ഇന്ധനവില മുകളിലേക്ക് തന്നെ; പെട്രോളിന് 32 പൈസയും ഡീസലിന് 37 പൈസയും വര്‍ധിപ്പിക്കും
ന്യൂദല്‍ഹി: തുടര്‍ച്ചയായി നാലാം ദിവസവും രാജ്യത്ത് ഇന്ധന വിലയില്‍ വര്‍ധനവുണ്ടാകും. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പെട്രോളിന് 32 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ദ്ധിപ്പിക്കുന്നത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 108 രൂപ 52 പൈസയും ഡീസലിന് 95 രൂപ 75 പൈസയുമാകും. ഒരാഴ്ച കൊണ്ട് പെട്രോളിനും ഡീസലിനും അഞ്ച് രൂപയ്ക്കടുത്താണ് വര്‍ധിപ്പിച്ചത്. ഒരാഴ്ചയ്ക്കിടെ അഞ്ചാമത്തെ തവണയാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ഇന്ധന വില ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും വര്‍ധിക്കാന്‍ തുടങ്ങിയത്. നാലര മാസത്തിന് ശേഷം മാര്‍ച്ച് 22 നാണ് ഇന്ധനവില വര്‍ധിപ്പിച്ചത്. ഈ ദിവസങ്ങളിലെല്ലാം ശരാശരി 80 പൈസ എന്ന നിരക്കിലായിരുന്നു ഇന്ധനവില വര്‍ധിച്ചത്. 2017 ജൂണില്‍ പ്രതിദിന വില പരിഷ്‌കരണം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും കുത്തനെയുള്ള പ്രതിദിന വര്‍ദ്ധനവാണ് ഇത്.

കഴിഞ്ഞ വര്‍ഷവും ഇന്ധന വില പ്രതിദിനം വര്‍ധിച്ചിരുന്നു. ഇതിനിടെ നവംബര്‍ നാലിന് കേന്ദ്രസര്‍ക്കാര്‍ ഇന്ധനവിലയുടെ എക്സൈസ് തീരുവയില്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷം 137 ദിവസം ഇന്ധന വിലയില്‍ മാറ്റമില്ലായിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള ( ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, ഗോവ, പഞ്ചാബ്) നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചായിരുന്നു ദീപാവലി സമ്മാനം എന്ന നിലയില്‍ കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവയില്‍ ഇളവ് പ്രഖ്യാപിച്ചത്.
മാര്‍ച്ച് 10 ന് നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ ഇന്ധന വിലയും വര്‍ധിക്കാന്‍ തുടങ്ങി. ഒരു വേള അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 117 ഡോളറായി ഉയര്‍ന്നിട്ടും തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ വില വര്‍ധിപ്പിച്ചിരുന്നില്ല. അതേസമയം റഷ്യ - യുക്രൈന്‍ യുദ്ധം കാരണമാണ് ഇന്ധനവില വര്‍ധിക്കുന്നത് എന്നാണ് കേന്ദ്ര സര്‍ക്കാരും ബി ജെ പി നേതാക്കളും പറയുന്നത്.
അതേസമയം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ധന റീട്ടെയിലര്‍മാരായ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നിവയ്ക്കെല്ലാം ചേര്‍ന്ന് ഇക്കാലയളവില്‍ വില വര്‍ധിപ്പിക്കാത്തതിനെ തുടര്‍ന്ന് ഏകദേശം 2.25 ബില്യണ്‍ ഡോളര്‍ (19,000 കോടി രൂപ) വരുമാനം നഷ്ടപ്പെട്ടതായാണ് മൂഡീസ് ഇന്‍വെസ്റ്റേഴ്സ് സര്‍വീസസ് പറയുന്നത്.












Click it and Unblock the Notifications