ഗുജറാത്തിൽ ആദിവാസി വോട്ടുകൾ ആർക്കൊപ്പം? ആത്മവിശ്വാസത്തോടെ കോൺഗ്രസ്, പതിനെട്ടടവുമായി ബിജെപി
ദില്ലി: കിഴക്കൻ ഗുജറാത്തിലെ ഗോത്രമേഖലയിൽ 27 അസംബ്ലി സീറ്റുകൾ പട്ടികവർഗ (എസ്‌സി) വിഭാഗത്തിന് സംവരണം ചെയ്തതാണ്. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും മേഖലയിലെ കോൺഗ്രസ് ആധിപത്യം അവസാനിപ്പിക്കാൻ ബി ജെ പിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാൽ വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഇവിടെ നിന്ന് കുറഞ്ഞത് 20 സീറ്റെങ്കിലും നേടിയെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി.
തിരഞ്ഞെടുപ്പ് പ്രചരണത്തിൽ മുന്നേറാൻ കോൺഗ്രസിന് സാധിക്കാത്തതും ആം ആദ്മിയുടെ കടന്ന് വരവും കോൺഗ്രസിന് ആദിവാസി മേഖലയിൽ തിരിച്ചടി സമ്മാനിക്കുമെന്നാണ് ബി ജെ പി കണക്ക് കൂട്ടൽ. എന്നാൽ ഇത്തവണയും മേഖലയിൽ യാതൊരു അത്ഭുതവും സംഭവിക്കില്ലെന്ന് കോൺഗ്ര്സ അവകാശപ്പെടുന്നു. കോൺഗ്രസിന്റെ മേഖലയിലെ സ്വാധീനം തകർക്കാൻ ബി ജെ പിക്ക് സാധിക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

കിഴക്കൻ ഗുജറാത്ത് മേഖലയിൽ മുന്നേറ്റം നേടണമെങ്കിൽ വടക്ക് അംബാദി മുതൽ പടിഞ്ഞാറ് ഉമേർഗാവോൺ വരെയുള്ള ആദിവാസി സ്വാധീന മേഖലയിലെ വിജയം നിർണായകമാണ്. 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഇവിടെ ലഭിച്ചത് 15 സീറ്റുകളായിരുന്നു. ബി ജെ പിക്ക് എട്ടും. ഭാരതീയ ട്രൈബൽ പാർട്ടിക്ക് രണ്ട് സീറ്റും സ്വതന്ത്ര സ്ഥാനാർത്ഥിക്ക് ഒരു സീറ്റും നേടാൻ സാധിച്ചു.

2012 ൽ 16 സീറ്റായിരുന്നു കോൺഗ്രസിന് ഇവിടെ ലഭിച്ചത്. അന്ന് ബി ജെ പിക്ക് 10 ഉം ജെഡിയുവിന് ഒരു സീറ്റും ലഭിച്ചു. അന്ന് ഇപ്പോഴത്തെ ട്രൈബൽ നേതാവായ ചോട്ടുവാസവയായിരുന്നു ജെ ഡിയുവിന് വേണ്ടി സീറ്റ് പിടിച്ചത്. പിന്നീടാണ് അദ്ദേഹം ബി ടി പി എന്ന പേരിൽ പാർട്ടി രൂപീകരിക്കുന്നു. ട്രൈബൽ വോട്ട് പെട്ടിയിലാക്കാൻ ഇക്കുറി തീവ്ര ശ്രമമാണ് ബി ജെ പി നടത്തുന്നത്. മറുവശത്ത് ആം ആദ്മിയും ഇതേ സീറ്റുകളിൽ കണ്ണുവെയ്ക്കുന്നുണ്ട്.

എന്നാൽ മോദിയുൾപ്പെടെയെത്തി നടത്തുന്ന പ്രചരണത്തിനിടയിലും ഇവിടെ കോൺഗ്രസ് മുന്നേറാനുള്ള സാധ്യത ഏറെയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനം രൂപീകരിച്ചത് മുതൽ ഈ പ്രദേശത്ത് കോൺഗ്രസിനാണ് ആധിപത്യമെന്നും വലിയ പ്രചരണങ്ങളുടെ അഭാവത്തിലും അവർക്ക് അത് നിലനിർത്താൻ സാധിക്കുമെന്നും രാഷ്ട്രീയ നിരീക്ഷകനായ ഹരി ദേശായി അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇറക്കി വമ്പൻ പ്രചരണം ബി ജെ പി കാഴ്ച വെയ്ക്കുന്നുണ്ടെങ്കിലും മോജി പ്രഭാവം കുറഞ്ഞ് വരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം ആം ആദ്മിയുടെ കടന്ന് വരവ് പ്രതിപക്ഷ വോട്ടുകളിൽ വിള്ളൽ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആം ആദ്മി മേഖലയിൽ കോൺഗ്രസിനെ തകർക്കുമെന്നും ബി ജെ പി ഇവിടെ നേട്ടം കൊയ്യുമെന്നും ആദിവാസി വികസന വകുപ്പ് മന്ത്രി നരേഷ് പട്ടേൽ പ്രതികരിച്ചു.

അതേസമയം ആദിവാസി സമൂഹത്തിന് വേണ്ടി കോൺഗ്രസ് ചെയ്ത കാര്യങ്ങൾ മേഖലയിലെ ജനങ്ങൾക്ക് മറക്കാൻ സാധിക്കില്ലെന്നും 27 വർഷം ഗുജറാത്ത് ഭരിച്ചിട്ടും ഇവിടുത്തെ വികസനത്തിനായി ബി ജെ പി ഒന്നും ചെയ്തിട്ടില്ലെന്നും കോൺഗ്രസ് വക്താവ് മനീഷ് ദോഷി പ്രതികരിച്ചു. പരമാവധി വോട്ടുറപ്പിക്കാൻ ഭാരതീയ ട്രൈബൽ പാർട്ടിയുമായുള്ള സഖ്യത്തിനും കോൺഗ്രസ് ശ്രമിക്കുന്നുണ്ട്. നേരത്തേ ബിടിപി ആം ആദ്മിയുമായി സഖ്യം പ്രഖ്യാപിച്ചെങ്കിലും പാർട്ടി അവഗണിക്കുന്നുവെന്ന് ആരോപിച്ച് സഖ്യം അവസാനിപ്പിച്ചതായി വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications