രാജ്യസഭയില്‍ നാണം കെട്ട് മോദി സര്‍ക്കാര്‍... എംപിമാര്‍ മുങ്ങിയപ്പോള്‍ കോണ്‍ഗ്രസ്സിന്റെ സ്‌കോറിങ്!
ദില്ലി: ലോക്‌സഭയില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ തറപറ്റിക്കാന്‍ ഇപ്പോഴത്തെ സ്ഥിതിയില്‍ ആര്‍ക്കും ആകില്ല. എന്നാല്‍ രാജ്യസഭയില്‍ അതല്ല സ്ഥിതി. അവിടെ ഇപ്പോഴും കോണ്‍ഗ്രസ്സിനും പ്രതിപക്ഷ കക്ഷികള്‍ക്കും അത്യാവശ്യം പ്രാതിനിധ്യമുണ്ട്.
എന്നാല്‍ ഇപ്പോള്‍ രാജ്യസഭയില്‍ കിട്ടിയ പണി കേന്ദ്ര സര്‍ക്കാരിന് അത്ര പെട്ടെന്നൊന്നും മറക്കാന്‍ പറ്റില്ല. പ്രതിപക്ഷം കൊണ്ടുവന്ന ഭേഗതി പാസാക്കേണ്ട അവസ്ഥയാണ് വന്നത്. അതിനാണെങ്കില്‍ മറ്റാരേയും കുറ്റം പറയാനും പറ്റില്ല.
സ്വന്തം എംപിമാരാണ് കൂട്ടത്തോടെ മുങ്ങിയത്. അതില്‍ കേന്ദ്ര മന്ത്രിമാര്‍ കൂടി ഉള്‍പ്പെടും എന്ന് കേട്ടാല്‍ ഞെട്ടേണ്ടി വരും. സംഭവത്തില്‍ മോദിയും അമിത് ഷായും ഞെട്ടിയിരിക്കുകയാണ്.

പിന്നാക്ക വിഭാഗ കമ്മീഷന്‍
പിന്നാക്ക വിഭാഗ കമ്മീഷനുമായി ബന്ധപ്പെട്ട ഭരണഘടന ഭേദഗതി ബില്‍ ആണ് ബിജെപിയ്ക്ക് നാണക്കേട് സമ്മാനിച്ചത്. ബില്‍ രാജ്യസഭ പരിഗണിക്കുമ്പോള്‍ അത് ഇത്രയേറെ പ്രശ്‌നമാകുമെന്ന് അവര്‍ കരുതിക്കാണില്ല.

കോണ്‍ഗ്രസ്സിന്റെ ജയം!
ഭരണ ഘടന ഭേദഗതി ബില്ലില്‍ കോണ്‍ഗ്രസ്സ് ഒരുപാട് ഭേദഗതികള്‍ ഉന്നയിച്ചിരുന്നു. ഒടുവില്‍ പാസായത് പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസ്സിന്റെ ഭേദഗതികള്‍ തന്നെ. സര്‍ക്കാര്‍ പക്ഷം നോക്കുകുത്തിയായി.

കൂട്ടത്തോടെ മുങ്ങി!!!
ബിജെപിയുടെ മുപ്പതോളം എംപിമാകാണ് ഈ ബില്‍ പരിഗണനയില്‍ വന്ന സമയത്ത് രാജ്യസഭയില്‍ നിന്ന് മുങ്ങിയത്. അതില്‍ മന്ത്രിമാരും ഉള്‍പ്പെടും.

എതിര്‍ത്ത ഭേദഗതികള്‍
പിക്കാക്ക വിഭാഗ കമ്മീഷന് ഭരണഘടന പദവി നല്‍കുന്നത് സംബന്ധിച്ചായിരുന്നു ബില്‍. ഈ ബില്ലില്‍ കോണ്‍ഗ്രസ് ഒരുപാട് ഭേദഗതികള്‍ മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ അതിനെ അതി ശക്തമായി സര്‍ക്കാര്‍ എതിര്‍ക്കുകയും ചെയ്തു. പക്ഷേ ബില്‍ പാസായത് കോണ്‍ഗ്രസ് ഭേദഗതി അംഗീകരിച്ചുകൊണ്ടാണ്.

വലിയ നാണക്കേട്
രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാരിന് വലിയ നാണക്കേടുണ്ടാക്കിയ സംഭവം ആണ് ഇത്. തിങ്കളാഴ്ച ആയിരുന്നു ബില്‍ പാസായത്. ഇതില്‍ പാര്‍ട്ടി നേതൃത്വത്തിന് കടുത്ത അമര്‍ഷമാണ് ഉള്ളത്.

മോദിയും അമിത് ഷായും
സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും കടുത്ത ദേഷ്യത്തിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. സഭയില്‍ നിന്ന് മുങ്ങിയ എംപിമാര്‍ ഓരോരുത്തരായി നേരിട്ട് വിശദീകരണം നല്‍കാനാണത്രെ ആവശ്യപ്പെട്ടിട്ടുള്ളത്.

ലോക്‌സഭയില്‍ എത്തുമ്പോള്‍
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഈ ബില്‍ ലോക്‌സഭയുടെ പരിഗണനയ്ക്ക് എത്തും. അവിടെ എന്‍ഡിഎയ്ക്ക് മൃഗീയ ഭൂരിപക്ഷം ആണ് ഉള്ളത്.












Click it and Unblock the Notifications