ഇന്ത്യക്കാരുടെ ഒരു കാര്യം; സ്വർണ്ണം വാങ്ങാന്‍ ഒന്നാമത്; എന്നാല്‍ ഉല്‍പ്പാദനത്തിലോ? നാല്‍പ്പതാമത്: കണക്ക് ഇതാ
ഉല്‍പ്പാദനം പരിമിതമായ ലോഹം എന്നതാണ് സ്വർണം അമൂല്യമായതും വിലയേറിയതുമാകാനുള്ള പ്രധാന കാരണം. 2025-ൽ ലോകത്തിലെ സ്വർണ ഉൽപ്പാദനം ഏകദേശം 3300 ടണ്ണാണെന്നാണ് കണക്കുകള്‍ പറയുന്നത്. കഴിഞ്ഞ വർഷം ഇത് ഏതാണ്ട് 3250 ടണ്‍ മാത്രമായിരുന്നു. ലോക രാജ്യങ്ങളുടെ പട്ടിക എടുക്കുകയാണെങ്കില്‍ ഉല്‍പ്പാദനത്തില്‍ മുന്നിട്ട് നില്‍ക്കുന്നത് ചൈനയാണ്. 380 ടണ്ണില്‍ അധികമാണ് അവരുടെ പ്രതിവർഷ സ്വർണ ഉത്പാദനം. ഇത് ഏതാണ്ട് ലോക ഉൽപ്പാദനത്തിന്റെ 10-12% വഹിക്കുന്നു.
അയല്‍ക്കാരായ ചൈന സ്വർണ്ണ ഉല്‍പ്പാദനത്തില്‍ ഒന്നാമത് നില്‍ക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളിലൊന്നായ ഇന്ത്യയുടെ ഉൽപ്പാദനം വളരെ കുറവാണ്. അതായത് വെറും 1.5-1.6 ടണ്‍ മാത്രം. ഇത് രാജ്യത്തെ ടോപ് 10 - ൽ പോലും ഇടം നൽകാതെ, ഇറക്കുമതിയിലേക്ക് മാത്രം ആശ്രയിക്കുന്ന സ്ഥിതിയിലേക്ക് നയിക്കുന്നു.

വേൾഡ് ഗോൾഡ് കൗൺസിലിന്റെ (WGC) ഏറ്റവും പുതിയ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ തുടക്കത്തില്‍ പറഞ്ഞത് പോലെ ടോപ് 10 സ്വർണ്ണ ഉത്പാദക രാജ്യങ്ങളില്‍ ഒന്നാമത് വരുന്നത് ചൈനയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന വന്‍തോതിലുള്ള ഖനന പ്രവർത്തനങ്ങളാണ് ചൈനയുടെ കരുത്ത്. 310 ടണ്‍ ഉത്പാദനവുമായി റഷ്യയാണ് ചൈനക്ക് പിന്നില്‍ രണ്ടാമത്. സൈബീരിയന്‍ മേഖലയില്‍ നടക്കുന്ന ഖനന പ്രവർത്തനങ്ങളാണ് റഷ്യയുടെ സ്വർണ്ണത്തിന്റെ പ്രധാന സോഴ്സ്.
290 ടണ്‍ ഉൽപ്പാദനത്തോടെ മൂന്നാം സ്ഥാനത്ത് ഓസ്ട്രേലിയയാണ്.. ക്വീൻസ്‌ലാൻഡിന്റെയും വെസ്റ്റേൺ ഓസ്ട്രേലിയയുടെയും വൻ ഡെപ്പോസിറ്റുകൾ അവർ പരമാവധി പ്രയോജനപ്പെടുത്തുന്നു. 200 ടണ്ണ് ഉൽപ്പാദനത്തോടെ നാലാം സ്ഥാനത്തുള്ള കാനഡയുടെ പ്രധാന ഖനികള്‍ സ്ഥിതി ചെയ്യുന്നത് ഓണ്ടറിയോയും ക്വിബെക്കും പോലുള്ള പ്രദേശങ്ങളിളാണ്. അഡ്വാൻസ്ഡ് ടെക്നോളജി ഉപയോഗിച്ചുള്ള ഖനനമാണ് കാനഡയുടെ ഏറ്റവും വലിയ പ്രത്യേകത.
