അംബാനിക്കും അദാനിക്കും ക്ഷണം; ലോക നേതാക്കള്‍ക്കൊപ്പം 500 വ്യവസായികളും
ന്യൂഡല്‍ഹി: മുകേഷ് അംബാനി, ഗൗതം അദാനി തുടങ്ങി രാജ്യത്തെ പ്രമുഖരായ വ്യവസായികള്‍ക്ക് ജി20 ഉച്ചകോടിയിലേക്ക് ക്ഷണം. ശനിയാഴ്ച രാത്രി നടക്കുന്ന അത്താഴ വിരുന്നിനാണ് 500ഓളം വ്യവസായികളെയും ക്ഷണിച്ചിട്ടുള്ളതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായ ഇന്ത്യയിലേക്ക് കൂടുതല്‍ വിദേശനിക്ഷേപം ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണിതെന്ന് പറയപ്പെടുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്, സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ്, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ തുടങ്ങി ലോകത്തെ പ്രധാന നേതാക്കളെല്ലാം ന്യൂഡല്‍ഹിയിലെ ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.

ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍, ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗലം ബിര്‍ള, ഭാരതി എയര്‍ടെല്‍ സ്ഥാപക ചെയര്‍മാന്‍ സുനില്‍ മിത്തല്‍ തുടങ്ങിയവര്‍ക്കും അത്താഴത്തിന് ക്ഷണമുണ്ട്. ജെഡിയു അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തുടങ്ങിയവര്‍ക്കും ക്ഷണമുണ്ട്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ക്ഷണിച്ചിട്ടില്ല.
അതേസമയം, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ എന്നിവര്‍ ഉച്ചകോടിക്ക് വരുന്നില്ല. ചൈനീസ് പ്രധാനമന്ത്രി പങ്കെടുക്കും. ലോക രാജ്യങ്ങള്‍ പങ്കെടുക്കുന്ന ചര്‍ച്ചയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവയ്ക്കുകയും തീരുമാനങ്ങളുണ്ടാകുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. ഡല്‍ഹിയില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
ഇന്ത്യയുടെ വ്യവസായ ശക്തിയെയും നിക്ഷേപ സാധ്യതകളെയും ലോക നേതാക്കള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ചത്തെ അത്താഴ വിരുന്ന് അവസരമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത്യാഢംബര സൗകര്യങ്ങളാണ് ജി20 ഉച്ചകോടിയുടെ വേദിയിലും സദസ്സിലും ഒരുക്കിയിട്ടുള്ളത്. ഡല്‍ഹിയിലെ ചേരികള്‍ ഷീറ്റ് വച്ച് മറച്ച അധികൃതരുടെ നടപടി വിവാദമായിരുന്നു.
അതേസമയം, ജിസിസി റെയില്‍വെ പാത സംബന്ധിച്ച് സുപ്രധാന തീരുമാനം ന്യൂഡല്‍ഹിയിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍വെ ശൃംഖലയ്ക്ക് ഇന്ത്യയും അമേരിക്കയും സാങ്കേതിക സഹായം ഒരുക്കുന്നുണ്ട്. ജിസിസിയിലേക്ക് ഇന്ത്യയില്‍ നിന്ന് കടല്‍മാര്‍ഗം പുതിയ പാതയൊരുക്കുമെന്നും പറയപ്പെടുന്നു.












Click it and Unblock the Notifications