ബലാത്സംഗം ചെയ്യാൻ സ്വന്തം മകനെ വിളിച്ചുവരുത്തുമോ? കത്വയില്‍ പ്രതികളെ കുടിക്കിയത് ഹിന്ദു വിരോധം!
ലോകത്തിന് മുന്നില്‍ ഇന്ത്യ നാണം കെട്ട് തല കുനിച്ച ദിനമായിരുന്നു ജനവരി പത്ത്. മുസ്ലീം വിരോധത്തിന്‍റെ പേരില്‍ എട്ടുവയസുകാരിയെ പിച്ചിചീന്തി കൊലപ്പെടുത്തിയ ദിനം. ഭരണകുടത്തിന്‍റെ ഭാഗമായവര്‍ പോലും പെണ്‍കുട്ടിക്കൊപ്പം നില്‍ക്കാതെ ദേശീയ പതാകയേന്തി പ്രതികള്‍ക്കായി തെരുവിലിറങ്ങിയ നാണം കെട്ട സംഭവങ്ങള്‍ക്ക് വരെ രാജ്യം സാക്ഷിയായി.
എത്ര ഒളിച്ച് വെയ്ക്കാൻ ശ്രമിച്ചിട്ടും കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത് വന്നതോടെ രാജവ്യാപക പ്രതിഷേധങ്ങള്‍ അരങ്ങേറി.ഒടുവില്‍ പ്രതികളെല്ലാം പോലീസ് പിടിയിലായി.
ഇതിനിടെ അറസ്റ്റിലായ പ്രതികള്‍ക്കെതിരെ ശാസ്ത്രീയ തെളിവുകള്‍ പോലീസിന് ലഭിച്ചു. പെണ്‍കുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടത് ക്ഷേത്രത്തിന് അകത്ത് വെച്ച് തന്നെയാണ് എന്ന് സ്ഥിരീകരിക്കുന്ന വിവരങ്ങളായിരുന്നു ഫോറന്‍സിക് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. ക്ഷേത്രത്തിന് അകത്ത് നിന്നും ലഭിച്ച മുടി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടേതും പ്രതികളുടേതുമാണെന്ന് തിരിച്ചറിഞ്ഞു. എന്നാല്‍ രസന ഗ്രാമത്തില്‍ പ്രതികളെ ന്യായീകരിച്ച് ഇരയ്ക്കും കുടുംബത്തിനും പോലീസിനും നേരെ പ്രതിഷേധം നടക്കുകയാണ്. ഹിന്ദുക്കളെ ദ്രോഹിക്കുക എന്ന ലക്ഷ്യമാണ് കാശ്മീരി പോലീസ് നടപ്പാക്കുന്നതെന്നാണ് അറസ്റ്റിലായവരുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്.

സമാനതകളില്ലാത്ത ക്രൂരത
ജനുവരി പത്തിനാണ് കത്വ ജില്ലയിലെ രസന ഗ്രാമത്തില്‍ നിന്നും എട്ട് വയസ്സുകാരിയായ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി ക്ഷേത്രത്തിനുള്ളില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ച് കൊലപെടുത്തിയത്.രസന ഗ്രാമത്തിലെ താമസക്കാരായ ബക്കര്‍വാള്‍ എന്ന മുസ്ലീം സമൂഹത്തെ ഭയപ്പെടുത്തി ഓടിക്കാന്‍ സ്ഥലത്തെ ഒരുപറ്റം ഹിന്ദുക്കള്‍ ചേര്‍ന്ന് ആസൂത്രണം ചെയ്തതായിരുന്നു കൊലപാതകമെന്ന് പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. 13 ഗ്രാമീണ കുടുംബങ്ങള്‍ ഉണ്ടായിരുന്ന ഇവിടെ ഇരുപതോളം നാടോടി മുസ്ലീം ബക്കര്‍വാള്‍ കുടുംബങ്ങള്‍ വീട് വാങ്ങി താമസിക്കാന്‍ എത്തിയതായിരുന്നു പ്രദേശത്തെ ഹിന്ദുക്കളെ ചൊടിപ്പിച്ചത്.ഇവരെ ഓടിക്കാനും പാഠം പഠിപ്പിക്കാനുമായിരുന്നു കുഞ്ഞിനെ പിച്ചി ചീന്തിയത്.

