Explained; എന്താണ് നിയന്ത്രണ രേഖ, എപ്പോഴാണ് നിലവിൽ വന്നത്
പഹൽഗാം ആക്രമണത്തിൽ ഇന്ത്യ കൈകൊണ്ട നടപടികൾക്ക് പിന്നാലെ പ്രകോപനം തീർത്തുകൊണ്ട് നിയന്ത്രണ രേഖയിൽ ഇന്ന് പാക്കിസ്ഥാൻ വെടിവെപ്പ് നടത്തി. ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെയായിരുന്നു വെടിവെപ്പ്. പാക് പ്രകോപനത്തിന് ഉടൻ തന്നെ തിരിച്ചടി നൽകിയതായി ഇന്ത്യൻ സൈന്യം വ്യക്തമാക്കിയിരുന്നു. വെടിവെപ്പിൽ ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഷിംല കരാർ മരവിപ്പിക്കുമെന്ന പാക് ദേശീയ സുരക്ഷ യോഗത്തിലെ തീരുമാനത്തിന് ശേഷമാണ് ഇന്ന് നിയന്ത്രണ രേഖയിലുണ്ടായ പാക് പ്രകോപനം. ഷിംല കരാർ അടക്കം ഇന്ത്യയുമായുള്ള എല്ലാ ഉഭയകക്ഷി കരാറുകളും റദ്ദാക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ യോഗത്തിലെ പ്രധാന തീരുമാനം. ഈ സാഹചര്യത്തിൽ എന്താണ് യഥാർത്ഥത്തിൽ നിയന്ത്രണ രേഖ, എപ്പോഴാണ് ഇത് നിലനിൽ വന്നത്? ഷിംലകരാറിൽ നിയന്ത്രണ രേഖയെ കുറിച്ച് എന്താണ് പറയുന്നത് തുടങ്ങിയ കാര്യങ്ങൾ വിശദമായി പരിശോധിക്കാം

എന്താണ് നിയന്ത്രണ രേഖ
ജമ്മു കശ്മീർ, ലഡാക്ക് മേഖലകളിലെ ഇന്ത്യൻ, പാകിസ്ഥാൻ സൈന്യങ്ങളെ വേർതിരിക്കുന്ന അനൗദ്യോഗിക അതിർത്തിയാണ് യഥാർത്ഥത്തിൽ നിയന്ത്രണ രേഖ (LoC). 1972 ലെ ഷിംല കരാറിന് ശേഷമാണ് നിയന്ത്രണ രേഖ നിലവിൽ വന്നത്. ഇരുരാജ്യങ്ങളും ഈ അതിർത്തി അംഗീകരിക്കുന്നുണ്ടെങ്കിലും ഇതൊരിക്കലും നിയമപരമായ അതിർത്തിയല്ല. നിയന്ത്രണ രേഖയുടെ ഒരു ഭാഗം പാക്കിസ്ഥാനും (പാക് ഔക്യുപൈഡ് കാശ്മീർ) ഇന്ത്യ മറ്റൊരു ഭാഗവും (ജമ്മു കാശ്മീർ , ലഡാക്) കൈയ്യാളുന്നു.
1947-48 കാലത്തെ ഇന്ത്യ പാക്കിസ്ഥാൻ യുദ്ധത്തിന് ശേഷമാണ് നിയന്ത്രണ രേഖ യഥാർത്ഥത്തിൽ നിലവിൽ വന്നത്. യുദ്ധത്തിന് പിന്നാലെ 1949 ൽ യുഎൻ ഇടപെട്ടാണ് വെടിനിർത്തൽ കരാർ പ്രഖ്യാപിക്കുന്നത്. ഇതോടെ ഇരു രാജ്യങ്ങളിലേയും സൈന്യങ്ങൾ കറാച്ചി ഉടമ്പടി ഒപ്പുവെച്ചു. ജമ്മുകാശ്മിൽ
ഇന്ത്യയക്കും പാക്കിസ്ഥാനും ഇടയിലുള്ള അനൗദ്യഗിക അതിർത്തി സ്ഥലങ്ങൾ അടയാളപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു കരാർ. 1949 ജനുവരി 1 ലെ സാഹചര്യത്തെ അടിസ്ഥാനമാക്കി വെടിനിർത്തൽ രേഖ നിശ്ചയിക്കാമെന്നും തീരുമാനിച്ചു.
