സ്ഥാനാർത്ഥി നിർണയത്തിന് ചുമതല 252 നിരീക്ഷകർക്ക്; ഗ്രാമ-നഗര മേഖലകളിൽ ഒരുപോലെ കണ്ണ് വെച്ച് ബിജെപി
ദില്ലി: നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ ഗുജറാത്തിൽ കൂറ്റൻ വിജയത്തിന് തന്ത്രങ്ങൾ മെനഞ്ഞ് ബി ജെ പി. ആം ആദ്മിയുടെ കടന്ന് വരവോടെ പതിവിൽ നിന്നും വ്യത്യസ്തമായ സംസ്ഥാനത്ത് ശക്തമായ ത്രികോണ പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഓരോ വിഭാഗങ്ങളിലും പ്രത്യേകമായി ശ്രദ്ധ കേന്ദ്രീകരിച്ച് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഊർജിതമാക്കാനാണ് ബി ജെ പി നീക്കം. ഗ്രാമ-നഗര മേഖലകളിലെ വിടവ് കുറയ്ക്കാനുള്ള ശ്രമങ്ങളും ബിജെപി ഊർജിതമാക്കിയിട്ടുണ്ട്.

2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ രാജ്കോട്ട്, അഹമ്മദാബാദ്, സൂറത്ത്, വഡോദര എന്നീ നാല് നഗരങ്ങളിൽ നിന്നും കൂടുതൽ വോട്ട് ഉറപ്പാക്കാൻ ബി ജെ പിക്ക് സാധിച്ചിരുന്നു. ഈ നഗരങ്ങളോടൊപ്പം തന്നെ സൗരാഷ്ട്ര മേഖലയിലും കൂടി ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ബി ജെ പി. നേരത്തേ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിനായി സംസ്ഥാനത്ത് എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണ്ഡലങ്ങളുടെ മേൽനോട്ടത്തിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും 252 നിരീക്ഷകരെ ചുമതലപ്പെടുത്തിയിരുന്നു. കോൺഗ്രസിനേയും ആം ആദ്മിയേയും തുല്യശക്തികളായി പരിഗണിച്ച് ഗൗരവമായി തന്നെ പ്രവർത്തനങ്ങൾ നടത്തണമെന്ന വ്യക്തമായ നിർദ്ദേശമാണ് ഷാ നേതാക്കൾക്ക് നൽകിയിരിക്കുന്നത്.

'മൂന്ന് പേർ അടങ്ങുന്ന ഒരു ടീം ജില്ലകളിൽ സന്ദർശിച്ച് ഓരോ മണ്ഡലത്തിലേയും സാധ്യത സ്ഥാനാർത്ഥികളുടെ വിവരങ്ങൾ ശേഖരിച്ച് പ്രത്യേക റിപ്പോർട്ട് തയ്യാറാക്കും. ഈ റിപ്പോർട്ട് പാർലമെന്ററി ബോർഡിന് സമർപ്പിക്കും. കേന്ദ്ര നേതൃത്വമായിരിക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക', ബിജെപി നേതാവ് പറഞ്ഞു. ഓരോ മണ്ഡലങ്ങളിലും 10 ന് മുകളിൽ പേർ സ്ഥാനാർത്ഥിത്വത്തിനായി താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അന്തിമ തീരുമാനം വൈകാതെ കൈക്കൊള്ളുമെന്ന് ബി ജെ പി വൃത്തങ്ങൾ പറയുന്നു.

ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് തങ്ങളുടെ തട്ടകത്തിൽ കൂറ്റൻ ഭൂരിപക്ഷത്തിലുള്ള വിജയമാണ് ബി ജെ പി സ്വപ്നം കാണുന്നത്. കുറഞ്ഞത് 130 സീറ്റുകൾ വരെയാണ് ബി ജെ പി പ്രതീക്ഷ. 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 99 സീറ്റുകളായിരുന്നു ബി ജെ പിക്ക് ലഭിച്ചത്. അതേസമയം ഇത്തവണ ബി ജെ പി തിരിച്ചടി നേരിടുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം. പാർട്ടിക്ക് സ്വാധീനംനഷ്ടപ്പെടുകയാണെന്നും 70 സീറ്റിൽ കൂടുതൽ നേടാൻ ബി ജെ പിക്ക് സാധിക്കില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ ജഗദീഷ് താക്കൂർ പറഞ്ഞു.

'അഞ്ചോ ആറോ ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. സാധാരണക്കാരന് സമാധആനം പകരുന്ന നടപടികൾ ആണ് ഇതിനിടയിൽ സർക്കാരിൽ നിന്നും ഉണ്ടാകേണ്ടത്. എന്നാൽ യൂനിഫോം സിവിൽ കോഡ് നടപ്പാക്കുമെന്നാണ് ബി ജെ പിയുടെ പ്രഖ്യാപനം. ഇതിനായി കമ്മിറ്റിയേയും നിയമിച്ച് കഴിഞ്ഞു.തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളിൽ നിന്നും ജനശ്രദ്ധ മാറ്റുന്നതിനുള്ള രാഷ്ട്രീയ നാടകമാണിത്', മുൻ പാർട്ടി അധ്യക്ഷൻ അർജുൻ മോദ്വാഡിയ വിമർശിച്ചു.

നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ബി ജെ പി സർക്കാർ സുപ്രധാന അജണ്ടകളിൽ ഒന്നായ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നുള്ള പ്രഖ്യാപനം പാർട്ടി ഗുജറാത്തിൽ നടത്തിയിരിക്കുന്നത്. രമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതിയെയാണ് കാര്യങ്ങൾ പഠിക്കാനായി നിയോഗിച്ചിരിക്കുന്നത്. എന്നാൽ തിരഞ്ഞെടുപ്പിന് മുൻപുള്ള ബി ജെ പി ഗിമ്മിക്ക് ആണിതെന്നാണ് കോൺഗ്രസ് വിമർശനം.












Click it and Unblock the Notifications