സൗജന്യ വൈദ്യുതി, സ്ത്രീകൾക്ക് 2000 രൂപ, മിനിമം താങ്ങുവില; വമ്പൻ വാഗ്ദാനങ്ങളുമായി കോൺഗ്രസ് പ്രകടന പത്രിക
ചണ്ഡീഗഡ്: വമ്പൻ വാഗ്ദാനങ്ങളുമായി ഹരിയാനയിൽ കോൺഗ്രസിന്റെ പ്രകടന പത്രിക. മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡയാണ് പത്രിക പുറത്തുവിട്ടത്. സൗജന്യ വൈദ്യുതി, ചികിത്സ, സ്ത്രീകൾക്ക് സാമ്പത്തിക സഹായം, കർഷകർക്ക് എംഎസ്പി ഗ്യാരണ്ടി തുടങ്ങിയുളള പ്രഖ്യാപനങ്ങളാണ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ജാതി സെൻസസ് നടത്തുമെന്നും വാഗ്ദാനമുണ്ട്.
സംസ്ഥാനത്തെ ഓരോ കുടുംബത്തിനും 300 യൂണിറ്റ് സൗജന്യ വൈദ്യുതിയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. കൂടാതെ 25 ലക്ഷം വരെയാണ് ഒരു കുടുംബത്തിന് സൗജന്യ ചികിത്സ ലഭ്യമാക്കുക. മധ്യപ്രദേശിലും മഹാരാഷ്ട്രയിലും നടപ്പാക്കുന്ന 'ലാഡ്‌ലി ബെഹൻ യോജന', ലഡ്‌കി ബെഹൻ യോജന' തുടങ്ങിയ പദ്ധതികൾക്ക് സമാനമായി സംസ്ഥാനത്തെ സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ നൽകുമെന്നാണ് കോൺഗ്രസിന്റെ മറ്റൊരു വാഗ്ദാനം. 18 മുതൽ 60 വയസ് വരെയുള്ളവർക്കാണ് പണം ലഭിക്കുക. ഗ്യാസ് സിലിണ്ടറിന് 500 രൂപയും പ്രകടന പത്രികയിൽ വാഗ്ദാനം നൽകുന്നുണ്ട്.

കർഷകർക്കായി വലിയ പ്രഖ്യാപനങ്ങളും പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിളകൾക്ക് താങ്ങുവില, ഉടനടി നഷ്ടപരിഹാരം,കർഷക കമ്മീഷൻ , ഡീസൽ സബ്‌സിഡി എന്നിവയാണ് പ്രഖ്യാപനങ്ങൾ. പാവപ്പെട്ടവർക്ക് വീട് നൽകുമെന്നും കോൺഗ്രസ് പറയുന്നു. 200 യാർഡ് സ്ഥലവും രണ്ട് മുറികളുള്ള വീടുകളുമായിരിക്കും നൽകുക.
ജാതി സെൻസസ് എന്ന ആവശ്യം നടപ്പിലാക്കും എന്നാണ് മറ്റൊരു വാഗ്ദാനം. ക്രീമിലയര്‍ പരിധി 10 ലക്ഷമായി ഉയർത്തുമെന്നും പറയുന്നു. രാജ്യത്ത് ജാതി സെൻസസ് എന്ന ആവശ്യം ശക്തമായി ഉയർത്തിയ പാർട്ടിയാണ് കോൺഗ്രസ്. അധികാരത്തിലേറുന്ന സംസ്ഥാനങ്ങളിൽ ജാതി സെൻസസ് നടപ്പാക്കുമെന്ന് നേരത്തേ രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു.
യുവാക്കൾക്കായി 2 ലക്ഷം തൊഴിലുകൾ ലഭ്യമാക്കും. സംസ്ഥാനത്തെ ലഹര മുക്തമാക്കും. മാത്രമല്ല പഴയ പെന്ഷൻ പദ്ധത നടപ്പാക്കുമെന്നും കോൺഗ്രസ് പ്രകടനപത്രികയിൽ വ്യക്തമാക്കി. മുതിർന്ന പൗരന്മാർക്കും വികലാംഗർക്കും വിധവകൾക്കും യഥാക്രമം ബുധപ പെൻഷൻ, ദിവ്യാംഗ് പെൻഷൻ, വിധവ പെൻഷൻ എന്നിവ പ്രകാരം 6000 രൂപ നൽകുമെന്നും കോൺഗ്രസ് വ്യക്തമാക്കി.
സംസ്ഥാനത്ത് പുതിയ സർവ്വകലാശാലകൾ ആരംഭിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി. ഗുരു ഗോവിന്ദ് സിംഗിന്റെ പേരിൽ കുരുക്ഷേത്രയിലും മറ്റൊന്ന് മേവയിലുമായിരിക്കും രൂപീകരിക്കുക. പഞ്ചാബി ഭാഷയ്ക്ക് പ്രോത്സാഹനം നൽകുന്ന പദ്ധതികളും നടപ്പാക്കുമെന്ന് കോൺഗ്രസ് നേതാവ് ഗീത ബുക്കൽ പറഞ്ഞു.
അതേസമയം ഏറെ കാര്യങ്ങൾ പഠിച്ച ശേഷമാണ് പ്രകടനപത്രിക തയ്യാറാക്കിയതെന്നും രാജസ്ഥാനിലും മറ്റ് സംസ്ഥാനങ്ങളിലും നടപ്പാക്കിയ മികച്ച പദ്ധതികളാണ് സംസ്ഥാനത്തും നടപ്പാക്കാൻ ഒരുങ്ങുന്നതെന്നും ഭൂപീന്ദർ സിംഗ് ഹൂഡ പറഞ്ഞു. ഒക്ടോബർ 5 നാണ് ഹരിയാനയിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. 8 നാണ് ഫലം പ്രഖ്യാപിക്കുക. ഇത്തവണ സംസ്ഥാനത്ത് കോൺഗ്രസ് അനുകൂലമാണ് സാഹചര്യം എന്നാണ് പ്രീ പോൾ സർവ്വേകൾ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications