സ്വര്‍ണം വാങ്ങിക്കൂട്ടി ആര്‍ബിഐ; എല്ലാം ഇന്ത്യയില്‍ ഇല്ല, സ്വര്‍ണവില കുതിച്ച വേളയില്‍ സംഭവിച്ചത്...
ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള ലോഹമാണ് സ്വര്‍ണം. അതിവേഗം വില വര്‍ധിക്കുന്നതും സ്വര്‍ണത്തിന് തന്നെ. സ്വര്‍ണത്തിലെ നിക്ഷേപം എന്തുകൊണ്ടും ലാഭം തരും എന്ന് പറയാന്‍ കാരണം കഴിഞ്ഞകാല വില വര്‍ധനവ് തന്നെയാണ്. എന്താണ് സ്വര്‍ണത്തിന് ഇത്രയും വില കൂടാന്‍ കാരണം എന്ന് ചിന്തിച്ചിട്ടുണ്ടോ. വ്യക്തികള്‍ വാങ്ങുന്നത് മാത്രമല്ല...
ഓരോ രാജ്യങ്ങളും അവരുടെ കേന്ദ്ര ബാങ്കുകള്‍ മുഖേന സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നുണ്ട്. ആ രാജ്യത്തിന്റെ സാമ്പത്തിക ശേഷി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. എത്രത്തോളം സ്വര്‍ണം കൈവശമുണ്ടോ അത്രയും രാജ്യം ഭദ്രമാണ് എന്ന സാമ്പത്തിക സങ്കല്‍പ്പത്തിലേക്ക് ലോകം മാറിയിട്ടുണ്ട്. ഈ വേളയിലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ വര്‍ഷം വാങ്ങിയ സ്വര്‍ണത്തിന്റെ കണക്ക് പുറത്തുവന്നിരിക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ മാത്രം ആര്‍ബിഐ 25 ടണ്‍ സ്വര്‍ണം വാങ്ങി. അന്തര്‍ദേശീയ തലത്തില്‍ സ്വര്‍ണവില കുതിച്ചുയര്‍ന്ന ഘട്ടം കൂടിയാണിത്. ഈ വേളയില്‍ കൂടുതല്‍ വാങ്ങി സംഭരിച്ചിരിക്കുകയാണ് ആര്‍ബിഐ. ആര്‍ബിഐയുടെ അര്‍ധവാര്‍ഷിക വിദേശ കരുതല്‍ ധനവിനിയോഗ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. റിപ്പോര്‍ട്ട് ആര്‍ബിഐ പരസ്യപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയുടെ കൈവശം എത്ര സ്വര്‍ണമുണ്ട്?
2024 ഒക്ടോബര്‍ മുതല്‍ കഴിഞ്ഞ മാര്‍ച്ച് 31 വരെയുള്ള കാലയളവിലാണ് 25 ടണ്‍ സ്വര്‍ണം വാങ്ങിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്തം 57 ടണ്‍ സ്വര്‍ണം വാങ്ങിയിട്ടുണ്ട്. 2024 ഏപ്രില്‍ ഒന്ന് മുതല്‍ സെപ്തംബര്‍ 30 വരെയുള്ള കാലയളവില്‍ 32 ടണ്‍ സ്വര്‍ണം വാങ്ങി. 2024 സെപ്തംബറില്‍ ഇന്ത്യയുടെ മൊത്തം സ്വര്‍ണ ശേഖരം 854.73 ടണ്‍ സ്വര്‍ണമായിരുന്നു. 2025 മാര്‍ച്ച് 31 ആയപ്പോള്‍ 879.59 ടണ്‍ ആയി വര്‍ധിച്ചു.
കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ഇത്രയും ഉയര്‍ന്ന അളവില്‍ ആര്‍ബിഐ സ്വര്‍ണം വാങ്ങിയത് കഴിഞ്ഞ സാമ്പത്തിക വര്‍ഷമാണ്. സ്വര്‍ണത്തിന് 30 ശതമാനത്തോളം വില കൂടിയ വര്‍ഷമായിരുന്നു ഇത്. ഇന്ത്യയുടെ സ്വര്‍ണം എല്ലാം ആഭ്യന്തരതലത്തില്‍ സൂക്ഷിക്കുന്നില്ല. ഇന്ത്യയിലും വിദേശത്തുമായിട്ടാണ് സൂക്ഷിക്കുന്നത്. രാജ്യത്തുള്ളത് 511.99 ടണ്‍ മാത്രമാണ്.
