സ്വർണം ആരെങ്കിലും വിട്ടുകളയുമോ: വില കൂടിയത് ശരിക്കും നേട്ടമാക്കിയത് ഇവർ; വന്‍തോതില്‍ വാങ്ങിക്കൂട്ടി
സ്വർണ വില ഉയർന്നതോടെ ആഭരണങ്ങള്‍ വാങ്ങുന്നവരില്‍ വലിയ തോതിലുള്ള കുറവുണ്ടായതായുള്ള റിപ്പോർട്ടുകള്‍ അടുത്തിടെ പുറത്ത് വന്നിരുന്നു. എന്നാല്‍ മൊത്തത്തില്‍ സ്വർണത്തോട് ആളുകള്‍ക്കുള്ള താല്‍പര്യം കുറഞ്ഞുവെന്നല്ല ഇത് വ്യക്തമാക്കുന്നത്. ഈ സാമ്പത്തിക വർഷം മാർച്ച് പാദത്തില്‍ മാത്രം സ്വർണ വിപണിയില്‍ ചരിത്രപരമായ വർധനവ് രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
മോട്ടിലാൽ ഓസ്വാൾ പ്രൈവേറ്റ് വെൽത്തിന്റെ മേയ് ആൽഫ സ്ട്രാറ്റജിസ്റ്റ് റിപ്പോർട്ട് പ്രകാരം സ്വർണത്തിന്റെ നിക്ഷേപ ഡിമാന്‍ഡ് കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനേക്കാള്‍ 170 ശതമാനമാണ് വർധിച്ചിരിക്കുന്നത്. ആഗോള സാമ്പത്തിക രംഗത്തെ അസ്ഥിരത, വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, യുഎസ് ഡോളറിന്റെ മൂല്യത്തകർച്ച എന്നിവയാണ് സ്വർണത്തിലേക്ക് കൂടുതല്‍ ആളുകളെ ആകർഷിച്ചതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

വിതരണത്തില്‍ നേരിയ വർധനവ് മാത്രം ഉണ്ടായപ്പോഴാണ് വില്‍പ്പനയുടെ മൂല്യം റെക്കോർഡ് നിരക്കില്‍ ഉയർന്നത്. വില വർധനവ് തന്നെയാണ് മൂല്യം കുത്തനെ ഉയരാനുണ്ടായ പ്രധാന കാരണം. മോട്ടിലാൽ ഓസ്വാളിന്റെ റിപ്പോർട്ട് പ്രകാരം, 2025 മാർച്ച് പാദത്തിൽ സ്വർണത്തിന്റെ നിക്ഷേപ ഡിമാൻഡ് 552 ടണ്ണായിരുന്നു. ഇതിന് മുമ്പ് 2022 മാർച്ച് പാദത്തിൽ റഷ്യ-യുക്രൈൻ യുദ്ധ സമയത്ത് ഏതാണ്ട് ഇതിന് സമാനമായ രീതിയില്‍ വില്‍പ്പനയുണ്ടായിരുന്നു.
ആഭരണങ്ങളിലെ നിക്ഷേപം കുറഞ്ഞപ്പോള്‍ ആഗോളതലത്തിൽ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിലേക്കാണ് (ETF) കൂടുതല്‍ നിക്ഷേപവും എത്തിയത്. ഇടിഎഫുകളുടെ ഹോൾഡിംഗുകൾ ഈ പാദത്തിൽ 226 ടൺ എന്ന നിരക്കില്‍ വർധിച്ചു. യൂറോപ്യൻ സെൻട്രൽ ബാങ്ക് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും ഇടിഎഫുകള്‍ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചു. ഇന്ത്യയിലെ ഇടിഎഫുകളിലെ നിക്ഷേപ ഡിമാന്‍ഡില്‍ 11 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.
പ്രസ്തുത കാലയളവില്‍ സ്വർണ വിലയില്‍ വലിയ കുതിപ്പാണ് ഉണ്ടായത്. ഇന്ത്യയിലെ മാത്രം സ്ഥിതി പരിശോധിക്കുകയാണെങ്കില്‍ ഈ വർഷത്തിന്റെ തുടക്കം മുതല്‍ സ്വർണവിലയില്‍ 23 ശതമാനത്തോളം വർധനവാണ് ഉണ്ടായിരിക്കുന്നത്. കേരളത്തില്‍ ഒരു ഘട്ടത്തില്‍ സ്വർണ വില പവന് 73000 ത്തിന് മുകളിലേക്ക് വരെ എത്തി.
മാർച്ച് പാദത്തില്‍ വിവിധ സെന്‍ട്രല്‍ ബാങ്കുകളുടെ സ്വർണ വാങ്ങലിലും വലിയ തോതിലുള്ള കുതിപ്പുണ്ടായി. ഏകദേശം 244 ടണ്‍ സ്വർണമാണ് ഇക്കാലയളവില്‍ ബാങ്കുകള്‍ വാങ്ങിക്കൂട്ടിയത്. ഇതാകട്ടെ കഴിഞ്ഞ അഞ്ച് വർഷത്തെ ശരാശരിയെക്കാൾ 24 ശതമാനം കൂടുതലാണ്.എന്നാൽ, മുൻ പാദത്തെ അപേക്ഷിച്ച് നേരിയ കുറവുമുണ്ടായി.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ മാർച്ചിൽ 0.6 ടൺ സ്വർണമാണ് അവർ വാങ്ങിയത്. ഇതോടെ ആകെ ശേഖരം 879.6 ടണ്ണായി. ഇത് ആർ ബി ഐയുടെ മൊത്തം ഫോറെക്സ് റിസർവിന്റെ 11.7 ശതമാനവുമാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ ആർ ബി ഐ 57.5 ടൺ സ്വർണമാണ് വാങ്ങിയത്. എന്നാൽ, സമീപകാലത്ത് വാങ്ങലുകളില്‍ അല്‍പം മിതത്വം പാലിക്കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.
അതേസമയം ആഭരണങ്ങള്‍ക്കുള്ള മൂല്യം ഇന്ത്യയില്‍ മാത്രലമല്ല, ആഗോളതലത്തില്‍ തന്നെ വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. മാർച്ച് പാദത്തിൽ ഇന്ത്യയില്‍ ആഭരണ ഉപഭോഗം 25 ശതമാനം ഇടിഞ്ഞ് 71 ടണ്ണായി. 2020 ലെ മൂന്നാം പാദത്തിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ അളവാണ് ഇത്. ഉപഭോക്താക്കളില്‍ പലരും ഭാരം കുറഞ്ഞ ആഭരണങ്ങൾ വാങ്ങുകയോ പഴയ ആഭരണങ്ങൾ മാറ്റിവാങ്ങുകയോയാണ് ചെയ്യുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications