ഗ്യാന്‍വാപി പള്ളി കിണറില്‍ ശിവലിംഗം കണ്ടെന്ന് അഭിഭാഷകന്‍; റിപ്പോര്‍ട്ട് നാളെ കോടതിയില്‍
ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ വാരണാസിയിലുള്ള പ്രശസ്തമായ ഗ്യാന്‍വാപി മസ്ജിദില്‍ കോടതി നിര്‍ദേശ പ്രകാരം നടത്തിയ വിഡിയോഗ്രാഫി സര്‍വെ പൂര്‍ത്തിയായി. മൂന്ന് ദിവസമായി നടത്തിവന്ന സര്‍വ്വെയാണ് ഇന്ന് പൂര്‍ത്തിയായത്. പരിശോധന നടത്തിയ പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരും അഭിഭാഷകരും ഉള്‍പ്പെടുന്ന കമ്മീഷന്റെ റിപ്പോര്‍ട്ട് നാളെ കോടതിയില്‍ സമര്‍പ്പിക്കും. ഇന്ന് രാവിലെ 10.30ഓടെ സര്‍വ്വെ സംഘം പള്ളിയില്‍ നിന്ന് മടങ്ങി.
ഹിന്ദു വിഭാഗത്തിന് സംതൃപ്തിയായെന്നും സുപ്രധാന തെളിവ് ലഭിച്ചുവെന്നും അഭിഭാഷകന്‍ ഹരി ശങ്കര്‍ ജെയ്ന്‍ മാധ്യമങ്ങളോട് പറഞ്ഞു. പള്ളിയുടെ കിണറില്‍ ശിവലിംഗം കണ്ടെത്തിയെന്നാണ് അദ്ദേഹം പറയുന്നത്. ഇത് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അഭിഭാഷകന്‍ പറഞ്ഞു. ചൊവ്വാഴ്ച വാരണാസിയിലെ കോടതിയില്‍ പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ഹിന്ദുക്കളും മുസ്ലിങ്ങളും കോടതി ഉത്തരവ് പാലിക്കുകയും സര്‍വ്വെ പൂര്‍ത്തിയാക്കുകയും ചെയ്തുവെന്ന് വാരണാസി കളക്ടര്‍ കൗശാല്‍ രാജ് ശര്‍മ പറഞ്ഞു. കമ്മീഷന്റെ കണ്ടെത്തല്‍ സംബന്ധിച്ച് ഒന്നും വെളിപ്പെടുത്തില്ലെന്നും റിപ്പോര്‍ട്ട് ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രശസ്തമായ കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേര്‍ന്നാണ് ഗ്യാന്‍വാപി മസ്ജിദ്. മുഗള്‍ ഭരണാധികാരി ഔറംഗബീസ് ആണ് പള്ളി നിര്‍മിച്ചത്. ക്ഷേത്രത്തിന്റെ ഒരു ഭാഗം തകര്‍ത്താണ് പള്ളി നിര്‍മിച്ചതെന്നാണ് ഒരു വിഭാഗത്തിന്റെ വാദം.
പള്ളിയുടെ പുറംമതിലില്‍ വിഗ്രഹങ്ങളുണ്ടെന്നും അവിടെ പ്രാര്‍ഥന നടത്താന്‍ അനുമതി വേണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നിന്നുള്ള അഞ്ച് സ്ത്രീകളാണ് വാരണാസി കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് കോടതി സര്‍വ്വെയ്ക്ക് ഉത്തരവിട്ടത്. ആദ്യം മസ്ജിദ് കമ്മിറ്റി ഇതിനെ എതിര്‍ത്തിരുന്നു. കോടതി നിയോഗിച്ച കമ്മീഷനിലെ അഭിഭാഷകരെ മാറ്റണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. ഇക്കാര്യം കോടതി അംഗീകരിച്ചില്ല. പകരം രണ്ട് അഭിഭാഷകരെ കൂടി അധികമായി ഉള്‍പ്പെടുത്തി. ശേഷമാണ് ശനിയാഴ്ച മുതല്‍ സര്‍വ്വെ തുടങ്ങിയതും ഇന്ന് അവസാനിപ്പിച്ചതും.
ഹിന്ദു-മുസ്ലിം വിഭാഗങ്ങളില്‍ നിന്നുള്ള അഭിഭാഷകര്‍, പോലീസ് ഓഫീസര്‍മാര്‍, കളക്ടര്‍ എന്നിവരാണ് കമ്മീഷനിലുണ്ടായിരുന്നത്. അതേസമയം, ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വ്വെ നടത്തുന്നതിനെതിരെ സുന്നി വഖഫ് ബോര്‍ഡും പള്ളി കമ്മിറ്റിയും സമര്‍പ്പിച്ച ഹര്‍ജി അലഹാബാദ് ഹൈക്കോടതി ഇന്ന് ഉച്ചയ്ക്ക് പരിഗണിക്കും. വാരണാസി കോടതിയില്‍ പള്ളിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി റദ്ദാക്കണമെന്നാണ് ഇവര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍വ്വെ തടയണമെന്ന് ആവശ്യപ്പെട്ട് പള്ളിക്കമ്മിറ്റി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതിയിലുമുണ്ട്. ഇതില്‍ തീരുമാനം വരുന്നതിന് മുമ്പ് തന്നെ സര്‍വ്വെ പൂര്‍ത്തിയായി കഴിഞ്ഞു.
ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വ്വെ നടത്തിയ പോലെ മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദിലും സര്‍വ്വെ നടത്തണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം സമര്‍പ്പിച്ച ഹര്‍ജി മഥുര കോടതിയുടെ പരിഗണനയിലാണ്. കൃഷ്ണന്‍ ജനിച്ച ഭൂമിയിലാണ് ഷാഹി ഈദ്ഗാഹ് പള്ളിയുള്ളത് എന്നാണ് ഇവരുടെ വാദം. ആഗ്രയിലെ താജ്മഹലില്‍ ബിംബങ്ങളുണ്ടെന്നും അടച്ചിട്ടിരിക്കുന്ന 22 മുറികള്‍ തുറന്ന് പരിശോദിക്കണമെന്നും ആവശ്യപ്പെട്ടുള്ള ബിജെപി നേതാവിന്റെ ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു.












Click it and Unblock the Notifications