കോൺഗ്രസിലേക്ക് മടങ്ങാൻ ഗുലാം നബി ആസാദ്? ചർച്ച തുടങ്ങിയെന്ന്.. 'ഷോക്കിംഗ്', പ്രതികരണം
ശ്രീനഗർ: കോൺഗ്രസ് നേതൃത്വം ഞെട്ടിച്ച് കൊണ്ടായിരുന്നു നാല് മാസങ്ങൾക്ക് മുൻപ് മുതിർന്ന നേതാവായ ഗുലാം നബി ആസാദ് പാർട്ടി വിട്ടത്. തുടർന്ന് സ്വന്തമായി പാർട്ടിയും ഗുലാം നബി പ്രഖ്യാപിച്ചു. ജമ്മുകശ്മീര്‍ കേന്ദ്രീകരിച്ചുള്ള ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി എന്ന സംഘടനയ്ക്കാണ് രൂപം നൽകിയത്. സംസ്ഥാന തിരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കുമെന്നും ആസാദ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോഴിതാ കോൺഗ്രസിലേക്ക് തന്നെ മടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ആസാദ് എന്നുള്ള അഭ്യൂഹങ്ങളാണ് പുറത്തുവരുന്നത്. കോൺഗ്രസിലെ ചില മുതിർന്ന നേതാക്കൾ അദ്ദേഹവുമായി ചർച്ച ആരംഭിച്ചെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നണ്ട്.

ജി-23യിലെ നേതാക്കളായിരുന്ന അഖിലേഷ് പ്രസാദ് സിങ്, ഭൂപീന്ദര്‍ സിങ് ഹൂഡ, അംബികാ സോണി എന്നിവരാണ് ആസാദിനെ മടക്കി കൊണ്ടുവരാനുള്ള ചർച്ചകൾക്ക് ചുക്കാൻ പിടിക്കുന്നതെന്നാണ് റിപ്പോർട്ട്. ഗുജറാത്ത് , ഹിമാചൽ നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് തന്നെ ഇത്തരത്തിലുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും എഎൻഐ റിപ്പോർട്ടിൽ പറയുന്നു. ബി ജെ പിയെ നേരിടാൻ കോൺഗ്രസിന് മാത്രമേ സാധിക്കൂവെന്ന് അടുത്തിടെ ആസാദ് പറഞ്ഞിരുന്നു. കോണ്‍ഗ്രസിന്റെ നയത്തോടല്ല മറിച്ച് അതിന്റെ ദുര്‍ബലമായ സംഘടനാസംവിധാനത്തോടാണ് തനിക്ക് എതിര്‍പ്പെന്നായിരുന്നു ഗുലാം നബിയുടെ വാക്കുകൾ.

ഇതിന് പിന്നാലെ ഗുലാം നബിയെ പരസ്യമായി തന്നെ ഭാരത് ജോഡോ യാത്രയിലേക്ക് ക്ഷണിച്ച് കൊണ്ട് കോൺഗ്രസ് പ്രതികരിച്ചിരുന്നു.ഭാരത് ജോഡോ യാത്രയുടെ കണ്‍വീനറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ് വിജയ് സിംഗ് ആയിരുന്നു യാത്രയിലേക്ക് ക്ഷണിച്ചത്. നേരത്തേ രാഹുൽ ഗാന്ധിയ്ക്കെതിരെ കടുത്ത വിമർശനം ഉയർത്തിയാണ് ആസാദ് പാർട്ടി വിട്ടത്. അതുകൊണ്ട് തന്നെ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുപ്പിച്ച് കൊണ്ട് പ്രശ്ന പരിഹാരം എന്ന നിലയ്ക്കുള്ള സാധ്യതകളാണ് നേതാക്കൾ പരിശോധിക്കുന്നതെന്നാണ് എഎൻഐ റിപ്പോർട്ടിൽ പറയുന്നത്.

ആസാദ് പാർട്ടി പ്രഖ്യാപിച്ചെങ്കിലും അടുത്തിടെ വലിയ തിരിച്ചടി അദ്ദേഹം നേരിട്ടിരുന്നു. ഒപ്പം കോൺഗ്രസ് വിട്ട് എത്തിയവർ പാർട്ടിയിൽ നിന്നും രാജിവെച്ച് കോൺഗ്രസിലേക്ക് മടങ്ങുമെന്ന് പ്രഖ്യാപിച്ചതോടെയായിരുന്നു ഇത്. മുൻ ഉപമുഖ്യമന്ത്രി താരാ ചന്ദ്, മുൻ മന്ത്രി ഡോ. മനോഹർലാൽ, മുൻ നിയമസഭാംഗം ബൽവൻ സിങ് എന്നിവരാണ് പാർട്ടി വിട്ടത്. ഇവർ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുമെന്നാണ് സൂചന.
ഈ സാഹചര്യത്തിലാണ് ആസാദിനേയും മടക്കിയെത്തിക്കാനുള്ള നീക്കം.
ആസാദിനെ തിരികെ കൊണ്ടുവരുന്നതിനോട് ദേശീയ നേതൃത്വത്തിനും എതിർപ്പില്ലെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം മടങ്ങി പോകുമെന്ന വാർത്തകളെ പൂർണമായും തള്ളുകയാണ് ഗുലാം നബി. കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയെന്നുള്ള വാർത്തകൾ യഥാർത്ഥത്തിൽ ഞെട്ടലുണ്ടാക്കിയെന്നാണ് ഗുലാം നബി പ്രതികരിച്ചത്. 'കോൺഗ്രസിലേക്ക് തിരികെ പോകുമെന്ന് പറയുന്ന എ എൻ ഐ റിപ്പോർട്ട് കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. ദൗർഭാഗ്യവശാൽ ഇത്തരം കഥകൾ പടച്ചുവിടുന്നത് കോൺഗ്രസിലെ തന്നെ ഒരു വിഭാഗം നേതാക്കളാണ്. അവർ എന്റെ പാർട്ടിയുടേയും നേതാക്കളുടേയും അനുഭാവികളുടേയും മനോ വീര്യം കെടുത്താൻ ഉള്ള ശ്രമത്തിലാണ്', ഗുലാം നബി പറഞ്ഞു.

'കോൺഗ്രസ് പാർട്ടിയോടും അതിന്റെ നേതൃത്വത്തോടും എനിക്ക് യാതൊരു എതിർപ്പും ഇല്ല. എന്നിരുന്നാലും ഇത്തരം കഥകൾ മെനയുന്നവരോട് ദയവ് ചെയ്ത് ഇങ്ങനെയുള്ള പ്രവൃത്തികളിൽ നിന്ന് വിട്ട് നിൽക്കാൻ പറയണം. ഞാൻ അവരോട് അഭ്യർത്ഥിക്കുകയാണ്. ഒരിക്കൽ കൂടി പറയാം, തിരിച്ച് പോകുമെന്ന വാർത്ത തീർത്തും അടിസ്ഥാനരഹിതമാണ്', ഗുലാം നബി വ്യക്തമാക്കി.












Click it and Unblock the Notifications