിലും എൻഫോഴ്‌സ്‌മെന്റ് റെയ്ഡ്. നാല് സംസ്ഥാനങ്ങളിലെ 18 സ്ഥലങ്ങളിലാണ് വെള്ളിയാഴ്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത്. സിംഗാളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന റാഞ്ചി ആസ്ഥാനമായുള്ള ചാർട്ടേഡ് അക്കൗണ്ടന്റിന്റെ വീട്ടിൽ നിന്ന് 18 കോടി രൂപയും ഏജൻസി കണ്ടെടുത്തതായി വൃത്തങ്ങൾ അറിയിച്ചു.
ജാർഖണ്ഡ്, ബീഹാർ, പശ്ചിമ ബംഗാൾ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. പണത്തിന് പുറമെ നിരവധി രേഖകളും കണ്ടെടുത്തതായി ഇഡി അറിയിച്ചു. റാഞ്ചിയിലെ ഒരു മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലും റെയ്ഡിൽ ഉൾപ്പെടുന്നുവെന്ന് ഇഡി വൃത്തങ്ങൾ പറഞ്ഞു. പൂജ സിംഗാളിന്റെ അടുത്ത ബന്ധുവിന്റെതാണ് ഈ ആശുപത്രി. അഞ്ച് വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ജാർഖണ്ഡ് സ്റ്റേറ്റ് മിനറൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെ (ജെഎസ്എംഡിസി) ചെയർമാനുമാണ് പൂജ സിംഗാൾ. ഡെപ്യൂട്ടി കമ്മീഷണറായിരിക്കെ 83 ഏക്കർഭൂമി അനധികൃത ഖനനത്തിനായി സ്വകാര്യ കമ്പനിയ്‌ക്ക് കൈമാറിയെന്നാണ് പൂജ സിംഗാളിനെതിരായ കേസ്.
2000 ബാച്ച് ജാർഖണ്ഡ് കേഡർ ഐഎഎസ് ഓഫീസറായ സിംഗാൾ. മുൻ ബിജെപി സർക്കാരിലെ കൃഷി സെക്രട്ടറി മുതൽ നിലവിലെ ജെഎംഎം നേതൃത്വത്തിലുള്ള സർക്കാരിൽ ടൂറിസം, വ്യവസായ സെക്രട്ടറി വരെ നിരവധി ഉന്നത സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. അതേ സമയം ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ തനിക്ക് അനുകൂലമായി ഖനന പാട്ടത്തിനും ഭാര്യക്ക് ഭൂമിയും അനുവദിച്ചതിന് അഴിമതി ആരോപണം നേരിടുന്ന സമയത്താണ് ഈ റെയ്ഡുകൾ. ഖനന പാട്ടവുമായി ബന്ധപ്പെട്ട് ഹേമന്ത് സോറന്റെ സഹോദരനും ദുംക എംഎൽഎയുമായ ബസന്ത് സോറന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. ആരോപണത്തിൽ നിലപാട് ആരാഞ്ഞ് കമ്മീഷൻ മുഖ്യമന്ത്രിക്ക് നേരത്തെ നോട്ടീസ് അയച്ചിരുന്നു.
'ആറന്മുളയിലെ അതേ അച്ചിൽ വാർത്തെടുത്ത യുഡിഎഫ് തന്ത്രങ്ങൾ';കോൺഗ്രസിനെതിരെ പിവി അൻവർ
എന്നാൽ റെയ്ഡുകളെ "ശൂന്യമായ ഭീഷണികൾ" എന്ന് പറഞ്ഞ് മുഖ്യമന്ത്രി സോറൻ തള്ളിക്കളഞ്ഞു. "രാഷ്ട്രീയ യുദ്ധക്കളത്തിൽ ബിജെപിക്ക് നിങ്ങളെ നേരിടാൻ കഴിയാതെ വരുമ്പോൾ, അവർ അവരുടെ യന്ത്രങ്ങൾ ഉപയോഗിക്കുന്നു," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2008-നും 2011-നും ഇടയിൽ 18.06 കോടി രൂപയുടെ പൊതുപണം തിരിമറി നടത്തിയെന്നാരോപിച്ച് ജൂനിയർ എൻജിനീയർ രാം ബിനോദ് പ്രസാദ് സിൻഹയ്‌ക്കെതിരെ അഴിമതി വിരുദ്ധ ബ്യൂറോ 2017-ൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് ഈ കേസ്. തുടർന്ന് സിൻഹയുടെ ഉടമസ്ഥതയിലുള്ള 4.8 കോടിയിലധികം മൂല്യമുള്ള സ്വത്തുക്കൾ കണ്ടുകെട്ടുകയും 2020 ൽ അദ്ദേഹത്തിനെതിരെ രണ്ട് പ്രോസിക്യൂഷൻ കുറ്റപത്രങ്ങൾ സമർപ്പിക്കുകയും ചെയ്തു.