ഗൗതം അദാനി ചുമതലകളൊഴിയുന്നു; കോടികള്‍ ആസ്തിയുള്ള കമ്പനി ഇനി മകനിലേക്കോ അനന്തരവനിലേക്കോ?
മുംബൈ: അദാനി ഗ്രൂപ്പില്‍ തലമുറമാറ്റത്തിന് കളമൊരുങ്ങുന്നു. 2030 കളുടെ തുടക്കത്തില്‍ അദാനി ഗ്രൂപ്പിന്റെ നിയന്ത്രണം മക്കളിലേക്ക് കൈമാറും എന്നാണ് ബ്ലൂംബര്‍ഗിന് നല്‍കിയ അഭിമുഖത്തില്‍ ഗൗതം അദാനി പറഞ്ഞത്. 62-കാരനായ ഗൗതം അദാനി 70 വയസാകുമ്പോഴേക്ക് ചുമതലകളില്‍ നിന്ന് ഒഴിഞ്ഞേക്കും എന്നാണ് വിവരം. എന്നാല്‍ ഇത് സംബന്ധിച്ച് അദാനി ഗ്രൂപ്പ് ഔദ്യോഗിക വിശദീകരണമൊന്നും നല്‍കിയിട്ടില്ല.
''ബിസിനസ് സുസ്ഥിരതയ്ക്ക് പിന്തുടര്‍ച്ച വളരെ പ്രധാനമാണ്. ക്രമാനുഗതലും സ്വാഭാവികവുമായ വളരെ ചിട്ടയായ പരിവര്‍ത്തനത്തിനായുള്ള തിരഞ്ഞെടുപ്പ് രണ്ടാം തലമുറയ്ക്ക് വിട്ടുകൊടുത്തിരിക്കുകയാണ്,' ഗൗതം അദാനി പറഞ്ഞു. തുറമുഖങ്ങള്‍, ഷിപ്പിംഗ്, സിമന്റ്, സൗരോര്‍ജ്ജം തുടങ്ങി അടിസ്ഥാന സൗകര്യ ബിസിനസിലുടനീളം വ്യാപിച്ചുകിടക്കുന്ന ലിസ്റ്റുചെയ്ത 10 സ്ഥാപനങ്ങളില്‍ ആകെ 213 ബില്യണ്‍ ഡോളറിന്റെ വിപണി മൂലധനമാണ് അദാനി ഗ്രൂപ്പിനുള്ളത്.

രണ്ട് ആണ്‍മക്കളാണ് ഗൗതം അദാനിക്കുള്ളത്, കരണ്‍ അദാനിയും ജീത് അദാനിയും. ഇവരെ കൂടാതെ പ്രണവ്, സാഗര്‍ എന്നീ അനന്തരവന്‍മാരും അദാനി ഗ്രൂപ്പിന്റെ തലപ്പത്തുണ്ട്. ഗൗതം അദാനി സ്ഥാനമൊഴിയുന്നതോടെ ഇവരിലേക്കായിരിക്കും ഗ്രൂപ്പിന്റെ നിയന്ത്രണം കൈമാറുക. അദാനി ഗ്രൂപ്പിന്റെ വിപുലമായ ബിസിനസുകള്‍ വിഭജിച്ച് വേര്‍പിരിഞ്ഞ് പോകണോ അതോ ഒരുമിച്ച് നില്‍ക്കണോ എന്ന് നാല് പേരോടും ഗൗതം അദാനി ആശയവിനിമയം നടത്തിയതായാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ഗൗതം അദാനി സ്ഥാനമൊഴിഞ്ഞാലും ഒരു കുടുംബമായി ഗ്രൂപ്പ് നടത്താനാണ് ഉദ്ദേശിക്കുന്നതെന്നാണ് നാല് പേരും മറുപടി പറഞ്ഞത് എന്നാണ് വിവരം. അതേസമയം അദാനി ഗ്രൂപ്പിന്റെ അടുത്ത ചെയര്‍മാനാകാന്‍ കൂടുതല്‍ സാധ്യത ഗൗതം അദാനിയുടെ മൂത്ത മകനും നിലവില്‍ അദാനി പോര്‍ട്‌സ് മാനേജിങ് ഡയറക്ടറുമായ കരണ്‍ അദാനിക്കാണ്. ജീത് അദാനി നിലവില്‍ അദാനി എയര്‍പോര്‍ട്‌സ് ഡയറക്ടറാണ്.
അദാനി എന്റര്‍പ്രൈസസിന്റെ ഡയറ്കടറാണ് പ്രണവ്. സാഗറകാട്ടെ അദാനി ഗ്രീന്‍ എനര്‍ജിയുടെ എസ്‌കിക്യുട്ടീവ് ഡയറക്ടറാണ്. സോപ്പും എണ്ണയും ഹാന്‍ഡ്‌വാഷും അരിയും കല്‍ക്കരിയും വൈദ്യുതിയും വില്‍ക്കുന്നത് മുതല്‍ റോഡ് നിര്‍മാണം, വിമാനത്താവളങ്ങളുടെ പ്രവര്‍ത്തന നിയന്ത്രണം, തുറമുഖങ്ങളുടെ നിര്‍മാണവും നിയന്ത്രണവും വരെ നിര്‍വഹിക്കുന്ന ബിസിനസ് സാമ്രാജ്യമാണ് അദാനി ഗ്രൂപ്പ്.
അദാനി എന്റര്‍പ്രൈസസ് ഇക്കഴിഞ്ഞ ജൂണ്‍പാദത്തില്‍ 116 ശതമാനം കുതിപ്പോടെ 1,455 കോടി രൂപയുടെ ലാഭം നേടിയിരുന്നു. അതിനാല്‍ പ്രണവിനും ചെയര്‍മാന്‍ സ്ഥാനത്തേക്ക് മുന്‍ഗണനയുണ്ട് എന്നാണ് വിവരം. 1988 ലാണ് ഗൗതം, അദാനി ഗ്രൂപ്പിന് തുടക്കമിടുന്നത്. കമ്മോഡിറ്റി വ്യാപാരത്തില്‍ തുടങ്ങിയ അദാനി ഗ്രൂപ്പ് കണ്ണടച്ച് തുറക്കും മുന്‍പാണ് ലോകത്തെ തന്നെ ഏറ്റവും വലിയ സമ്പന്നരില്‍ ഇടം നേടിയത്.
അംബാനിക്ക് തൊട്ടുപിന്നിലാണ് അദാനിയുടെ സ്ഥാനം. ബ്ലൂംബെര്‍ഗിന്റെ റിയല്‍ടൈം ശതകോടീശ്വര പട്ടികപ്രകാരം 11,000 കോടി ഡോളര്‍ (9.21 ലക്ഷം കോടി രൂപ) ആസ്തിയുള്ള ഗൗതം അദാനി ലോകത്ത് 12-ാമതും 11,300 കോടി ഡോളര്‍ (9.46 ലക്ഷം കോടി രൂപ) ആസ്തിയുള്ള മുകേഷ് അംബാനിയാണ് 11-ാമതുമാണ്.












Click it and Unblock the Notifications