ഖത്തര്‍ ലോകകപ്പ് ബഹിഷ്‌കരിക്കണം'; ടിവിയില്‍ പോലും കാണരുതെന്ന് ബിജെപി, കാരണമിത്
പാട്‌ന: ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് ബി ജെ പി. ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ ഫിഫ ലോകകപ്പിലേക്ക് ഖത്തര്‍ ക്ഷണിച്ചതിനെ തുടര്‍ന്നാണ് ബി ജെ പിയുടെ പ്രതികരണം. ബി ജെ പി വക്താവ് സാവിയോ റോഡ്രിഗസ് കേന്ദ്രസര്‍ക്കാരിനോടും ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷനുകളോടും ഖത്തറിലേക്ക് പോകുന്ന ഇന്ത്യക്കാരോടും ലോകകപ്പ് ബഹിഷ്‌കരിക്കണം എന്ന് അഭ്യര്‍ത്ഥിച്ചു.
ലോകം തീവ്രവാദത്തിനെതിരെ പോരാടുന്ന സമയത്ത് സാക്കിര്‍ നായിക്കിന് ഒരു വേദി നല്‍കുന്നത് വിദ്വേഷം പ്രചരിപ്പിക്കാന്‍ ഒരു ഭീകരവാദിയെ നല്‍കുന്നത് പോലെ ആണ് എന്ന് സാവിയോ റോഡ്രിഗസ് പ്രസ്താവനയില്‍ പറഞ്ഞു. ഫിഫ ലോകകപ്പ് ഒരു ആഗോള സംഭവമാണ്. ലോകമെമ്പാടുമുള്ള ആളുകള്‍ ഈ കായിക വിനോദത്തിന് സാക്ഷ്യം വഹിക്കാന്‍ വരുന്നുണ്ട് എന്നും സാവിയോ റോഡിഗ്രസ് പറഞ്ഞു.

കൂടാതെ ദശലക്ഷക്കണക്കിന് ആളുകള്‍ ഇത് ടിവിയിലും ഇന്റര്‍നെറ്റിലും കാണുന്നു. ലോകം ആഗോള ഭീകരതയ്ക്കെതിരെ പോരാടുന്ന ഇക്കാലത്ത് സാക്കിര്‍ നായിക്കിന് ഒരു വേദി നല്‍കുന്നത് ഒരു തീവ്രവാദിക്ക് തന്റെ തീവ്രതയും വിദ്വേഷവും പ്രചരിപ്പിക്കാനുള്ള വേദിയൊരുക്കാനാണ് എന്നാണ് സാവിയോ റോഡിഗ്രസ് പറയുന്നത്. അതിനാല്‍ ഇന്ത്യക്കാര്‍ ഖത്തര്‍ ലോകകപ്പ് ബഹിഷ്‌കരിക്ണം എന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

ഭീകരതയ്ക്കെതിരായ ആഗോള പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോകകപ്പ് പരിപാടി ബഹിഷ്‌കരിക്കാനാണ് സാവിയോ റോഡിഗ്രസ് രാജ്യത്തെ ജനങ്ങളോടും തീവ്രവാദത്തിന്റെ ഇരകളായ വിദേശത്ത് നിന്നുള്ളവരോടും അഭ്യര്‍ത്ഥിക്കുന്നത്. ഇന്ത്യയില്‍ ഇസ്ലാമിക തീവ്രതയും വിദ്വേഷവും പ്രചരിപ്പിക്കുന്നതില്‍ സാക്കിര്‍ നായിക്കിന് നിര്‍ണായക പങ്കുണ്ട് എന്നും സാവിയോ റോഡിഗ്രസ് ആരോപിച്ചു.

തീവ്രവാദിയോളം തന്നെ കുറ്റം ചെയ്യുന്ന ആളാണ് സാക്കിര്‍ നായിക്ക് എന്നും സാവിയോ റോഡ്രിഗസ് പറഞ്ഞു. ഇന്ത്യന്‍ നിയമപ്രകാരം ശിക്ഷിക്കപ്പെടേണ്ട സാക്കിര്‍ നായിക്. കള്ളപ്പണം വെളുപ്പിക്കല്‍, വിദ്വേഷ പ്രസംഗം തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അയാള്‍ ഒരു തീവ്രവാദ അനുഭാവിയാണ്. സത്യത്തില്‍ അയാള്‍ ഒരു തീവ്രവാദിയെ പോലെ തന്നെയാണ് എന്നാണ് സാവിയോ റോഡിഗ്രസ് പറയുന്നത്.

ഒസാമ ബിന്‍ ലാദനെ അദ്ദേഹം പരസ്യമായി പിന്തുണയ്ക്കുകയും ഇന്ത്യയില്‍ ഇസ്ലാമിക തീവ്രതയും വിദ്വേഷവും പ്രചരിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുകയും ചെയ്തയാളാണ് സാക്കിര്‍ നായിക്ക് എന്നും സാവിയോ റോഡ്രിഗസ് കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം മാര്‍ച്ചില്‍ ആഭ്യന്തര മന്ത്രാലയം സാക്കിര്‍ നായിക് സ്ഥാപിച്ച ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ (ഐആര്‍എഫ്) നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കുകയും അഞ്ച് വര്‍ഷത്തേക്ക് വിലക്കുകയും ചെയ്തിരുന്നു.

സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ പറയുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനം പ്രോത്സാഹിപ്പിക്കുകയും ചാവേര്‍ സ്ഫോടനങ്ങളെ ന്യായീകരിക്കുകയും ഹിന്ദുക്കള്‍, ഹിന്ദു ദൈവങ്ങള്‍, മറ്റ് മതങ്ങള്‍ എന്നിവയ്ക്കെതിരെ ആക്ഷേപകരമായ കമന്റുകള്‍ പോസ്റ്റ് ചെയ്യുകയും ചെയ്യുന്നുവെന്നും ആഭ്യന്തര മന്ത്രാലയം പറയുന്നു.

ഗുജറാത്ത്, കര്‍ണാടക, ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ്, കേരളം, മഹാരാഷ്ട്ര, ഒഡീഷ എന്നിവിടങ്ങളില്‍ ഐആര്‍എഫിന്റെയും അതിലെ അംഗങ്ങളുടെയും അനുഭാവികളുടെയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതായും ആഭ്യന്തര മന്ത്രാലയം പറഞ്ഞിരുന്നു. അതേസമയം ലോകകപ്പ് വേളയില്‍ സാക്കിര്‍ നായിക് ഖത്തറിലുണ്ടായിരിക്കും എന്നും ടൂര്‍ണമെന്റ് കാലയളവില്‍ നിരവധി മതപ്രഭാഷണങ്ങള്‍ നടത്തും എന്നും ഖത്തര്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്പോര്‍ട്സ് ചാനലായ അല്‍കാസിലെ അവതാരകനായ ഫൈസല്‍ അല്‍ഹജ്രിയെ ഉദ്ധരിച്ച് അല്‍ അറേബ്യ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.












Click it and Unblock the Notifications