
ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ പ്രതിഷേധിച്ച് തമിഴ്നാട്ടിൽ കർഷക നേതാവ് തീകൊളുത്തി മരിച്ചു
ചെന്നൈ: പാഠ്യപദ്ധതിയിൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രനീക്കത്തിൽ പ്രതിഷേധിച്ച് തമിഴ്‌നാട്ടിൽ കർഷകൻ തീകൊളുത്തി മരിച്ചു. സേലം സ്വദേശി എൺപത്തഞ്ചുകാരനായ തങ്കവേലാണ് സ്വയം തീകൊളുത്തിയത്. തലൈയൂരിലെ ഡി.എം.കെ. പാർട്ടി ഓഫീസിനു മുന്നിൽ വെച്ചായിരുന്നു തീകൊളുത്തിയത്.
ഡി.എം.കെ.യുടെ മുൻ കർഷക സംഘടനാ നേതാവായിരുന്നു തങ്കവേൽ.
ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയും 11 മണിയോടെ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയുമായിരുന്നു. ഡിഎംകെയുടെ സജീവ പ്രവർത്തകനായ തങ്കവേൽ ഹിന്ദിയെ വിദ്യാഭ്യാസ മാധ്യമമായി കൊണ്ടുവരാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം കാരണം വിഷമത്തിലായിരുന്നു..
ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെടും; നേരില്‍ കാണും; യുവതിയുടെ വലയില്‍പ്പെട്ടത് 20ലേറെ യുവാക്കള്‍
തീകൊളുത്തുന്നതിനു മുൻപായി തങ്കവേൽ ഹിന്ദി ഭാഷയ്‌ക്കെതിരേ ബാനർ എഴുതിയിരുന്നു. ഹിന്ദി ഇഷ്ടമല്ലെന്നും അതൊരു കോമാളി ഭാഷയാണെന്നും ബാനറിൽ അദ്ദേഹം കുറിച്ചു. ' മോദി-കേന്ദ്ര സർക്കാരുകളേ, ഞങ്ങൾക്ക് ഹിന്ദി ആവശ്യമില്ല. ഞങ്ങളുടെ മാതൃഭാഷ തമിഴാണ്. ഹിന്ദി ഒരു കോമാളി ഭാഷയാണ്. ഹിന്ദി അടിച്ചേൽപ്പിക്കുന്നത് വിദ്യാർഥി ജീവിതത്തെ ബാധിക്കും. ഹിന്ദിയെ അകറ്റൂ, ഹിന്ദിയെ അകറ്റൂ, ഹിന്ദിയെ അകറ്റൂ', അദ്ദേഹം ബാനറിൽ കുറിച്ചു.
അതേസമയം ,തമിഴ്‌നാട് ഭരണകക്ഷിയായ ഡിഎംകെ യുവജന വിഭാഗം സെക്രട്ടറിയും മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിൻ സംസ്ഥാനത്തിന് മേൽ ഹിന്ദി അടിച്ചേൽപ്പിച്ചാൽ ദേശീയ തലസ്ഥാനത്ത് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രത്തിനെതിരെ പാർട്ടി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ജനങ്ങളുടെ വികാരം കേന്ദ്രസർക്കാർ അവഗണിച്ചാൽ മിണ്ടാതെയിരിക്കില്ലെന്നും പ്രതിഷേധിക്കുമെന്നും പറഞ്ഞിരുന്നു. പാർട്ടി വൻ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തിൽ നിന്നു കേന്ദ്രം പിൻമാറിയില്ലെങ്കിൽ 'ഹിന്ദി തെരിയാത്, പോടാ' പ്രചാരണവുമായി ഡൽഹിയിലെത്തുമെന്ന് ഡിഎംകെ മുന്നറിയിപ്പ് നൽകിയിരുന്നു. ഹിന്ദി പ്രചാരണം, നീറ്റ് പൊതുപ്രവേശന പരീക്ഷ, കേന്ദ്രസർക്കാരിന്റെ മറ്റ് നയങ്ങൾ എന്നിവയ്ക്കെതിരെ ഉദയനിധി സ്റ്റാലിൻ എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തിനു പിന്നാലെയാണു തീരുമാനം പ്രഖ്യാപിച്ചത്.