ഗ്യാസ് സിലിണ്ടര്‍ വെട്ടിക്കുറച്ചു; പിഎം ഉജ്വല യോജന ഉപഭോക്താക്കള്‍ക്കും തിരിച്ചടി, ഇനി വെറും 4 എണ്ണം
ന്യൂഡല്‍ഹി: പാചക വാതക സിലിണ്ടറുകള്‍ക്ക് തുടര്‍ച്ചയായി വില വര്‍ധിപ്പിക്കുന്നതിനിടെ സര്‍ക്കാരിന്റെ മറ്റൊരു കടുത്ത നടപടി. സബ്‌സിഡി നിരക്കില്‍ നല്‍കുന്ന സിലണ്ടറുകളുടെ എണ്ണം കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചു. പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതിക്ക് കീഴില്‍ നല്‍കുന്ന സിലിണ്ടറുകളുടെ എണ്ണം നാല് ആക്കിയാണ് കുറച്ചിരിക്കുന്നത്. ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലം ചൂണ്ടിക്കാട്ടിയാണ് കടുത്ത നടപടി.
പിഎം ഉജ്വല യോജന പദ്ധതിക്ക് കീഴില്‍ രാജ്യത്ത് സബ്‌സിഡി നിരക്കില്‍ പാചക വാതക സിലിണ്ടര്‍ വിതരണം ചെയ്യുന്നുണ്ട്. പ്രതി വര്‍ഷം 9 സിലിണ്ടറുകളാണ് ഇത്തരത്തില്‍ നല്‍കുന്നത്. ഇതാണ് ഇനി 4 ആക്കി ചുരുക്കിയത്. എണ്ണ കമ്പനികള്‍ നഷ്ടത്തിലാണ് എന്ന കാര്യമാണ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. ഒരു സിലിണ്ടര്‍ വിതരണം ചെയ്യുന്നതിന് 1600 രൂപ ചെലവ് വരുന്നുണ്ടത്രെ.

ഒരു സിലിണ്ടര്‍ വിതരണം ചെയ്യാന്‍ എണ്ണ കമ്പനികള്‍ക്ക് 700 രൂപ നഷ്ടം നേരിടുന്നുണ്ട് എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. പിഎം ഉജ്വല യോജന പദ്ധതി കടുത്ത സാമ്പത്തിക ഞെരുക്കത്തിന് കാരണമാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് സിലിണ്ടറുകളുടെ എണ്ണം നാലാക്കി കുറച്ചിരിക്കുന്നത്. ഒരു സിലിണ്ടറിന് 300 രൂപയാണ് സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി. വര്‍ഷത്തില്‍ നാല് സിലിണ്ടറുകള്‍ക്ക് മാത്രം സബ്‌സിഡി തുടരും.
പെട്രോളിയം മന്ത്രാലയത്തിലെ അഡീഷണല്‍ അണ്ടര്‍ സെക്രട്ടറി പ്രവീണ്‍ ഖനൂജയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. വര്‍ഷത്തില്‍ സബ്‌സിഡിയായി 1200 രൂപയാണ് ഇനി ലഭിക്കുക. അതായത്, നാല് സിലിണ്ടറുകള്‍ക്ക് 300 രൂപ വീതം. 14.2 കിലോ ഗ്രാമുള്ള സിലിണ്ടറിന് ഡല്‍ഹിയിലെ ഉജ്വല യോജന ഉപഭോക്താക്കള്‍ 642 രൂപയാണ് ഇപ്പോള്‍ നല്‍കുന്നത്. മറ്റു ഉപഭോക്താക്കള്‍ 942 രൂപയും നല്‍കുന്നു.
യുദ്ധം കാരണം അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെയും വാതകത്തിന്റെയും വില ഉയര്‍ന്നിട്ടുണ്ട് എന്നാണ് പെട്രോളിയം മന്ത്രാലയം പറയുന്നത്. ഫെബ്രുവരിക്ക് ശേഷം സൗദി കോണ്‍ട്രാക്ട് പ്രൈസ് 46 ശതമാനം ഉയര്‍ന്നുവത്രെ. ഇതാണ് രാജ്യത്ത് എല്‍പിജി വില ഉയരാന്‍ കാരണം എന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. മാസങ്ങള്‍ക്കിടെ പാചക വാതക വില രണ്ട് തവണയും ഇന്ധന വില നാല് തവണയുമാണ് ഇതുവരെ വര്‍ധിപ്പിച്ചിരിക്കുന്നത്.
പിഎം ഉജ്വല യോജന പദ്ധതിക്ക് കീഴില്‍ വരുന്ന ഉപഭോക്താക്കള്‍ക്ക് നാല് സിലിണ്ടറുകള്‍ക്ക് 300 രൂപ വീതം സബ്‌സിഡി ലഭിക്കും. ഇതിന് പുറമെ വാങ്ങുന്ന സിലിണ്ടറുകള്‍ക്ക് മറ്റു ഉപഭോക്താക്കള്‍ നല്‍കുന്ന വില നല്‍കേണ്ടി വരും. നേരത്തെ എല്ലാ ഗ്യാസ് സിലിണ്ടറുകള്‍ക്കും സര്‍ക്കാര്‍ സബ്‌സിഡി നല്‍കിയിരുന്നു. ഇതിന് വേണ്ടി ഉപഭോക്താക്കള്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഉജ്വല യോജന പദ്ധതിക്ക് കീഴിലുള്ളവരുടെ എണ്ണം വെട്ടിക്കുറച്ചു. ഇപ്പോള്‍ സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണവും കുറച്ചു.















Click it and Unblock the Notifications