നിക്ഷേപത്തിന് ബെസ്റ്റ് സ്വര്‍ണം തന്നെ... ബിറ്റ്‌കോയിനേക്കാള്‍ നേട്ടം, ലാഭം ഇങ്ങനെ!
2025 ലെ ആദ്യ രണ്ട് മാസങ്ങള്‍ ഓഹരി വിപണി നിക്ഷേപകരെ സംബന്ധിച്ചിടത്തോളം പൂര്‍ണ്ണമായ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ താരിഫ് ഭീഷണികള്‍ കാരണം ഭൗമരാഷ്ട്രീയ മേഖലയില്‍ മെത്തത്തില്‍ അനിശ്ചിതത്വം നിലനിന്നപ്പോഴും സ്വര്‍ണം, ക്രിപ്റ്റോകറന്‍സി തുടങ്ങിയ മറ്റ് ആസ്തി വിഭാഗങ്ങള്‍ക്ക് റിട്ടേണ്‍ തികച്ചും വ്യത്യസ്തമായി പ്രവര്‍ത്തിച്ചു.
യുഎസിന്റെ താരിഫ് ഭീഷണി കാരണം നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപങ്ങളിലേക്ക് തിടുക്കം കൂട്ടുകയും വിതരണ ശൃംഖലയിലെ അനിശ്ചിതത്വം സൃഷ്ടിക്കുകയും പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തുകയും ചെയ്തതിനാല്‍ ഈ വര്‍ഷം ഇതുവരെ സ്വര്‍ണ വില 12% ത്തിലധികം ഉയര്‍ന്നു. കഴിഞ്ഞ മാസം മാത്രം, ഓഹരി വിപണികള്‍ നഷ്ടത്തില്‍ തുടര്‍ന്നിട്ടും സ്വര്‍ണം ഏകദേശം 3% ഉയര്‍ന്നു.

ഇതേ കാലയളവില്‍ എസ് & പി 500 സൂചിക 1.5% ത്തിലധികം ഇടിഞ്ഞു. ടെക്-ഹെവി സൂചികയായ നാസ്ഡാക്കും ഏകദേശം 4% നെഗറ്റീവ് റിട്ടേണുകള്‍ നല്‍കി നിക്ഷേപകരെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടു. ആഭ്യന്തര ബെഞ്ച്മാര്‍ക്ക് സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും കഴിഞ്ഞ മാസം ഏകദേശം 5% ഇടിഞ്ഞു. അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ നിക്ഷേപകര്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നത് തുടരുകയാണ്.
നിക്ഷേപകര്‍ പരമ്പരാഗത ആസ്തികളിലേക്ക് മടങ്ങുന്നതായി തോന്നുമെങ്കിലും, ഏറ്റവും അപകടസാധ്യതയുള്ള ആസ്തി ക്ലാസുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ക്രിപ്റ്റോകറന്‍സിയുടെ പാത അവഗണിക്കുന്നത് തെറ്റായിരിക്കും. നിക്ഷേപകരുടെ താല്‍പ്പര്യം ആകര്‍ഷിക്കുന്നത് ബിറ്റ്കോയിന്‍ മാത്രമല്ല, എഡിഎ, എക്‌സ്ആര്‍പി, എതെറിയം പോലുള്ള മറ്റ് ക്രിപ്റ്റോ നാണയങ്ങളും കൂടിയാണ്.
ഡിജിറ്റല്‍ ആസ്തി മേഖലയിലെ പ്രബലമായ ക്രിപ്റ്റോകറന്‍സിയായി ബിറ്റ്കോയിന്‍ തുടരുമ്പോഴും പരിമിതമായ വിപണി വിഹിതമുള്ള മറ്റ് ക്രിപ്റ്റോ നാണയങ്ങള്‍ വളരെ വേഗത്തില്‍ ആക്കം കൂട്ടാന്‍ തുടങ്ങുമെന്ന് പലരും കണക്കാക്കുന്നു. ട്രംപ് ആദ്യമായി 'ക്രിപ്റ്റോ റിസര്‍വ്' എന്ന് പരാമര്‍ശിച്ചപ്പോള്‍ തന്നെ ബിറ്റ്കോയിനില്‍ നേരിയ വര്‍ധനവ് ഉണ്ടായി. അതേസമയം എഡിഎ, എസ്ഒഎല്‍, എക്‌സ്ആര്‍പി പോലുള്ള മറ്റ് ഡിജിറ്റല്‍ നാണയങ്ങള്‍ 50% വരെ കുതിച്ചു.
ഈ വര്‍ഷം ആദ്യം, ഗോള്‍ഡ്മാന്‍ സാച്ച്സ് ബിറ്റ്കോയിനിലും എതെറിയം എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിലും നിക്ഷേപം വര്‍ധിപ്പിച്ചു. എതെറിയം ഇടിഎഫ് ഹോള്‍ഡിംഗുകള്‍ 2000% വര്‍ധിപ്പിച്ചു. ഈ വര്‍ഷം ഇതുവരെ നിരവധി ക്രിപ്റ്റോ നാണയങ്ങള്‍ കുതിപ്പ് നടത്തി എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോഴും ആസ്തി വിഭാഗത്തിലെ ചാഞ്ചാട്ടം അവഗണിക്കാനാകില്ല. ഇവിടെയാണ് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം മികച്ച റിട്ടേണ്‍ നേടുന്നത്.
കഴിഞ്ഞ വര്‍ഷം, മഞ്ഞ ലോഹം 25%-ത്തിലധികം ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെ കുതിപ്പ് ഈ വര്‍ഷവും തുടരും എന്നും സ്വര്‍ണ വില 3000 ഡോളര്‍ എന്ന വിലനിലവാരത്തിലെത്തുമെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. അനിശ്ചിതത്വം വ്യക്തിഗത നിക്ഷേപകരെ മാത്രമല്ല, സെന്‍ട്രല്‍ ബാങ്കുകളെയും അവരുടെ സ്വര്‍ണ ഹോള്‍ഡിംഗ് വര്‍ദ്ധിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കി, ഇത് വില ഉയരാന്‍ കാരണമായി.
(മുകളില്‍ പറഞ്ഞിരിക്കുന്നത് ഒരു നിക്ഷേപ നിര്‍ദ്ദേശമല്ല. ലഭ്യമായ വസ്തുതകള്‍ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങള്‍ മാത്രമാണ്. ഓഹരി നിക്ഷേപങ്ങള്‍ വിപണികളിലെ ലാഭ-നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ് എന്ന വസ്തുത എപ്പോഴും ഓര്‍ക്കുക. അതിനാല്‍ തന്നെ ഇത്തരം നിക്ഷേപങ്ങള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ വേണം)












Click it and Unblock the Notifications