ഫാ. സ്റ്റാന്‍ സ്വാമി കൊല്ലപ്പെടുകയായിരുന്നു: കേന്ദ്ര സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി സഞ്ജയ് റാവത്ത്
മുംബൈ: ഫാ. സ്റ്റാന്‍ സ്വാമിയുടെ കസ്റ്റഡി മരണത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് റാവത്ത്. അദിവാസി അവകാശ പ്രവര്‍ത്തകനായ ഫാ. സ്റ്റാന്‍ സ്വാമിയെ ജയിലില്‍ വെച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് അദ്ദേഹം ആരോപിച്ചു. നരേന്ദ്ര മോദി സർക്കാരിനെ അട്ടിമറിക്കാൻ 84 കാരനായ ഒരാൾക്ക് കഴിയുമെന്നാണെങ്കില്‍ രാജ്യത്തിന്റെ അടിത്തറ അത്രത്തോളം ദുർബലമാണോയെന്നും ശിവസേന എംപി ചോദിച്ചു. ഇത് ഹിറ്റ്‌ലറുടേയും മുസ്സോളിനിയുടെയും ഭരണത്തിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
എൽഗാർ പരിഷത്ത് കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഒക്ടോബറിൽ അറസ്റ്റുചെയ്ത സ്റ്റാന്‍ സ്വാമി ജൂലൈ 5 ന് ആശുപത്രിയിൽ ചികിത്സയ്ക്കിടെ ജുഡീഷ്യൽ കസ്റ്റഡിയിൽ മരിച്ചിരുന്നു. ശിവസേന മുഖപത്രമായ സാമ്നയിലെ തന്‍റെ പ്രതിവാര കോളത്തിലൂടെയായിരുന്നു സഞ്ജയ് റാവത്തിന്‍റെ വിമര്‍ശനം. സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ഇന്ദിരാഗാന്ധിയുടെ ഭരണ കാലത്ത് ജോര്‍ജ് ഫെര്‍ണാണ്ടസിനെ ജയിലില്‍ അടച്ചതിന് തുല്യമാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Recommended Video
'ജോർജ്ജ് ഫെർണാണ്ടസിനെ ഇന്ദിരാഗാന്ധി ഭയപ്പെട്ടിരുന്നു. ജോർജ്ജ് അന്ന് ഒരു യുവ നേതാവായിരുന്നു. ഫാ സ്റ്റാൻ സ്വാമിയെപ്പോലെ പ്രായം ഉണ്ടായിരുന്നില്ല. എന്നാൽ ഇന്നത്തെ സർക്കാർ 84-85 വയസ്സ് പ്രായമുള്ള സ്റ്റാൻ സ്വാമിയെയും വരവര റാവുവിനെയും ഭയപ്പെടുന്നു. സ്റ്റാൻ സ്വാമി ജയിലിൽ കൊല്ലപ്പെടുകയായിരുന്നു'-റാവത്ത് പറഞ്ഞു. "84 വയസുകാരനെ ഭയപ്പെടുന്ന ഒരു സർക്കാർ മനോഭാവത്തിൽ സേച്ഛാധിപത്യപരമാണെങ്കിലും ഹിറ്റ്‌ലറെയും മുസ്സോളിനിയെയും പോലെ ഹൃദയത്തിൽ ദുർബലമാണ്" എന്നും സേന എംപി പറഞ്ഞു. എൽഗാർ പരിഷത്തിൽ നടത്തിയ പ്രകോപനപരമായ പ്രഭാഷണങ്ങളെയും പ്രസ്താവനകളെയും പിന്തുണയ്ക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications