കുടുംബാധിപത്യത്തിന്റെ ഗോവന്‍ രാഷ്ട്രീയം: മത്സര രംഗത്ത് 4 ദമ്പതിമാർ, സഹോദരന്‍മാറും അച്ഛനും മകളും വേറെ
പനാജി: രാജ്യത്തെ ഏറ്റവും ചെറിയ സംസ്ഥാനമായ ഗോവയില്‍ ഇന്ന് നിയമസഭ തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. അധികാരത്തില്‍ തുടരാന്‍ കഴിയുമെന്ന് ബി ജെ പി പ്രതീക്ഷിക്കുമ്പോള്‍ ഏതുവിധേനയും ഭരണത്തിലെത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മിയും മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ശക്തിപരീക്ഷണത്തിനായി ഇത്തവണ രംഗത്തുണ്ട്. അതേസമയം ഗോവന്‍ തിരഞ്ഞെടുപ്പ് ഇത്തവണ കൂടുതല്‍ ശ്രദ്ധേയമാവുന്നത് കോൺഗ്രസിലെയും ബിജെപിയിലെയും കുടുംബങ്ങൾ തമ്മിലുള്ള പോരാട്ടത്തിലൂടെയാണ്.
ദമ്പതികളായ മൈക്കിൾ ലോബോയ്ക്കും ഭാര്യ ദെലീലയ്ക്കും കോൺഗ്രസ് ടിക്കറ്റ് നൽകിയതോടെ, ഓരോ കുടുംബത്തിലെയും ഒരാളെ മാത്രമേ തിരഞ്ഞെടുപ്പിന് പരിഗണിക്കൂ എന്ന് ആദ്യം പറഞ്ഞ ബിജെപി, പനാജി നിയമസഭാ മണ്ഡലത്തിൽ നിന്ന് അറ്റനാസിയോ മൊൺസെറാട്ടെയ്ക്കും അദ്ദേഹത്തിന്റെ ഭാര്യ ജെനിഫറിനും ടിക്കറ്റ് നല്‍കുകയായിരുന്നു. തലേഗാവോ സീറ്റിലാണ് ജെനിഫർ മത്സരിക്കുന്നത്.

ആരോഗ്യമന്ത്രി വിശ്വജിത് റാണെ വാൽപോയ് നിയമസഭാ മണ്ഡലത്തിൽ നിന്ന് മത്സരിക്കുമ്പോള്‍ കന്നിയങ്കത്തിനായി അദ്ദേഹത്തിന്റെ ഭാര്യ ദേവിയ റാണെയെ പോറിയം മണ്ഡലത്തിൽ നിന്നാണ് ബി ജെ പി സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. ഈ തീരുമാനത്തിനെതിരെ പാർട്ടിക്കുള്ളില്‍ നിന്ന് തന്നെ വിമർശനം ഉയർന്നപ്പോള്‍ ഇതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി ഉള്‍പ്പടേയുള്ളവർ രംഗത്ത് എത്തിയിരുന്നു.
എല്ലാവരും ഒരു ചിയേഴ്സ് പറഞ്ഞേ: പുത്തന്‍ ചിത്രവുമായി നസ്രിയ ഫഹദ്, ഏറ്റെടുത്ത് ആരാധകർ

"ഞങ്ങൾ ഒരു ദമ്പതികൾക്ക് (വിശ്വജിത്തും ദേവിയ റാണെയും) മാത്രമാണ് ടിക്കറ്റ് നൽകിയത്. അറ്റനാസിയോ മൊൺസെറാട്ടെയും ജെനിഫറും നിലവില്‍ തന്നെ എം എല്‍ എ മാരാണ്'' -മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. അതേസമയം സ്ഥാനാർത്ഥിത്വത്തിലെ ഈ കുടുംബാധിപത്യം ഗോവയെ സംബന്ധിച്ച് അത്ര പുതുമയുള്ളതല്ലെന്ന് സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ സാധിക്കും.

ഗോവയുടെ ആദ്യ മുഖ്യമന്ത്രി ദയാനന്ദ് ബന്ദോദ്കർ 1967-ൽ മർകയിമിൽ നിന്ന് മത്സരിച്ച് വിജയിച്ചപ്പോൾ മകൾ ശശികല അയൽ മണ്ഡലമായ പോണ്ടയിൽ നിന്നും മത്സരിച്ച് വിജയിച്ചതോടെയാണ് ഗോവയിലെ കുടുംബാധിപത്യം ആരംഭിക്കുന്നതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. അഞ്ച് വർഷത്തിന് ശേഷം ബന്ദോദ്കർ അധികാരത്തിലിരിക്കെ അന്തരിച്ചപ്പോൾ ശശികല അദ്ദേഹത്തിന്റെ പിൻഗാമിയായി മുഖ്യമന്ത്രി കസേരയില്‍ എത്തുകയും ചെയ്തു.

ബി ജെ പിയുടെ സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെടുത്തില്ലെന്ന് വ്യക്തമായതോടെയാണ് മൈക്കിൾ ലോബോ ഭാര്യ ദലീലയ്‌ക്കൊപ്പം ജനുവരിയില്‍ പാർട്ടി വിട്ടത്. എം എൽ എ സ്ഥാനവും ക്യാബിനറ്റ് മന്ത്രി സ്ഥാനവും രാജിവച്ച ലോബോ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു, ഇപ്പോൾ യഥാക്രമം കലൻഗുട്ടിൽ നിന്നും സിയോലിമിൽ നിന്നും ഭാര്യ-ഭർത്താക്കൻമാർ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നു.

2012-ൽ ആറ് കുടുംബങ്ങൾക്ക് 12 ടിക്കറ്റായിരുന്നു കോണ്‍ഗ്രസ് നല്‍കിയത്. ഇത് അന്ന് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നെങ്കിലും ഇത്തവണ ലോബോയ്ക്കും ഭാര്യക്കും ടിക്കറ്റ് നല്‍കാന്‍ പാർട്ടി തയ്യാറാവുകയായിരുന്നു . "ഇത് കുടുംബാധിപത്യമല്ല. എന്റെ ഭാര്യ 10 വർഷമായി സർപഞ്ചും അഞ്ച് വർഷമായി പഞ്ച് അംഗവുമാണ്. രാഷ്ട്രീയത്തിൽ അവൾ തനിച്ചാണ് പോരാടുന്നത്" -മൈക്കിള്‍ ലോബോ വ്യക്തമാക്കി.

ഭാര്യ മത്സരിക്കുന്ന സിയോലിമിൽ രണ്ട് വാർഡുകളിലൊഴികെ ഞാൻ അവിടെ പ്രചാരണം പോലും നടത്തിയിട്ടില്ല, "കൂടുതൽ സ്ത്രീകൾ സാമൂഹിക പ്രവർത്തനത്തിലേക്കും രാഷ്ട്രീയത്തിലേക്കും വരണമെന്നും ഭർത്താവിന്റെ നല്ല മനസ്സിനെ മാത്രം ആശ്രയിക്കരുതെന്നും താൻ കരുതുന്നുവെന്നും ലോബോ പറഞ്ഞു. കോൺഗ്രസിനും ബി.ജെ.പിക്കും പുറമെ മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി (എം.ജി.പി) ധവാലിക്കർ സഹോദരങ്ങളായ രാമകൃഷ്ണ, പാണ്ഡുരംഗ് എന്നിവർക്കാണ് ടിക്കറ്റ് നല്‍കിയിരിക്കുന്നത്. അതേസമയം, തൃണമൂൽ കോൺഗ്രസ് ദമ്പതികളായ കിരൺ, കവിത കണ്ടോൾക്കർ എന്നിവരെയും അച്ഛനും മകളുമായ ചർച്ചിൽ, വലങ്ക അലെമാവോ എന്നിവർക്കും ടിക്കറ്റ് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications