'കോൺഗ്രസ് നേതാക്കളെ കടത്താൻ ബിജെപി വീശുന്നത് 140-150 കോടി';കുതിരക്കച്ചവടം തകൃതി,ഗുരുതര ആരോപണം
അഹമ്മദാബാദ്; 17 സംസ്ഥാനങ്ങളിലെ 55 സീറ്റുകളിലാണ് രാജ്യസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. നേരത്ത മാർച്ച് 26 നായിരുന്നു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെങ്കിലും കൊവിഡിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കുകയായിരുന്നു. ജൂൺ 19 നാണ് പുതിയ തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.
രാജ്യസഭ തിരഞ്ഞെടുപ്പിൽ ഇക്കുറിയും മോദിയുടേയും അമിത് ഷായുടേയും തട്ടകമായ ഗുജറാത്ത് തന്നെയാണ് ശ്രദ്ധാ കേന്ദ്രമായിരിക്കുന്നത്. തിരഞ്ഞെടുപ്പിലെ വിജയം ഉറപ്പിക്കാനായി വൻ കുതിരക്കച്ചവടമാണ് സംസ്ഥാനത്ത് നടക്കുന്നത്. വിശദാംശങ്ങളിലേക്ക്

നാല് സീറ്റിലേക്ക്
ഗുജറാത്തിൽ നാല് സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. മൂന്നെണ്ണം ബിജെപിയടെ സീറ്റിങ്ങ് സീറ്റുകളാണ്. നിലവിലെ നിയമസഭയിലെ അംഗബലം അനുസരിച്ച് ബിജെപിക്ക് രണ്ട് സീറ്റുകളിൽ വിജയിക്കാം. എന്നാൽ മൂന്നാമതൊരു സ്ഥാനാർത്ഥിയെ കൂടി ബിജെപി മത്സരത്തിനിറക്കിയതാണ് രാഷ്ട്രീയ നാടകങ്ങൾക്ക് വഴിവെച്ചത്.

എളുപ്പം വിജയിപ്പിക്കാം
അഡ്വക്കേറ്റ് ഭരദ്വാജ്, റമീള ബാര , മുൻ കോൺഗ്രസ് നേതാവ് കൂടിയായ നരഹരി അമിൻ എന്നിവരാണ് ബിജെപി സ്ഥാനാർത്ഥികൾ. 182 അംഗ നിയമസഭയിൽ 103 എംഎല്‍എമാരാണ് ബിജെപിക്കുള്ളത്. ഒരു സീറ്റില്‍ ജയിക്കാന്‍ 35 വോട്ടാണ് ആവശ്യം. രണ്ട് എംഎല്‍എമാരെ ബിജെപിക്ക് പുഷ്പം പോലെ വിജയിക്കാം. എന്നാൽ മൂന്നാമത്തെ സ്ഥാനാർത്ഥിയെ ജയിപ്പിക്കാൻ പിന്നെയും വോട്ടുകൾ വേണ്ടതുണ്ട്.

അഞ്ച് പേർ രാജിവെച്ചു
മാർച്ച് 26 ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ കോൺഗ്രസിന്റെ അഞ്ച് എംഎൽഎമാർ രാജിവെച്ചിരുന്നു. എങ്കിലും മൂന്നാമത്തെ സീറ്റ് വിജയിക്കാൻ ബിജെപിക്ക് പിന്നെയും വോട്ടുകൾ വേണ്ടതുണ്ട്. രണ്ടാമത് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ 3 എംഎൽഎമാർ കൂടി കോൺഗ്രസിൽ നിന്ന് രാജിവെച്ചു.

പിന്നാലെ മൂന്ന് പേർ
അക്ഷയ് പട്ടേല്‍, ജിത്തു ചൗധരി,ബ്രിജേഷ് മെർജയാണ് രാജിവെച്ചിരിക്കുന്നത്.വഡോദരയിലെ കർജാൻ ,വൽസാദിലെ കപ്രഡ,മോർബിയിൽ എന്നിവിടങ്ങളിൽ നിന്നുള്ള എംഎൽഎമാരാണ് ഇവർ. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് എംഎൽഎമാർ സ്പീക്കറെ കണ്ട് രാജി നൽകിയത്. നേരത്തെ ഇവൻ മുഖ്യമന്ത്രി വിജയ് രൂപാണിയുമായി ചർച്ച നടത്തിയിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

അംഗബലം 65
അതേസമയം എംഎൽഎമാരുടെ രാജിയോടെ കോൺഗ്രസിന്റെ അംഗബലം 65 ആയിരിക്കുകയാണ്. നേരത്തേ മറ്റ് ചില പാർട്ടികളുടെ കൂടി പിന്തുണയോടെ രണ്ട് സ്ഥാനാർത്ഥികളെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാനായിരുന്നു കോൺഗ്രസിന്റെ പദ്ധതി. എന്നാൽ രാജി നാടകങ്ങളോടെ ഈ നീക്കം പാടെ പാളി. അതിടെ എംഎൽഎമാരുടെ രാജി തുടരുന്നതോടെ തങ്ങളുടെ എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റിയിരിക്കുകയാണ് കോൺഗ്രസ്.

റിസോർട്ട് രാഷ്ട്രീയം
രാജസ്ഥാനിലേക്കും ഗുജറാത്തിലേക്കുമാണ് മാറ്റിയിരിക്കുന്നത്. രാജ്കോട്ടിലെ നീൽ സിറ്റി റിസോർട്ട്, രാജസ്ഥാനിലെ വൈൽഡ് വിൻഡ്സ് റിസോർട്ട്, വഡോദരയിലെ ഏരീസ് റിവർസൈഡ് ഫാം ഹൗസ് എന്നിവിടങ്ങളിലാണ് 65 ഓളം എംഎൽഎമാരെ പാർപ്പിച്ചിരിക്കുന്നത്. നിലവിൽ 40 എംഎൽഎമാരെ രാജ്കോട്ടിലെ റിസോർട്ടിൽ പാർപ്പിച്ചിട്ടുണ്ടെന്നും ബാക്കി 25 പേരെ മറ്റ് രണ്ട് സ്ഥലങ്ങളിൽ പാർപ്പിച്ചിട്ടുണ്ടെന്നുമാണ് വിവരം.

രണ്ട് പേർ കൂടി രാജിക്ക്
അതേസമയം ഉടൻ തന്നെ മറ്റ് രണ്ട് എംഎൽഎമാർ കൂടി രാജിവെച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. അതിനിടെ എംഎൽഎമാരുടെ കൂട്ടരാജിയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് ഹർദിക് പട്ടേൽ രംഗത്തെത്തി. രാജിവെച്ച എംഎൽഎമാരെ ചെരുപ്പ് കൊണ്ട് അടിക്കണമെന്ന് ഹർദീക് പറഞ്ഞു. അവർ ജനങ്ങളോട് വിശ്വാസ വഞ്ചനയാണ് കാണിച്ചത്.

ബിജെപിക്കെതിരെ ഹർദീപ്
കഴിഞ്ഞ ഒരു മാസമായി ബിജെപി കുതിരക്കച്ചവടത്തിന് ശ്രമിക്കുകയാണെന്നും ഹർദീക് ആരോപിച്ചു. എംഎൽഎമാരെ കടത്താൻ 140-150 കോടി രൂപ വരെയാണ് ബിജെപി ചെലവഴിക്കുന്നത്. ഈ പണം ഉപയോഗിച്ച് വെന്റിലേറ്ററുകൾ വാങ്ങിയിരുന്നുവെങ്കിൽ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചേനെ, ഹർദീക് പറഞ്ഞു.

മൗനം പാലിക്കുന്നു
പണത്തോടുള്ള ആർത്തി മൂത്താണ് ബിജെപിയിലേക്ക് മറുകണ്ടം ചാടുന്നവർ ജനങ്ങളെ വഞ്ചിക്കുകയാണ്. ജനങ്ങൾ അവരെ ചെരിപ്പ് ഊരി അടിക്കണം. അവർ എന്തിനാണ് തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് രാജിവെയ്ക്കുന്നതെന്നും ഹർദീക് ചോദിച്ചു. എല്ലാം അറിഞ്ഞിട്ടും തിരഞ്ഞെടുപ്പ് കമ്മീഷൻ മൗനം തുടരുകയാണെന്നും ഹർദീക് കുറ്റപ്പെടുത്തി.

രണ്ട് സീറ്റിൽ
രാജ്യസഭയിൽ ഭൂരിപക്ഷം കൂട്ടാനുള്ള തത്രപാടിലാണ് ബിജെപി. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാല് സീറ്റിൽ രണ്ട് സീറ്റുകളിൽ കോൺഗ്രസ് വിജയിക്കുമെന്നും ഹർദീക് പട്ടേൽ അവകാശപ്പെട്ടു. അതേസമയം കഴിഞ്ഞ ജുലൈയില്‍ തന്നെ ഗുറാത്തില്‍ ഒഴിവ് വന്ന രണ്ട് സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ കൂടി നേടിയാണ് ബിജെപി തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചത്.

രാജിവെച്ചിരുന്നു
കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ജുഗുല്‍ താക്കൂറുമായിരുന്നു രാജ്യസഭയിലേക്ക് മത്സരിച്ചത്. വിമത കോണ്‍ഗ്രസ് എംഎല്‍എമാരായ അല്‍പേഷ് താക്കൂറും ധവല്‍സിങ് ഝാലയുമായിരുന്നു അന്ന് ബിജെപിക്ക് വോട്ട് ചെയ്തത്. ബിജെപിക്ക് വോട്ട് ചെയ്ത ശേഷം ഇരുവരും നിയമസഭാംഗത്വം രാജിവെച്ചിരുന്നു.












Click it and Unblock the Notifications