ബാക്കിയുള്ളത് ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ബാങ്ക് ഫോര്‍ ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ് (ബിഐഎസ്) തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളിലാണ്. ഈ രണ്ടിടത്തുമായി 348.62 ടണ്‍ സ്വര്‍ണമാണ് സൂക്ഷിച്ചിരിക്കുന്നത്. ആവശ്യമുള്ള ഘട്ടത്തില്‍ രാജ്യത്തേക്ക് കൊണ്ടുവരാന്‍ സാധിക്കും. അതീവ രഹസ്യമായും സുരക്ഷിതവുമായിട്ടുമാണ് വിദേശത്തുള്ള സ്വര്‍ണം രാജ്യത്തേക്ക് കൊണ്ടുവരിക. മേല്‍പ്പറഞ്ഞതിന് പുറമെ 18.98 ടണ്‍ സ്വര്‍ണം ഇന്ത്യ നിക്ഷേപമായും സൂക്ഷിച്ചിട്ടുണ്ട്.
മൊത്തം കരുതല്‍ ധനത്തില്‍ കുറവ്
2024 മാര്‍ച്ച് 31 വരെയുള്ള കണക്കു പ്രകാരം ഇന്ത്യയില്‍ സൂക്ഷിച്ച സ്വര്‍ണം 408 ടണ്‍ ആയിരുന്നു. 2024 സെപ്തംബര്‍ 30 ആയപ്പോഴേക്കും ഇത് 510.46 ടണ്‍ ആയി ഉയര്‍ന്നു. വിദേശത്ത് സൂക്ഷിച്ച സ്വര്‍ണത്തിന്റെ ഒരു വിഹിതം ഇന്ത്യയില്‍ എത്തിച്ചതായിരുന്നു കാരണം. ആഗോളതലത്തില്‍ രാഷ്ട്രീയ സംഘര്‍ഷം രൂക്ഷമായ ഘട്ടത്തിലാണ് വിദേശത്തുള്ള സ്വര്‍ണം ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. 1991ന് ശേഷം ആദ്യമായിട്ടായിരുന്നു അങ്ങനെ ഒരു തീരുമാനം.
സ്വര്‍ണം, ഡോളര്‍ ഉള്‍പ്പെടെ വിവിധ രൂപത്തില്‍ വിദേശ കരുതല്‍ ധനം എല്ലാ രാജ്യങ്ങളും സൂക്ഷിക്കും. ഇന്ത്യയുടെ മൊത്തം വിദേശ കരുതലില്‍ 11.70 ശതമാനമാണ് സ്വര്‍ണം. നേരത്തെ ഇത് 9.32 ശതമാനം ആയിരുന്നു. സ്വര്‍ണത്തിന്റെ ശേഖരം കൂടി എങ്കിലും മൊത്തം വിദേശ കരുതല്‍ ധനം കുറയുകയാണ് ചെയ്തിട്ടുള്ളത്. 2024 സെപ്തംബറിലെ കണക്കു പ്രകാരം വിദേശ കരുതല്‍ ധനം 705.78 ബില്യണ്‍ ആയിരുന്നു എങ്കില്‍ 2025 മാര്‍ച്ചില്‍ ഇത് 668.33 ബില്യണ്‍ ആയി താഴ്ന്നു. 10.5 മാസം ഇറക്കുമതിക്ക് പര്യാപ്തമായ ശേഖരമാണിത്. നേരത്തെ 11.8 മാസത്തെ വിദേശ ഇറക്കുമതിക്ക് മതിയായ കരുതല്‍ ധനം ഉണ്ടായിരുന്നു.












Click it and Unblock the Notifications