വാന്‍ ഡ്രൈവറെ കൊലപ്പെടുത്തി 7 കിലോ സ്വര്‍ണം കവര്‍ന്നു
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ലക്‌നൗവില്‍ കൊറിയര്‍ ഡ്രൈവറെ കൊലപ്പെടുത്തി 7 കിലോ സ്വര്‍ണം കവര്‍ന്നതായി റിപ്പോര്‍ട്ട്. അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സീക്വല്‍ ലൊജിസ്റ്റിക് പ്രൈവറ്റ് ലിമിറ്റഡിന്റെ വാഹനം തടഞ്ഞുനിര്‍ത്തിയാണ് ഡ്രൈവറെ വെടിവെച്ചു കൊലപ്പെടുത്തിയത്. വാനിലെ സെക്യൂരിറ്റി ഗാര്‍ഡ് വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ ലക്‌നൗ ട്രോമ സെന്ററില്‍ ചികിത്സയിലാണ്.
ഡ്രൈവര്‍ ഹരിചന്ദ് യാദവ് (30)ആണ് കൊല്ലപ്പെട്ടത്. അഹമ്മദാബാദില്‍ നിന്നും ലക്‌നൗവിലേക്ക് പോകുകയായിരുന്നു വാഹനം. വാഹനത്തിലുണ്ടായിരുന്ന മറ്റൊരാളാണ് വിവരം പോലീസില്‍ അറിയിച്ചത്. അക്രമികളുടെ കൈയ്യില്‍നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. അക്രമികളെക്കുറിച്ച് ഇതുവരെയും സൂചനയൊന്നും ലഭിച്ചിട്ടില്ല.

വാഹനത്തില്‍ സ്വര്‍ണ ബിസ്‌കറ്റുകളും ആഭരണങ്ങളും ഉണ്ടെന്ന വിവരം ലഭിച്ചവരാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ കൊറിയര്‍ കമ്പനികള്‍ രഹസ്യമാക്കിവെക്കാറുള്ളതുകൊണ്ടുതന്നെ കമ്പനിയുമായി ബന്ധപ്പെട്ട ആരെങ്കിലും കവര്‍ച്ചയ്ക്കു പിന്നിലുണ്ടാകുമെന്നാണ് പോലീസ് കരുതുന്നത്.
എടിഎം കാര്‍ഡുകളും മൊബൈല്‍ ഫോണു നഷ്ടപ്പെട്ടതായി കൊറിയര്‍ കമ്പനി പോലീസിനെ അറിയിച്ചു. അക്രമികള്‍ക്കുവേണ്ടി സംസ്ഥാന വ്യാപകമായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും അതിര്‍ത്തികളിലും മറ്റു വാഹന പരിശോധന കര്‍ശനമാക്കിയതായും പോലീസ് പറഞ്ഞു.












Click it and Unblock the Notifications