ജമ്മുവിലെ മനാവറിൽ നിന്ന് അഖ്‌നൂറിനടുത്ത് ആരംഭിച്ച് വടക്കോട്ട് കശ്മീരിലെ കുപ്‌വാര ജില്ലയിലെ കേരനിലും തുടർന്ന് കിഴക്കോട്ട് ലഡാക്കിലെ ഹിമ പ്രദേശത്ത് വരെ നീളുന്നു. രേഖയിൽ അടയാളപ്പെടുത്തിയ അവാസ പോയിന്റ് NJ9842 ആണ്. അതിനപ്പുറത്തുള്ള പ്രദേശം എത്തിപ്പെടാൻ തന്നെ പ്രയാസകരമാണ്.
എന്നാൽ ഇതിന് ശേഷവും ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കങ്ങൾക്ക് തുടർന്നുകൊണ്ടേയിരുന്നു. 1965 ൽ വെടിനിർത്തൽ രേഖ ( സി എഫ് എൽ -സീസ്ഫയർ ലൈൻ) പാക്കിസ്ഥാൻ ലംഘിച്ചു. പിന്നീട് താഷ്കന്റ് കരാറിലൂടെയാണ് വെടിനിർത്തൽ സാധ്യമായത്.
ആറ് വർഷം കഴിഞ്ഞ് 1971 ൽ കിഴക്കൻ മേഖലയിലെ ബംഗാളി ജനതയ്‌ക്കെതിരായ പാക് നടപടികൾ വീണ്ടും രണ്ടാഴ്ച നീണ്ട നിന്ന യുദ്ധത്തിലേക്ക് നയിച്ചു. ഇന്ത്യയുടെ ഇടപെടൽ പാകിസ്ഥാന്റെ കിഴക്കൻ ഭാഗത്തെ സ്വന്തമാക്കി, അങ്ങനെ പാക്കിസ്ഥാൻ വിഭജിക്കപ്പെട്ട് ബംഗ്ലാദേശ് രൂപം കൊണ്ടു. ഇതിന് ശേഷം 1971 ഡിസംബർ 17 ന് ഇന്ത്യ വെടിനിർത്തൽ പ്രഖ്യാപിച്ചു. തുടർന്ന് ഏഴ് മാസങ്ങൾക്ക് ശേഷം 1972 ജൂലൈ 2 ന് ഹിമാചൽ പ്രദേശിലെ ഷിംലയിൽ സിംല കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയും പാകിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന സുൽഫിക്കർ അലി ഭൂട്ടോയുമാണ് ഒപ്പുവെച്ചത്. ഇരുരാജ്യങ്ങൾക്കുമിടയിലെ ശത്രുത അവസാനിപ്പിക്കാനും സമാധാനപരമായ ബന്ധം സ്ഥാപിക്കാനും ലക്ഷ്യമിട്ടായിരുന്നു കരാർ. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നിയന്ത്രണ രേഖയുമായി (എൽഒസി) ബന്ധപ്പെട്ട സുപ്രധാന വ്യവസ്ഥയും കരാറിൽ പ്രതപാദിക്കുന്നുണ്ട്. അത് ഇപ്രകാരമായിരുന്നു
ഇന്ത്യ-പാക്കിസ്ഥാൻ സൈന്യങ്ങൾ അന്താരാഷ്ട്ര അതിർത്തികളിൽ നിന്നും സ്വന്തം അതിർത്തികളിലേക്ക് പിൻവാങ്ങും
നിയന്ത്രണ രേഖ ഇരു രാജ്യങ്ങളും ബഹുമാനിക്കണം. സ്വന്തം നിലയ്ക്കനുസരിച്ച് അതിർത്തികൾ മാറ്റാൻ ഇരു രാജ്യങ്ങളും ശ്രമിക്കരുത്. നിയന്ത്രണ രേഖയിൽ പരസ്പരം ഭീഷണിപ്പെടുത്താനോ ബലപ്രയോഗം നടത്താനോ പാടില്ല.
കരാർ പ്രാബല്യത്തിൽ വന്നാലുടൻ സൈന്യം പിൻവലിയുകയും 30 ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തീകരിക്കുകയും വേണം.
1971 ലെ കരാറിന്റെ അടിസ്ഥാനത്തിലാണ് നിലവിലുള്ള നിയന്ത്രണ രേഖ. അതേസമയം ഷിംല കരാർ ലംഘിക്കുമെന്ന പാക് വെല്ലുവിളിയുടെ പശ്ചാത്തലത്തിൽ നിയന്ത്രണ രേഖയിൽ ഇന്ത്യയും തയ്യാറെടുപ്പുകൾ ശക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications