ആശുപത്രിയിലെ അലമാരയില്‍ യുവതിയുടെ മൃതദേഹം, അമ്മയുടെ മൃതദേഹം കിടയ്ക്കക്കടിയില്‍
അഹമ്മദാബാദ്: അമ്മയേയും മകളേയും ആശുപത്രിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഗുജറാത്തിലെ സ്വകാര്യ ആശുപത്രിയിൽ ആണ് അമ്മയേയും മകളേയും കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്.
അഹമ്മദാബാദിലെ മണിനഗറിൽ ബാലുഭായ് പാർക്കിനടുത്തുള്ള ഇ.എൻ.ടി. ആശുപത്രിയിലാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഓപ്പറേഷൻ തിയ്യേറ്ററിലെ അലമാരയിൽ ആണ് മകളുടെ മൃതദേഹം കണ്ടെത്തിയത്. ആശുപത്രി കിടയ്ക്കയ്ക്ക് അടിയിലായിരുന്നു അമ്മയുടെ മൃതദേഹം കണ്ടെത്തുന്നത്.

ഇരുവരും ചികിത്സയ്ക്കായി ആണ് ആശുപത്രിയിൽ എത്തിയതെന്നാണ് പോലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രി ജീവനക്കാരനായ മൻസൂഖിനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഓപ്പറേഷൻ തിയ്യേറ്ററിലെ അലമാരയിൽ നിന്ന് ദുർഗന്ധം വന്നതിന് പിന്നാലെയാണ് ആശുപത്രി ജീവനക്കാർ തുറന്ന് നോക്കിയപ്പോഴാണ് മകളുടെ മൃതദേഹം കണ്ടെത്തിയത്. സി.സി.ടി.വി. പരിശോധിച്ചപ്പോൾ ഇവർ ഒറ്റയ്ക്കല്ല ആശുപത്രിയിൽ എത്തിയതെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരുടെ അമ്മയുടെ മൃതദേഹം ആശുപത്രി കിടക്കയ്ക്കടിയിൽ നിന്ന് ലഭിച്ചത്.
ഭാരതി വാല (30), അമ്മ ചാമ്പ വാല എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. മയക്കുമരുന്ന് നൽകിയ ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. കസ്റ്റഡിയിൽ എടുത്ത മൻസൂഖിന് ഭാരതി വാലയുടെ മാതാപിതാക്കളുമായി ബന്ധമുണ്ടെന്ന് പോലീസ് അറിയിച്ചു.
ആറ് വർഷം മുമ്പ് വിവാഹിതയായ ഭാരതി വാല കുടുംബവഴക്കിനെത്തുടർന്ന് ഭർത്താവിന്റെ വീട് വിട്ട് സ്വന്തം മാതാപിതാക്കൾക്കൊപ്പം താമസിച്ചുവരികയായിരുന്നു. ചാമ്പ വാലയ്ക്ക് അടുത്ത ദിവസങ്ങളിൽ കാലുവേദനയുണ്ടായിരുന്നു. കാലിന്റെ ചികിത്സാർഥം മറ്റൊരു ആശുപത്രയിൽ പോയ ശേഷം ചെവി പരിശോധനയ്ക്കായി ഈ ആശുപത്രിയിൽ എത്തുകയായിരുന്നു.
ആശുപത്രി ഉടമ ഡോ. അർപിത് ആശുപത്രിയിൽ ഇല്ലാതിരുന്ന സമയത്ത്, ബുധനാഴ്ച രാവിലെ 9.30നും 10.30നുമിടയിലാണ് കൊലപാതകം നടന്നതായി സംശയിക്കപ്പെടുന്നത്. ഈ സമയത്ത് സി.സി.ടി.വി. പ്രവർത്തിച്ചിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. രാവിലെ 9 മണിയോടെയാണ് ഡോ. അർപിത് ആശുപത്രി വിട്ടത്.
ഇരുവരുടേയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. ഫോറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിലാണ് പോസ്റ്റ്‌മോർട്ടം നടത്തുക. വിശദമായ അന്വേഷണത്തിന് ശേഷമേ എന്താണ് നടന്നത് എന്നതിനെക്കുറിച്ച് വ്യക്തത ലഭിക്കുകയുള്ളൂ. കൊലയ്ക്കുള്ള കാരണവും എങ്ങനെ കൊലപ്പെടുത്തിയതെന്നുമൊക്കെ അന്വേഷണത്തിന് പിന്നാലെ കൂടുതൽ വ്യക്തമാകും.












Click it and Unblock the Notifications