അസമിലും മേഘാലയയിലും വെള്ളപ്പൊക്കത്തിൽ വ്യാപക നാശനഷ്ടം; 31 മരണം റിപ്പോർട്ട് ചെയ്തു
ഗുവാഹത്തി: കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന മഴയെ തുടർന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസമിലും മേഘാലയയിലും വെള്ളപ്പൊക്കം രൂക്ഷമായി. ദുരന്തത്തിൽ പ്രധാന നദികളിലെല്ലാം തന്നെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. പല സ്ഥലങ്ങളിലും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദുരന്തത്തിൽ 31 പേർക്ക് ജീവൻ നഷ്ടമായതായി ആണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തുടർച്ചയായി രണ്ടാം മാസമാണ് അസമിൽ മഴദുരന്തം റിപ്പോർട്ട് ചെയ്യുന്നത്.
അസമിലെ 28 ജില്ലകളിലായി കുറഞ്ഞത് 19 ലക്ഷം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. പുതുതായി രൂപീകരിച്ച ബജാലി ജില്ലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. ബ്രഹ്മപുത്ര, ഗൗരംഗ നദികളിലെ ജലനിരപ്പ് പലയിടത്തും അപകടനിലയിൽ കവിഞ്ഞൊഴുകുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ അസമിൽ 12 പേരുടെ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മേഘാലയയിൽ ആകട്ടെ മരിച്ചവരുടെ എണ്ണം 19 ആണ് എന്ന് സംസ്ഥാന ഭരണകൂടം റിപ്പോർട്ട് ചെയ്യുന്നു. പ്രളയ ബാധിത ജില്ലകളിൽ എല്ലാം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അടിയന്തര ആവിശ്യങ്ങൾക്ക് അല്ലാതെ ആളുകൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് അഭ്യർത്ഥിച്ചു.

അസമിലെ പ്രധാന ന ഗരമായ ഗുവാഹത്തിയുടെ മിക്ക ഭാഗങ്ങളും വെള്ളക്കെട്ട് മൂലം സ്തംഭിച്ചിരിക്കുകയാണ്. നഗരത്തിൽ തന്നെ പലയിടത്തും മണ്ണിടിച്ചിലുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, നൂൻമതി മേഖലയിലെ അജന്തനഗറിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പല മേഖലയിലും പാലങ്ങളും റോഡുകളും തകർന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലോവർ ആസാമിലെ റംഗിയ ഡിവിഷനിലെ നൽബാറിക്കും ഗോഗ്രാപറിനും ഇടയിലുള്ള ട്രാക്കുകളിൽ വെള്ളം കയറിയതിനെ തുടർന്ന് കുറഞ്ഞത് ആറോളം ട്രെയിനുകൾ റദ്ദാക്കി. അതേ സമയം സംസ്ഥാനത്തെ പ്രളയബാധിതർക്കായി ബോളിവുഡ് നടൻ അർജുൻ കപൂറും സംവിധായകൻ രോഹിത് ഷെട്ടിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ സംഭാവന ചെയ്തു.
എസ്തര്‍... കൂള്‍ ലുക്കിലാണല്ലോ, ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
താരങ്ങൾക്ക് നന്ദി അറിയിക്കുന്നതായി മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മ ട്വീറ്റ് ചെയ്തു. മേഘാലയയിൽ, സംസ്ഥാനത്തിന്റെ നാല് മേഖലകൾ പരിശോധിക്കാൻ സംസ്ഥാന സർക്കാർ നാല് കമ്മിറ്റികൾ രൂപീകരിച്ചു. കാബിനറ്റ് മന്ത്രിയുടെ നേതൃത്വത്തിലാണ് ഓരോ കമ്മിറ്റിയും പ്രവർത്തിക്കുക. അസമിലും മേഘാലയയിലും ബുധനാഴ്ച വരെ സാധാരണയേക്കാൾ 272 മില്ലിമീറ്റർ അധിക മഴ ലഭിച്ചിട്ടുണ്ട്. ഈ വാരാന്ത്യം വരെ രണ്ട് സംസ്ഥാനങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിക്കുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ മാസവും അസമിൽ പ്രളയം റിപ്പോർട്ട് ചെയ്തിരുന്നു. എട്ട് ലക്ഷത്തോളം ആളുകളെ ആയിരുന്നു ഈ പ്രളയം ബാധിച്ചത്. നിരവധി മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.












Click it and Unblock the Notifications