സ്വര്‍ണം കൂമ്പാരമാക്കി ഇന്ത്യക്കാര്‍; 5 ലക്ഷം കോടി കവിഞ്ഞു, ഞെട്ടിക്കുന്ന കണക്ക്, വില കൂടിയിട്ടും വാങ്ങുന്നു
ഓരോ ഇന്ത്യക്കാരുടെയും ജീവിതത്തില്‍ അഭിവാജ്യ ഘടകമാണ് സ്വര്‍ണം. ജീവിതത്തില്‍ ഒരിക്കലെങ്കിലും സ്വര്‍ണം കൂട്ടിയുള്ള ആഘോഷത്തില്‍ ഭാഗമാണ് എല്ലാവരും. അടുത്ത കാലത്ത് വന്‍തോതില്‍ സ്വര്‍ണവില ഉയര്‍ന്നിട്ടും സ്വര്‍ണം വാങ്ങുന്നത് നിര്‍ത്തിയിട്ടില്ല ഇന്ത്യക്കാര്‍. ഇന്ത്യയിലെ സ്വര്‍ണത്തിന്റെ വലിയൊരു ഭാഗം ആഭരണമായിട്ടാണ് ഉള്ളത് എന്നതും എടുത്തു പറയണം.
രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന്റെ വില 4500 ഡോളര്‍ തൊട്ടത് ദിവസങ്ങള്‍ക്ക് മുമ്പാണ്. ഇതോടെ ഇന്ത്യയിലുള്ള സ്വര്‍ണത്തിന്റെ മൂല്യം 5 ലക്ഷം കോടി ഡോളര്‍ കവിഞ്ഞു. ഇതാകട്ടെ, ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയേക്കാള്‍ കൂടുതലാണ്. ഇന്ത്യയുടെ മൊത്തം ജിഡിപി 4.1 ലക്ഷം കോടി ഡോളറാണ് എന്നാണ് അന്താരാഷ്ട്ര നാണയ നിധിയുടെ കണക്ക്.

അടിയന്തര ആവശ്യം വരുമ്പോള്‍ വില്‍ക്കാമെന്ന് കൂടി കണ്ടാണ് പല ഇന്ത്യക്കാരും സ്വര്‍ണം വാങ്ങുന്നത്. എന്നാല്‍ പ്രതിസന്ധി ഘട്ടത്തില്‍ എല്ലാ ഇന്ത്യക്കാരും സ്വര്‍ണം വില്‍ക്കുന്നില്ല. പലരും ബാങ്ക് വായ്പയെ ആശ്രയിക്കുന്നു. അതായത്, നേരത്തെ വാങ്ങിവച്ച സ്വര്‍ണം അവര്‍ തൊടുന്നില്ല. അടുത്ത കാലത്ത് ആഭരണം വാങ്ങുന്നതില്‍ അല്‍പ്പം കുറവ് വന്നിട്ടുണ്ട്. അതേസമയം, നിക്ഷേപമായി സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്.
ഇന്ത്യക്കാരുടെ വീടുകളിലെ സ്വര്‍ണത്തിന്റെ 75 ശതമാനം ആഭരണമായിട്ടാണ് സൂക്ഷിക്കുന്നത്. അതായത്, നിക്ഷേപം എന്ന രീതിയില്‍ സ്വര്‍ണത്തെ കാണാന്‍ ഇന്ത്യക്കാര്‍ തുടങ്ങിയിട്ടേയുള്ളൂ. സ്വര്‍ണം സമം ആഭരണം എന്ന രീതി പൂര്‍ണമായും വിട്ടുപോയിട്ടില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം വാങ്ങുന്നതില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യക്കാര്‍.
സ്വര്‍ണം വാങ്ങുന്നതില്‍ ഒന്നാം സ്ഥാനത്ത് ഈ രാജ്യം
ലോകത്ത് മൊത്തം സ്വര്‍ണത്തിനുള്ള ആവശ്യത്തില്‍ 26 ശതമാനം ഇന്ത്യയില്‍ നിന്നാണ്. ചൈനക്കാരാണ് ഒന്നാം സ്ഥാനത്തുള്ളത് എന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പറയുന്നു. ആഭരണമായിട്ടാണ് ഇന്ത്യക്കാരും ചൈനക്കാരും ഇപ്പോഴും കൂടുതല്‍ സ്വര്‍ണം വാങ്ങുന്നത്. എന്നാല്‍ സമീപകാലത്ത് നിക്ഷേപം എന്ന രീതിയിലേക്ക് പലരും മാറിവരുന്നുണ്ട്.
അഞ്ച് വര്‍ഷം മുമ്പ് ബാര്‍, കോയിന്‍ എന്നീ രീതിയില്‍ സ്വര്‍ണം വാങ്ങിയിരുന്നവര്‍ 24 ശതമാനമായിരുന്നു. ഇപ്പോള്‍ മൂന്നിലൊന്നായി വര്‍ധിച്ചിട്ടുണ്ട്. അതായത്, ആഭരണം വാങ്ങുന്നതും വില്‍ക്കുന്നതും നഷ്ടം വരുത്തുന്ന ഇടപാടാണെന്ന് ഇന്ത്യക്കാര്‍ തിരിച്ചറിയുന്നു. മാത്രമല്ല, ഗോള്‍ഡ് ഇടിഎഫ്, എസ്ജിബി തുടങ്ങിയ ഡിജിറ്റല്‍ ഗോള്‍ഡ് ഇടപാടുകളിലേക്ക് തിരിയുന്നവര്‍ വര്‍ധിക്കുന്നുമുണ്ട്.
2024 മുതല്‍ 75 ടണ്‍ സ്വര്‍ണമാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വാങ്ങിയത്. ആര്‍ബിഐയുടെ കൈവശമുള്ള മൊത്തം സ്വര്‍ണം 880 ടണ്‍ ആണ്. ഇന്ത്യയുടെ വിദേശ കരുതല്‍ ധനത്തിന്റെ 14 ശതമാനം മാത്രമാണിത് എന്ന് മോര്‍ഗാന്‍ സ്റ്റാന്‍ലി പറയുന്നു. കേന്ദ്ര ബാങ്കുള്‍ സ്വര്‍ണം വാങ്ങുന്നത് ഓരോ വര്‍ഷവും വര്‍ധിക്കുന്നതിനാല്‍ സ്വര്‍ണത്തിനുള്ള ആവശ്യത്തിന് കുറവ് വരില്ല എന്നാണ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ വലിയ തോതില്‍ സ്വര്‍ണവില കുറയാനും സാധ്യതയില്ല.












Click it and Unblock the Notifications