അഞ്ചാം സ്ഥാനത്തുള്ള അമേരിക്കയുടെ പ്രതിവർഷ ഉത്പാദനം 160 ടണ്ണാണ്. നെവാഡയും അലാസ്കയും പോലുള്ള പ്രധാന ഖനികള്‍ പ്രവർത്തിക്കുന്നുണ്ടെങ്കിലും കടുത്ത പരിസ്ഥിതി നിയന്ത്രണങ്ങൾ വെല്ലുവിളികള്‍ അവർ നേരിടുന്നു. 130 ടണ്ണ് വീതം ഉൽപ്പാദനത്തോടെ ആറാം സ്ഥാനത്ത് മെക്സിക്കോ, ഘാന, കസാഖ്സ്ഥാൻ എന്നീ മൂന്ന് രാജ്യങ്ങള്‍ സ്ഥിതി ചെയ്യുന്നു. 120 ടണ്ണ് ഉൽപ്പാദനത്തോടെ ഒമ്പതാം സ്ഥാനത്ത് ഉസ്ബെകിസ്ഥാനും 100 ടണ്ണ് ഉൽപ്പാദനത്തോടെ പത്താം സ്ഥാനത്ത് ഇന്തോനേഷ്യയുമാണ് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഖനിയായ ഗ്രാസ്ബെർഗ് ഖനിയിലാണ് ഇന്തോനേഷ്യയുടെ കരുത്ത്.
ഇന്ത്യയുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ ഖനനം ചെയ്യുന്നതില്‍ അല്ല വാങ്ങുന്നതിലാണ് നമ്മുടെ മിടുക്ക്. 2025 ല്‍ ലോക ഡിമാന്‍ഡിന്റെ 26 ശതമാനവും ഇന്ത്യയില്‍ നിന്നാണ്. എന്നാല്‍ ഉല്‍പ്പാദനം ആകട്ടെ നാമമാത്രവും. കഴിഞ്ഞ പത്ത് വർഷത്തിനിടെ ശരാശരി 1.5-1.6 ടണ്‍ സ്വർണ്ണം മാത്രമാണ് ഇന്ത്യ ഉൽപ്പാദിപ്പിച്ചത്. പ്രധാനമായും കർണാടകത്തിലെ ഹുത്തി ഗോൾഡ് മൈനാണ് ഇന്ത്യയുടെ സ്രോതസ്സ്.
കണക്ക് പരിശോധിക്കുകയാണെങ്കില്‍ സ്വർണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ പട്ടിക എടുക്കുമ്പോള്‍ ഇന്ത്യയുടെ സ്ഥാനം ഏതാണ്ട് നാല്‍പ്പതാമത് മാത്രമാണ് വരിക. വർഷം 800 ടണ്ണില്‍ അധികമാണ് ഇന്ത്യയുടെ സ്വർണ്ണ ഇറക്കുമതി. ഇന്ത്യയിലെ സ്വർണ ഉൽപ്പാദനത്തിന്റെ കുറവിന് കാരണങ്ങൾ പലതാണ്. പരിസ്ഥിതി നിയന്ത്രണങ്ങൾ, ഭൂപ്രദേശ ലഭ്യതയില്ലായ്മ, പഴയ മൈനിംഗ് ടെക്നോളജികൾ എന്നിവ ചില ഉദാഹരണങ്ങളായി എടുക്കാം. എന്നിരുന്നാലും, ഡെക്കാൻ ഗോൾഡ് മൈൻസ് പോലുള്ള സ്വകാര്യ കമ്പനികൾ പുതിയ പ്രോജക്ടുകൾ ആരംഭിച്ചത് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നു.












Click it and Unblock the Notifications