ഇന്ത്യ സ്വര്‍ണം സൂക്ഷിച്ചത് എവിടെ എന്നറിയാമോ? മഞ്ഞലോഹ ശേഖരം വര്‍ധിച്ചു
ന്യൂഡല്‍ഹി: ലോകത്ത് വന്‍ തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വിപണിയിലെ സ്വര്‍ണത്തിന്റെ കാര്യമല്ലിത്. വിപണിയില്‍ സ്വര്‍ണം പരിധി വിട്ട് വര്‍ധിക്കുമ്പോള്‍ സര്‍ക്കാര്‍ ഇടപെടുകയും നിയന്ത്രിത മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്യും. എന്നാല്‍ ഓരോ രാജ്യങ്ങളുടെയും കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങുന്നുണ്ട്. ഇന്ത്യയുടെ റിസര്‍വ് ബാങ്കും ഇതിലുള്‍പ്പെടും.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) യുടെ കൈവശമുള്ള സ്വര്‍ണത്തിന്റെ അളവ് വന്‍തോതില്‍ വര്‍ധിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം 34.22 മെട്രിക് സ്വര്‍ണമാണ് വര്‍ധിച്ചത്. ഇതോടെ ആര്‍ബിഐയുടെ കൈവശമുള്ള മൊത്തം സ്വര്‍ണത്തിന്റെ അളവ് 794.64 മെട്രിക് ടണ്‍ ആയി. ഇക്കഴിഞ്ഞ മാര്‍ച്ച് 31 വരെയുള്ള കണക്കാണിത്.

2021ല്‍ ആര്‍ബിഐയുടെ സ്വര്‍ണം 695 മെട്രിക് ടണ്‍ ആയിരുന്നു. 2022ല്‍ 760 ടണ്‍ ആയി ഉയര്‍ന്നു. ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള കണക്ക് പ്രകാരം ഇത് 794 ആയി. ഇതില്‍ 56 മെട്രിക് ടണ്‍ സ്വര്‍ണ നിക്ഷേപവും കൂടി ഉള്‍പ്പെടും. ആര്‍ബിഐയുടെ അര്‍ധ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് സ്വര്‍ണത്തിന്റെ അളവ് സംബന്ധിച്ച് വിശദീകരിക്കുന്നത്.
ഇത്രയും സ്വര്‍ണം ആര്‍ബിഐ എവിടെയാണ് സൂക്ഷിക്കുന്നത് എന്ന സംശയത്തിനും റിപോര്‍ട്ടില്‍ മറുപടിയുണ്ട്. 473 മെട്രിക് സ്വര്‍ണം വിദേശത്താണ്. ബാക്കി ഇന്ത്യയിലും സൂക്ഷിച്ചിരിക്കുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ബാങ്ക് ഓഫ് ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ് (ബിഐഎസ്) എന്നിവിടങ്ങളിലാണ് ഇന്ത്യ സ്വര്‍ണം സൂക്ഷിച്ചിരിക്കുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, മാര്‍ച്ച് 31 വരെയുള്ള കണക്ക് പ്രകാരം ഇന്ത്യയുടെ മൊത്തം വിദേശ കരുതല്‍ ധനം 578 ബില്യണ്‍ ഡോളറാണ്. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ ഏഴ് മെട്രിക് ടണ്‍ സ്വര്‍ണം ആര്‍ബിഐ ശേഖരിച്ചിട്ടുണ്ടെന്ന് ലോക ഗോള്‍ഡ് കൗണ്‍സില്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ ആറ് വര്‍ഷമായി ആര്‍ബിഐ സ്വര്‍ണത്തിന്റെ കരുതല്‍ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ഇന്ത്യ മാത്രമല്ല, ലോകത്തെ മിക്ക രാജ്യങ്ങളും സ്വര്‍ണ ശേഖരം വര്‍ധിപ്പിക്കുന്നുണ്ട്. മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂര്‍, പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന, സെന്‍ട്രല്‍ ബാങ്ക് ഓഫ് തുര്‍ക്കി എന്നീ കേന്ദ്ര ബാങ്കുകളും വന്‍തോതില്‍ സ്വര്‍ണം വാങ്ങുകയാണ്. ഡോളറിന്റെ മൂല്യ ശോഷണം നടക്കുന്ന സാഹചര്യത്തിലാണ് എല്ലാ രാജ്യങ്ങളും സ്വര്‍ണം ശേഖരിക്കുന്നത്. ജനുവരി-മാര്‍ച്ച് കാലയളവില്‍ ഏറ്റവും കൂടുതല്‍ സര്‍ണം വാങ്ങിയത് സിംഗപ്പൂര്‍ കേന്ദ്രബാങ്കാണ്. 69 മെട്രിക് ടണ്‍.
എന്തുകൊണ്ടാണ് കേന്ദ്ര ബാങ്കുകള്‍ വഴി ലോക രാജ്യങ്ങള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് എന്ന സംശയം സ്വാഭാവികമാണ്. ആഗോള തലത്തില്‍ സാമ്പത്തിക പ്രതിസന്ധി രൂപപ്പെടുമ്പോഴാണ് എന്ന് ഒറ്റവാക്കില്‍ ഉത്തരം പറയാം. സാമ്പത്തിക പ്രതിസന്ധി വരുമ്പോള്‍ അത് തരണം ചെയ്യുന്നതിന് മതിയായ ആസ്തി ഓരോ രാജ്യങ്ങളും കരുതിവെക്കും. ഇതാണ് തകരാത്ത നിക്ഷേപമായി കരുതുന്ന സ്വര്‍ണം വാങ്ങി വെക്കാന്‍ കാരണം.
ഡോളറിനെ ആശ്രയിച്ചാണ് ലോകത്തെ പ്രധാന രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര ഇടപാടുകള്‍ നടക്കാറ്. എന്നാല്‍ സമീപ കാലത്ത് ഇതില്‍ നിന്ന് മിക്ക രാജ്യങ്ങളും മാറി ചിന്തിക്കുന്നുണ്ട്. സ്വന്തം കറന്‍സികളില്‍ ഇടപാട് നടത്താന്‍ ചൈനയും ഇന്ത്യയും യുഎഇയുമെല്ലാം ചര്‍ച്ചകള്‍ നടക്കുകയാണ്. ഇതോടെ ഡോളറിന്റെ അപ്രമാദിത്വം തകരുമെന്നാണ് കരുതുന്നത്. ഈ വേളയില്‍ കൂടിയാണ് കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം ശേഖരിക്കുന്നത്.












Click it and Unblock the Notifications