ബെംഗളൂരുവിൽ വീട് കണ്ടെത്തുന്നത് തലവേദന; 2 ബിഎച്ച്കെക്ക് പോലും 90,000 രൂപ വാടക..! പോസ്റ്റ് വൈറൽ
ബെംഗളൂരു: ഇന്ത്യയുടെ സ്റ്റാർട്ടപ്പ് തലസ്ഥാനമായി അറിയപ്പെടുന്ന ബെംഗളൂരുവിൽ വാടകയ്ക്ക് വീട് കണ്ടെത്തുന്നത് ദിനംപ്രതി കൂടുതൽ ബുദ്ധിമുട്ടേറിയതായി മാറുകയാണെന്ന് ഒരു സ്റ്റാർട്ടപ്പ് സ്ഥാപകന്റെ അനുഭവം വീണ്ടും ചർച്ചയാവുകയാണ്. ലേണിംഗ് പ്ലാറ്റ്ഫോമായ ടേക്ക് യു ഫോർവേഡിന്റെ സ്ഥാപകനും മുൻ ഗൂഗിൾ ജീവനക്കാരനുമായ രാജ് വിക്രമാദിത്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച അനുഭവമാണ് നഗരത്തിലെ വാടക പ്രതിസന്ധിയുടെ യഥാർത്ഥ ചിത്രം പുറത്തുകൊണ്ടുവന്നത്.
'ബെംഗളൂരുവിൽ ഫ്ലാറ്റ് അന്വേഷിക്കുന്നത് ഒരു പേടിസ്വപ്നമാണ്' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സുരക്ഷാ കാരണങ്ങളാൽ ഗേറ്റഡ് കമ്മ്യൂണിറ്റിയിലുള്ള ഒരു 2ബിച്ച്കെ ഫ്ലാറ്റും, ഓഫീസുകൾക്ക് സമീപമുള്ള പ്രദേശവുമായിരുന്നു അദ്ദേഹം അന്വേഷിച്ചിരുന്നത്. എന്നാൽ 60,000 മുതൽ 90,000 വരെയുള്ള ബജറ്റിൽ പോലും ലഭ്യമായ വീടുകൾ പ്രതീക്ഷയ്ക്കൊത്ത് ഉയർന്ന നിലവാരം പുലർത്തിയില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി.

അദ്ദേഹത്തിന്റെ വാക്കുകൾ പ്രകാരം, ചെറിയ മുറികളുള്ള 2ബിഎച്ച്കെ ഫ്ലാറ്റുകൾക്കുപോലും 60,000 മുതൽ 90,000 വരെ വാടക ആവശ്യപ്പെടുന്നു. "തീപ്പെട്ടി പോലുള്ള ബെഡ്റൂമുകൾ, പക്ഷേ വാടക അതിശയിപ്പിക്കുന്നത്ര ഉയരത്തിൽ' എന്നാണ് അദ്ദേഹം ഈ പ്രതിഭാസത്തെ വിമർശിച്ചത്. ഇത് വീണ്ടും വലിയ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്.
ഡെപ്പോസിറ്റായി ലക്ഷങ്ങൾ
വാടകയേക്കാൾ വലിയ വെല്ലുവിളി സുരക്ഷാ നിക്ഷേപമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏകദേശം അഞ്ച് മാസത്തെ വാടക ഡെപ്പോസിറ്റായി നൽകേണ്ടി വന്നതോടെ താമസം ആരംഭിക്കുന്നതിന് മുമ്പുതന്നെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഏകദേശം അഞ്ച് ലക്ഷം രൂപ ചെലവാകുന്ന സാഹചര്യമുണ്ടായതായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
'പുതുതായി ജോലി കിട്ടുകയോ നഗരത്തിലേക്ക് മാറിയോ ചെയ്യുന്ന ഒരാൾക്ക് ഇത്രയും വലിയ തുക എങ്ങനെ കണ്ടെത്താനാകും?' എന്ന ചോദ്യവും അദ്ദേഹം ഉയർത്തി. ഡെപ്പോസിറ്റ് പിന്നീട് തിരികെ ലഭിക്കുമെങ്കിലും ആദ്യഘട്ടത്തിൽ അത്രയും തുക കണ്ടെത്തുക പലർക്കും വലിയ വെല്ലുവിളിയാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
