യുപിയിൽ ഹിന്ദുസമാജ് നേതാവിനെ വെടിവെച്ച് വീഴ്ത്തി, കഴുത്തറുത്ത് കൊന്നു! വ്യക്തിവൈരാഗ്യമെന്ന് പോലീസ്!
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മുൻ ഹിന്ദു മഹാസഭ നേതാവിനെ വെടിവെച്ച് കൊന്നു. ഹിന്ദു സമാജ് പാർട്ടി നേതാവ് കമലേഷ് തിവാരിയാണ് കൊല്ലപ്പെട്ടത്. ലഖ്‌നൗവിലെ നാക പ്രദേശത്താണ് കൊലപാതകം നടന്നത്. സംഭവസ്ഥലത്ത് നിന്ന് പോലീസ് ഒരു തോക്ക് കണ്ടെടുത്തിട്ടുണ്ട്.
വെടിയേറ്റാണ് മരണം സംഭവിച്ചിരിക്കുന്നത് എന്ന പ്രാഥമിക റിപ്പോര്‍ട്ടുകള്‍ക്കൊപ്പം തന്നെ കമലേഷിന് വെട്ടേറ്റതായും വിവരങ്ങളുണ്ട്. മൂര്‍ച്ചയുളള ആയുധം ഉപയോഗിച്ച് കമലേഷിന്റെ കഴുത്ത് മുറിച്ചതായി ഡോക്ടര്‍മാര്‍ പറയുന്നു. ഗുരുതരമായ പരിക്കുകളോടെ കമലേഷിനെ ഉടനെ തന്നെ സമീപത്തുളള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെയാണ് മരണം സംഭവിച്ചത്.

ഖുര്‍ഷിദ് ബാഗില്‍ തന്റെ വീടിന് സമീപത്ത് വെച്ചാണ് കമലേഷ് തിവാരി ആക്രമിക്കപ്പെട്ടത്. തിവാരിയുടെ പരിചയക്കാര്‍ തന്നെയാണ് കൊലയാളികള്‍ എന്നാണ് പ്രാഥമിക നിഗമനം. ദീപാവലിയുടെ മധുരപലഹാരങ്ങള്‍ നല്‍കാനെന്ന പേരില്‍ ചിലര്‍ തിവാരിയെ കാണാന്‍ എത്തുകയായിരുന്നു. തുടര്‍ന്ന് അക്രമികള്‍ തിവാരിക്ക് നേരെ വെടിയുതിര്‍ത്തു.
തിവാരിയെ കാണാന്‍ എത്തുന്നതിന് മുന്‍പ് ഇവര്‍ ഫോണ്‍ വിളിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അതുകൊണ്ട് തന്നെ ഇവര്‍ തിവാരിയുടെ പരിചയക്കാരാണ് എന്നാണ് പോലീസ് നിഗമനം. വെടിയുതിര്‍ത്ത ശേഷം മരണം ഉറപ്പിക്കാനാണ് അക്രമികള്‍ തിവാരിയുടെ കഴുത്തറുത്തത് എന്ന് പോലീസ് കരുതുന്നു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണം എന്ന് ലഖ്‌നൗ പോലീസ് സൂപ്രണ്ട് കലാനിധി നെയ്താനി പ്രതികരിച്ചു. തിവാരിയുടെ കൊലയില്‍ ഹിന്ദു സമാജ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു. കൊലയാളികളെ കണ്ടെത്താന്‍ പ്രദേശത്തുളള സിസിടിവി ദൃശ്യങ്ങടക്കം പോലീസ് പരിശോധിക്കുന്നുണ്ട്.












Click it and Unblock the Notifications