കർഷക പ്രക്ഷോഭം കൂടുതൽ ശക്തിപ്രാപിക്കും; അര ലക്ഷം കർഷകർ ഡൽഹിയിലേക്ക്
അരലക്ഷത്തോളം കർഷകർ ഡൽഹിയിലേക്ക് കടക്കുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നത്
ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങളിലും കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നയങ്ങൾക്കെതിരെയും ഡൽഹിയിൽ കർഷകർ നടത്തുന്ന സമരം കൂടുതൽ ശക്തിപ്രാപിക്കും. വിളവെടുപ്പ് കാലം കഴിഞ്ഞതോടെ കൂടുതൽ കർഷകർ വീണ്ടും ഡൽഹിയിലേക്ക് എത്തുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഡൽഹിയിൽ കോവിഡ് വ്യാപന തോത് കുറയുകയും ലോക്ക്ഡൗൺ പിൻവലിക്കുകയും ചെയ്തതോടെ കർഷകർ എളുപ്പത്തിൽ ഡൽഹിയിലേക്ക് നീങ്ങാം.

അരലക്ഷത്തോളം കർഷകർ ഡൽഹിയിലേക്ക് കടക്കുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നത്. ആയിരത്തോളം കർഷകർ ഇപ്പോഴും ഡൽഹി അതിർത്തികളിൽ തുടരുകയാണ്. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തലസ്ഥാനത്തിന്റെ അതിർത്തികളിൽ ഡൽഹി പൊലീസ് സുരക്ഷ വർധിപ്പിച്ചു. ഹരിയാന, ഉത്തർപ്രദേശ് അതിർത്തികളിലെ മുഴുവൻ പാതകളിലും ഡൽഹി പൊലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
എന്നാൽ നിലവിൽ ഡൽഹിയിലേക്ക് മാർച്ച് പ്രഖ്യാപിച്ചിട്ടില്ലെന്ന് കർഷക സംഘടനകൾ അറിയിച്ചു. ഇപ്പോൾ സിംഘു, ടിക്‌രി, ഗാസിയാബാദ് എന്നിവിടങ്ങളിൽ സമരം തുടരുകയാണെന്നും മറ്റ് സമരങ്ങൾ പിന്നീട് അറിയിക്കുമെന്നും കർഷകർ അറിയിച്ചു. അതേസമയം ഹരിയാനയിലെ പാനി ടോൾ പ്ലാസയിൽനിന്നും സിംഘുവിലേക്ക് കർഷകർ മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ടെന്നും അവരുടെ ബാനറുകളിൽ ഡൽഹിയിലേക്കുള്ള മാർച്ചാണെന്ന് വ്യക്തമാക്കുന്നുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.
ഹരിയാനയിൽ ബിജെപി എംഎൽഎമാർക്കും എംപിമാർക്കും എതിരെയുള്ള പ്രതിഷേധം തുടരുകയാണ്. ഉപരോധം കനത്തതോടെ പുറത്തുപോലും ഇറങ്ങാൻ സാധിക്കാത്ത അവസ്ഥയിലാണ് ജനപ്രതിനിധികൾ. ഇതേത്തുടർന്ന് നേതാക്കൾ വ്യക്തപരമായി പങ്കെടുക്കുന്ന കല്യാണം, മരണം തുടങ്ങിയ ചടങ്ങുകളിലും പ്രതിഷേധിക്കണ്ടതില്ലെന്ന് കർഷക സംഘടനകൾ പ്രവർത്തകരോട് ആവശ്യപ്പെട്ടു.












Click it and Unblock the Notifications