മനുഷ്യത്വം നഷ്ടപ്പെട്ടവര്‍
പന്ത്രണ്ടോളം ബ്രാഹ്മണ കുടുംബങ്ങള്‍ താമസിച്ചിരുന്ന ഇടത്തേക്ക് ആട്ടിടയന്മാരുടെ വംശമായ മുസ്ലീംങ്ങള്‍ വീടും സ്ഥലവും വാങ്ങി താമസത്തിനെത്തിയതാണ് പ്രതികളെ ചൊടിപ്പിച്ചത്. മുസ്ലീം വിരോധത്താല്‍ മനുഷ്യത്വം നഷ്ടപ്പെട്ട ഇവര്‍ കണ്ടെത്തിയ പോംവഴിയായിരുന്നു ആ പെണ്‍കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊല്ലുക എന്നത്. രണ്ട് പോലീസുകാര്‍ അടക്കം ആറ് പേര്‍ അടങ്ങുന്നതാണ് കൊലയാളി സംഘം.
റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്ന സഞ്ജി റാം, ഇയാളുടെ മകന്‍ വിശാല്‍ ഗംഗോത്ര, പ്രായപൂര്‍ത്തിയാകാത്ത മരുമകന്‍, പോലീസ് ഉദ്യോഗസ്ഥരായ ദീപക് ഖജൂരിയ, സുരീന്ദര്‍ കുമാര്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദത്ത, ഹെഡ് കോണ്‍സ്റ്റബില്ഞ തിലക് രാജ്, രസന സ്വദേശി പര്‍വേഷ് കുമാര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ഇവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.കുറ്റപത്രം പ്രകാരം സഞ്ജി റാം ആണ് ഈ ഹീനകൃത്യത്തിന്റെ മുഖ്യസൂത്രധാരന്‍. സ്ഥലത്തെ മുസ്സീംങ്ങളെ തുരുത്തുന്നതിന് വേണ്ടി പോലീസുകാരനായ ദീപക് ഖജുരിയയ്ക്കും പ്രായപൂര്‍ത്തിയാകാത്ത മരുമകനുമൊപ്പം ഇയാളാണ് കുറ്റകൃത്യം ആസൂത്രണം ചെയ്തതെന്നും കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍ സഞ്ജിയേയും കൂട്ടുപ്രതികളേയും ഹിന്ദുവൈരാഗ്യത്തിന്‍റെ പേരില്‍ കാശ്മീര്‍ പോലീസ് കുടുക്കിയതാണെന്ന് ഇവരുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.

ഹിന്ദുക്കളെ ദ്രോഹിക്കാന്‍
കുറ്റപത്രമനുസരിച്ച് സഞ്ജി റാം മീററ്റിലുള്ള തന്‍റെ മകന്‍ വിശാല്‍ ജംഗോത്രയോട് കാമപൂര്‍ത്തീകരണം നടത്തണമെങ്കില്‍ രസ്നയിലേക്ക് വരൂ എന്ന് ആവശ്യപ്പെട്ടതായി പറയുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്ത മരുമകനെ വിട്ട് പെണ്‍കുട്ടിയെ തഞ്ചത്തില്‍ കൂട്ടികൊണ്ടുവന്ന് ബോധം കെടുത്തിയ ശേഷം ക്ഷേത്രത്തിലെ ദേവസ്ഥാനത്ത് വെച്ച് ദിവസങ്ങളോളം പീഡിപ്പിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍ കുറ്റപത്രത്തിലെ വാദങ്ങളെ പ്രതികളുടെ ബന്ധുക്കള്‍ പാടെ നിഷേധിച്ചു. ഹിന്ദു വിരോധത്തിന്‍റെ പേരിലാണ് സഞ്ജി അടക്കമുള്ളവരെ കുടുക്കിയതെന്ന് ഇവരുടെ ബന്ധുക്കള്‍ ആരോപിച്ചതായി ദേശീയ മാധ്യമമായ 'ദി വയര്‍' റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹിന്ദു വിരോധം മാത്രം
' ഒരു കുഞ്ഞ് പോലുമറിയാതെ പെൺകുട്ടിയെ തട്ടികൊണ്ടുപോയി ദിവസങ്ങളോളം തടങ്കലിലിട്ട് ബലാത്സംഘം ചെയ്ത് കൊല്ലാൻ പദ്ധതിയിട്ടയാൾ സ്വന്തം വീടിന് സമീപത്ത് തന്നെ മൃതദേഹം ഉപേക്ഷിക്കുമോ. കുറഞ്ഞപക്ഷം, തെളിവ് നശിപ്പിക്കാൻ വന്യജീവികളുള്ള കൊടുംകാട്ടിലെങ്കിലും മൃതദേഹം കൊണ്ടുപോയി ഇടില്ലേ. ഏതെങ്കിലുമൊരു പിതാവ് ബലാത്സംഘം ചെയ്യിപ്പിക്കാനായി വിദ്യാർത്ഥിയായ സ്വന്തം മകനെ വിളിച്ചുവരുത്തുമോ.
ഏതുസമയത്തും ആളുകൾ വന്നുപോകുന്ന ഒരുചെറിയ ക്ഷേത്രത്തിൽ എങ്ങനെ ഒരാളുമറിയാതെ പെൺകുട്ടിയെ ഒളിപ്പിക്കാനാവും." കത്വ പെൺകുട്ടിയുടെ കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനെന്ന് കാശ്മീരി പൊലീസ് കണ്ടെത്തിയ സഞ്ചി റാമിന്റെ ഭാര്യയും ബന്ധുക്കളും ഉയർത്തുന്ന ചോദ്യങ്ങളാണിത്.
സഞ്ചി റാമിനെയും മകനെയും മറ്റുള്ളവരെയും കാശ്മീരി പൊലീസ് മനപ്പൂർവ്വം പ്രതി ചേർക്കുകയായിരുന്നെന്നാണ് ഇവരുടെ വാദം. ഹിന്ദുക്കളെ ദ്രോഹിക്കാൻ കാശ്മീരി പൊലീസ് മനപ്പൂർവ്വം ശ്രമിക്കുന്നതായും ഇവർ ആരോപിക്കുന്നു.

