സിബിഐ അന്വേഷണത്തിന് പൊതുസമ്മതം പിൻവലിച്ചു; നിർണായക നീക്കവുമായി തെലങ്കാന
ദില്ലി: സംസ്ഥാന സർക്കാർ പരിധിയിൽ വരുന്ന വിഷയങ്ങളിൽ സി ബി ഐ അന്വേഷണത്തിനുള്ള അനുമതി പിൻവലിച്ചതായി ഹൈക്കോടതിയെ അറിയിച്ച് തെലങ്കാന സർക്കാർ. ഞായറാഴ്ചയാണ് ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് ഇറക്കിയത്. ടി ർ എസ് എം എൽ എമാരെ പാർട്ടിമാറ്റാൻ ബി ജെ പിയുടെ നേതൃത്വത്തിൽ നീക്കം നടന്നുവെന്ന ആരോപണത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബി ജെ പി സംസ്ഥാന അധ്യക്ഷൻ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് തെലങ്കാന സർക്കാരിന്റെ നീക്കം.

ബി ജെ പിയെ അപകീർത്തിപ്പെടുത്താനുള്ള കെ സി ആറിന്റെ പാർട്ടിയുടെ ഗൂഢാലോചനയാണിതെന്നും സി ബി ഐയോ എസ് ഐ ടിയോ പോലുള്ള നിഷ്പക്ഷ ഏജൻസികൾ വിഷയം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ബി ജെ പി അധ്യക്ഷനായ ഗുജ്ജുല പരമേന്ദ്രർ കോടതിയെ സമീപിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷനും വിഷയത്തിൽ ബി ജെ പി പരാതി നൽകിയിരുന്നു.
കേസ് ഹൈക്കോടതി പരിഗണിക്കവേയാണ് സി ബി ഐ അന്വേഷണത്തിനുള്ള പൊതുസമ്മതം പിന്‍വലിച്ചതായി അഡീഷ്ണൽ അഡ്വക്കറ്റ് ജനറൽ കോടതിയെ അറിയിച്ചു.ഇത്തരത്തില്‍ അനുമതി പിന്‍വലിക്കുന്ന പത്താമത്തെ സംസ്ഥാനമാണ് തെലങ്കാന. നേരത്തേ കേരളം, ബംഗാൾ, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാന സർക്കാരുകളായിരുന്നു സി ബി ഐ പൊതുസമ്മതം പിൻവലിച്ചത്. ഡല്‍ഹി സ്‌പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം അന്വേഷണം നടത്തണമെങ്കിൽ അതത് സംസ്ഥാന സർക്കാരുകളുടെ അനുമതി ആവശ്യമാണ്.അനുമതി പിൻവലിച്ചതോടെ ഇനി ഏത് വിഷയത്തിലും അന്വേഷണം നടത്തണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ അനുമതി സി ബി ഐക്ക് ആവശ്യമാണ്.
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ പാർട്ടിയായ ഭാരത് രാഷ്ട്ര സമിതിയിലെ (ബിആർഎസ്) എംഎൽഎമാരെ മറുകണ്ടം ചാടിക്കാൻ നൂറ് കോടി രൂപ വാഗ്ദാനം ചെയ്തുവെന്നാണ് കേസ്. സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഹരിയാനയിലെ ഫരീദാബാദിൽ നിന്നുള്ള പുരോഹിതൻ രാമചന്ദ്ര ഭാരതി എന്ന സതീഷ് ശർമ്മ, തിരുപ്പതിയിൽ നിന്നുള്ള ഡി സിംഹയാജി, വ്യവസായി നന്ദകുമാർ എന്നിവരാണ് അറസ്റ്റിലായത്.ബുധനാഴ്ച രാത്രി ഹൈദരാബാദിന് സമീപമുള്ള ഫാംഹൗസിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.












Click it and Unblock the Notifications