കല്ലേറും ബസ് കത്തിക്കലും ലാത്തിച്ചാര്‍ജ്ജും; ബെംഗളൂരു നഗരം കത്തുന്നു!
ബെംഗളൂരു: നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രൊവിഡന്റ് ഫണ്ട് പോളിസിയില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് ഗാര്‍മെന്റ് തൊഴിലാളികള്‍ നഗരത്തിലിറങ്ങി. പ്രതിഷോധക്കാരെ ലാത്തിച്ചാര്‍ജ്ജ് ചെയ്ത് നിയന്ത്രിക്കാന്‍ പോലീസ് ശ്രമിച്ചതോടെ രംഗം വഷളായി. നിയന്ത്രണം വിട്ട പ്രതിഷേധക്കാര്‍ പോലീസിന് നേരെ കല്ലെറിയുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു.
ഇലക്ട്രോണിക് സിറ്റി, ഗൊര്‍ഗുണ്ടപാളയ, മൈസൂര്‍ റോഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് സ്ഥിതിഗതികള്‍ രൂക്ഷമായിരിക്കുന്നത്. പോലീസ് ലാത്തിച്ചാര്‍ജില്‍ പലര്‍ക്കും പരിക്കേറ്റു. കല്ലേറില്‍ നാല് പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് അനാവശ്യമായി ലാത്തിച്ചാര്‍ജ്ജ് നടത്തുകയായിരുന്നു എന്നാണ് ആരോപണം. ഐ ടി നഗരമായ ബെംഗളൂരുവിന്റെ പല ഭാഗങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു.

തുടര്‍ച്ചയായ രണ്ടാമത്തെ ദിവസമാണ് ഇക്കാരണത്താല്‍ പ്രതിഷേധം നടക്കുന്നത്. പ്രൊവിഡന്റ് ഫണ്ടില്‍ നിന്നും തൊഴിലാളിയുടെ വിഹിതം മാത്രമേ 58 വയസ്സുവരെ പിന്‍വലിക്കാന്‍ പറ്റൂ എന്ന കേന്ദ്ര നിര്‍ദേശമാണ് പ്രതിഷേധത്തിന് കാരണം. തങ്ങളുടെ വിഹിതം മാത്രമല്ല, തൊഴിലുടമയുടെ വിഹിതവും പിന്‍വലിക്കാന്‍ അനുവദിക്കണം എന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്.
തങ്ങള്‍ക്ക് പ്രൊവിഡന്റ് ഫണ്ടിലെ മുഴുവന്‍ തുകയും കിട്ടണം. വീട് വാങ്ങുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി പ്രൊവിഡന്റ് ഫണ്ടിനെ ആശ്രയിക്കുന്നവരാണ് തങ്ങളില്‍ പലരും. - തൊഴിലാളികള്‍ പറയുന്നു. രാവിലെ എട്ടരയോടെ ബൊമ്മനഹള്ളി ഫ്‌ലൈ ഓവറിന് കീഴെയായി ആയിരക്കണക്കിന് തൊഴിലാളികളാണ് പ്രതിഷേധവുമായി എത്തിയത്. ഇവരില്‍ ഭൂരിഭാഗം പേരും സ്ത്രീകളാണ്.












Click it and Unblock the Notifications