വീട് ലഭ്യമായ തീയതിയുമായി ബന്ധപ്പെട്ട് ഉടമകൾ കാണിക്കുന്ന കർശന നിലപാടും അദ്ദേഹം വിമർശിച്ചു. ഒരു ഫ്ലാറ്റ് 20-ാം തീയതി ഒഴിവാകുകയാണെങ്കിൽ 21-ാം തീയതി മുതൽ തന്നെ താമസം തുടങ്ങണമെന്ന് പലരും ആവശ്യപ്പെടുന്നുവെന്നും, മാസത്തിന്റെ ആദ്യ തീയതിയിൽ താമസം മാറുന്നവരുടെ പ്രായോഗിക ബുദ്ധിമുട്ടുകൾ മനസിലാക്കാൻ പല ഉടമകളും തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ബ്രോക്കർമാർക്കെതിരെയും വിമർശനം
വീട് കണ്ടെത്തുന്ന പ്രക്രിയയിൽ ബ്രോക്കർമാരുടെ ഇടപെടലും വലിയ തലവേദനയാണെന്ന് വിക്രമാദിത്യ ആരോപിച്ചു. ഒരു മാസത്തെ വാടക ബ്രോക്കറേജ് ഈടാക്കുന്ന പലരും നേരിട്ട് ഫ്ലാറ്റ് കാണിക്കാൻ പോലും എത്താറില്ലെന്നും അദ്ദേഹം പറഞ്ഞു. പലപ്പോഴും ബ്രോക്കർമാർ വീടിന്റെ വിവരങ്ങൾ മാത്രം അയച്ചുകൊടുക്കുകയും വീടുകൾ നേരിട്ട് കണ്ടെത്താൻ ഉപഭോക്താക്കളെ നിർബന്ധിതരാക്കുകയും ചെയ്യുന്നുവെന്നാണ് പരാതി.
'ബാച്ചിലർ' എന്നത് ഇന്നും പ്രശ്നം
ഉയർന്ന വാടകയും വലിയ ഡെപ്പോസിറ്റും നൽകാൻ തയ്യാറായിരുന്നിട്ടും ബാച്ചിലറാണെന്ന കാരണത്താൽ ഫ്ലാറ്റ് ലഭിക്കാതിരുന്നേക്കാമായിരുന്നുവെന്ന് വിക്രമാദിത്യ വെളിപ്പെടുത്തി. ഫ്ലാറ്റിന്റെ ഉടമയ്ക്ക് ബാച്ചിലർ വാടകക്കാരെക്കുറിച്ച് സംശയമുണ്ടായിരുന്നുവെന്നും, അദ്ദേഹത്തിന്റെ വ്യക്തിഗത പ്രൊഫൈൽ കാണിച്ചശേഷമാണ് ഏജൻസി ഉടമയെ സമ്മതിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
'വാടകക്കാരൻ പോകുമ്പോൾ ഒരു മാസത്തെ വാടകയെങ്കിലും പിടിച്ചുവയ്ക്കാറുണ്ട്. അങ്ങനെിരിക്കെ ബാച്ചിലർ ആണെന്നത് മാത്രം പ്രശ്നമാകേണ്ടതെന്തിന്?' എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. പ്രത്യേകിച്ച് പ്രീമിയം ഗേറ്റഡ് കമ്മ്യൂണിറ്റികളിൽ പോലും ഇത്തരം വിവേചനം നിലനിൽക്കുന്നത് അദ്ദേഹം വിമർശിക്കുകയും ചെയ്തു.
എന്നിട്ടും എന്തുകൊണ്ട് ബെംഗളൂരു?
ഇത്രയധികം ബുദ്ധിമുട്ടുകൾ നേരിട്ടിട്ടും കമ്പനി ബെംഗളൂരുവിൽ തുടരുന്നതെന്തിനാണെന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ഒറ്റവാക്കിലായിരുന്നു അവിടുത്തെ കാലാവസ്ഥ. കൂടാതെ, സ്റ്റാർട്ടപ്പുകളിൽ നിരവധി മേഖലകളിൽ ഒരേസമയം സഹകരിച്ച് പ്രവർത്തിക്കേണ്ട സാഹചര്യമുള്ളതിനാൽ പൂർണമായും റിമോട്ട് മോഡലിൽ പ്രവർത്തിക്കുന്നത് പ്രായോഗികമല്ലെന്നും അദ്ദേഹം വിശദീകരിച്ചു.














Click it and Unblock the Notifications