കൊറോണ സംശയം മറച്ച് വെക്കരുത്, സ്വകാര്യരംഗത്തെ ആരോഗ്യ പ്രവർത്തകർ പാലിക്കേണ്ട നിർദേശങ്ങൾ ഇവ
ദില്ലി: ആശങ്ക ഉയര്‍ത്തി രാജ്യത്ത് കൊവിഡ് 19 രോഗികളുടെ എണ്ണം ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. 25 വിദേശികള്‍ ഉള്‍പ്പെടെ 151 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കൂടുതല്‍ ആളുകളിലേക്ക് വൈറസ് പടരാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര സര്‍ക്കാരുകളും കടുത്ത നടപടികള്‍ സ്വീകരിച്ച് വരികയാണ്.
വൈറസിന്റെ വ്യാപനം തടയല്‍ സര്‍ക്കാര്‍ ഒറ്റയ്ക്ക് വിചാരിച്ചാല്‍ മാത്രം ചെയ്യാന്‍ കഴിയുന്നതല്ല. പൊതുജനവും സ്വകാര്യ സ്ഥാപനങ്ങളും സംഘടനകളും അടക്കമുളളവര്‍ ഒരുമിച്ച് നിന്നാല്‍ മാത്രമേ കൊവിഡിനെ പ്രതിരോധിക്കാനാവൂ. കൊവിഡ് രോഗലക്ഷണങ്ങള്‍ കാണിക്കുന്ന ഓരോ കേസും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ഐസൊലേറ്റ് ചെയ്യപ്പെടുകയും കൃത്യമായ ചികിത്സ ഉറപ്പാക്കുകയും വേണം. സ്വകാര്യ ആശുപത്രികളുടേയും ആരോഗ്യപ്രവർത്തകരുടേയും പങ്ക് ഇക്കാര്യത്തില്‍ വളരെ വലുതാണ്.

നിലവില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് കൊറോണ രോഗികളുടെ ഐസൊലേഷനും ചികിത്സയും നടക്കുന്നത്. പൊതു-സ്വകാര്യ ആശുപത്രികളും, ആയുഷിലേത് പോലെ രജിസ്റ്റര്‍ ചെയ്തിട്ടുളള ആരോഗ്യ പ്രവര്‍ത്തകരും അടക്കമുളളവര്‍ കൊവിഡ് സംശയിക്കുന്ന കേസുകള്‍ നിര്‍ബന്ധമായും അതത് ജില്ലാ ആരോഗ്യ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്.
കൊവിഡ് 19 ബാധിത രാജ്യങ്ങളില്‍ യാത്ര ചെയ്തവരോ കൊവിഡ് ലക്ഷണങ്ങള്‍ സംശയിക്കുന്നവരോ ഉറപ്പാക്കിയിട്ടുളളവരോ ആയവരുണ്ടെങ്കില്‍ അതേക്കുറിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ സത്യവാങ്മൂലം നല്‍കേണ്ടതുണ്ട്. കഴിഞ്ഞ 14 ദിവസത്തിനുളളില്‍ അത്തരത്തില്‍ ഏതെങ്കിലും രാജ്യത്ത് യാത്ര ചെയ്യുകയോ കൊറോണ രോഗലക്ഷണങ്ങള്‍ കാണിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ അവരെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കുകയും പ്രൊട്ടോകോള്‍ അനുസരിച്ച് പരിശോധന നടത്തുകയും വേണം.
ഇത്തരം കേസുകള്‍ അതത് സംസ്ഥാനങ്ങളുടെ ഹെല്‍പ് ലൈന്‍ നമ്പറുകളിലും കേന്ദ്ര സര്‍ക്കാരിന്റെ ഹെല്‍പ് ലൈന്‍ നമ്പറിലും വിളിച്ച് അറിയിക്കുകയും വേണം. 1075 ആണ് കേന്ദ്ര സര്‍ക്കാരിന്റെ ഹെല്‍പ് ലൈന്‍ നമ്പര്‍. [email protected] എന്ന വിലാസത്തില്‍ ഇ-മെയില്‍ അയക്കുകയും ചെയ്യാം. 471-2552056 ആണ് കൊറോണ വിവരങ്ങള്‍ അറിയിക്കാനുളള കേരളത്തിലെ ഹെല്‍പ് ലൈന്‍ നമ്പര്‍.












Click it and Unblock the Notifications