സിബിഐ അന്വേഷണം വേണം
കാശ്മീർ പൊലീസിന്റെ അന്വേഷണത്തിൽ വിശ്വാസ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതികളുടെ ബന്ധുക്കളും ഗ്രാമവാസികളായ സ്ത്രീകളും മാർച്ച് 31 മുതൽ ദേശീയപാത 44 കടന്നുപോവുന്ന കൂട്ടഹ് മോഡിൽ നിരാഹാര സമരവുമായി രംഗത്തുണ്ട്. പൊലീസും മാദ്ധ്യമങ്ങളും തങ്ങളെ വേട്ടയാടാനും ഗ്രാമത്തെ നാണംകെടുത്താനുമായി ഇല്ലാത്ത കഥകൾ പ്രചരിപ്പിക്കുകയാണെന്നും പ്രതി ചേർക്കപ്പെട്ടവർ നിരപരാധികളാണെന്നുമാണ് ഇവരുടെ വാദം. ഇതിനായി ഇവർ കാശ്മീരി പൊലീസിനെതിരെ വന്‍ പ്രതിഷേധങ്ങളാണ് നടത്തി വരുന്നത്. മാധ്യമങ്ങളിലും പോലീസിലും വിശ്വാസ്യത നഷ്ടപ്പെട്ടെന്നും സിബിഐ അന്വേഷണം മാത്രമേ ഫലപ്രദമാകൂവെന്നും ഇവര്‍ പറയുന്നു.

പിന്നില്‍ താലിബ് ഹുസൈന്‍
ബക്കര്‍വാള്‍ സമുദായാംഗവും സാമൂഹിക പ്രവര്‍ത്തകനും അഭിഭാഷകനുമായ താലിബ് ഹുസൈന്‍ ആണ് തങ്ങള്‍ ഹിന്ദുക്കളെ പ്രതികൂട്ടിലാക്കാന്‍ കേസ് ഇത്തരത്തില്‍ വളച്ചൊടിച്ചതെന്നും പ്രതികളുടെ ബന്ധുക്കള്‍ ആരോപിച്ചു. കേസില്‍ നീതി തേടി ആദ്യം ശബ്ദമുയര്‍ത്തിയ വ്യക്തിയാണ് താലിബ്. താലിബിന്‍റെ കുതന്ത്രമാണ് തങ്ങളുടെ ആളുകളെ കേസില്‍ കുടുക്കിയത്. താലിബ് തന്നെയാണോ കുറ്റകൃത്യത്തിന് പിന്നില്‍ എന്നും തങ്ങള്‍ സംശയിക്കുന്നു. കേസില്‍ താലിബിന് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും പ്രതികളുടെ ബന്ധുക്കള്‍ ആരോപിച്ചതായി ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ആരോപണങ്ങളെ താലിബ് നിഷേധിച്ചു. താനാണ് ഇതിനൊക്കെ പിന്നില്‍ എങ്കില്‍ എന്തുകൊണ്ട് പ്രതികളുടെ ബന്ധുക്കള്‍ തനിക്കെതിരെ കേസിന് പോകുന്നില്ലെന്നായിരുന്നു താലിബിന്‍റെ ചോദ്യം. സത്യം പകല്‍ പോലെ വ്യക്തമാണെന്നതിനാലാണ് അവര്‍ അതിന് മുതിരാത്തതെന്നും ഹുസൈന്‍ വ്യക്തമാക്കി.












Click it and Unblock the Notifications