ബിജെപി പറഞ്ഞ് വിട്ടു, കോണ്‍ഗ്രസില്‍ കയറാനുമാവാതെ ഹരക് സിംഗ്, ദില്ലിയിലെത്തിയിട്ടും തീരുമാനമായില്ല
ദില്ലി: ഉത്തരാഖണ്ഡില്‍ വലിയ രാഷ്ട്രീയ പോര് നടക്കുകയാണ്. ബിജെപിയില്‍ നിന്ന് പുറത്തായ ഹരക് സിംഗിനെ ചൊല്ലിയാണ് തര്‍ക്കം നടക്കുന്നത്. കോണ്‍ഗ്രസിലേക്ക് വരാനായി പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും രക്ഷയില്ല. കോണ്‍ഗ്രസില്‍ ഹരീഷ് റാവത്ത് ക്യാമ്പ് അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് എടുക്കരുതെന്ന വാശിയിലാണ്.
താന്‍ ഹരീഷ് റാവത്തിനോട് മാപ്പ് ചോദിക്കാം എന്ന് വരെ ഹരക് സിംഗ് പറഞ്ഞു. എന്നിട്ടും കാര്യങ്ങള്‍ എളുപ്പമായി നടന്നിട്ടില്ല. രണ്ടിടത്തും ഇല്ലാത്ത അവസ്ഥയിലാണ് ഹരക് സിംഗ്. ബിജെപി താന്‍ കോണ്‍ഗ്രസ് നേതാക്കളെ കണ്ടത് വൈകാരികമായി കണ്ട് പ്രതികരിച്ചെന്നാണ് ഹരക് കുറ്റപ്പെടുത്തുന്നത്. കോണ്‍ഗ്രസില്‍ ചേരാന്‍ ഉദ്ദേശമില്ലായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.

ഉത്തരാഖണ്ഡില്‍ ജനപ്രീതിയില്‍ വളരെ മുന്നിലാണ് ഹരക് സിംഗ് റാവത്ത്. അതിലുപരി താക്കൂര്‍ നേതാവുമാണ്. ഉത്തരാഖണ്ഡ് പിടിക്കാന്‍ താക്കൂര്‍ നേതാവ് ആവശ്യവുമാണ്. എന്നാല്‍ ബിജെപി മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി 60 മണിക്കൂര്‍ പിന്നിട്ടിട്ടും ഇതുവരെ ഒരു പാര്‍ട്ടിയിലും എത്തിയിട്ടില്ല ഹരക് സിംഗ്. കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിന്റെ വാതിലില്‍ മുട്ടിയിരിക്കുകയാണ് അദ്ദേഹം. തിങ്കളാഴ്ച്ച അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുമെന്നാണ് അറിയിച്ചത്. പക്ഷേ ബുധനാഴ്ച്ച പിന്നിട്ടിട്ടും അത് സംഭവിച്ചിട്ടില്ല. ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന. ഒരു ലക്ഷം തവണ ഹരീഷ് റാവത്തിനോട് മാപ്പുപറയാന്‍ താന്‍ തയ്യാറാണെന്ന് ഹരക് സിംഗ് പറഞ്ഞു.

2016ല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ച് ബിജെപിയിലേക്ക് പോയ എംഎല്‍എമാരില്‍ പ്രമുഖനായിരുന്നു അദ്ദേഹം. അതാണ് തിരിച്ചുവരവിന് വലിയ തടസ്സമാകുന്നത്. ഹരീഷ് റാവത്ത് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന സമയത്തായിരുന്നു കൂറുമാറ്റം നടന്നത്. കോണ്‍ഗ്രസില്‍ നിന്ന് 9 എംഎല്‍എമാരെയാണ് ഹരക് സിംഗ് അടര്‍ത്തിയെടുത്തത്. താന്‍ ഉള്ളപ്പോള്‍ ഹരക് സിംഗിനെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവരാന്‍ അനുവദിക്കില്ലെന്ന് ഹരീഷ് റാവത്ത് പരസ്യമായി തന്നെ പറഞ്ഞിരുന്നു. ജനാധിപത്യത്തെ ശ്വാസം മുട്ടിച്ച് കൊന്നത് ഹരക് സിംഗാണെന്നും റാവത്ത് പറയുന്നു. പാര്‍ട്ടിയിലെ ഡസന്‍ കണക്കിന് വരുന്ന എംഎല്‍എമാരും ഹരക് സിംഗിനെ തിരികെ കൊണ്ടുവരുന്നതിന് എതിരാണ്.

കേദാര്‍നാഥില്‍ നിന്നുള്ള എംഎല്‍എ മനോജ് റാവത്ത് ഈ വിഷയത്തില്‍ ഹൈക്കമാന്‍ഡിന് കത്തെഴുതി. ഹരക് സിംഗിനെ പാര്‍ട്ടിയിലെടുത്താല്‍ അത് പാര്‍ട്ടി നേതൃത്വത്തിന് തന്നെ നാണക്കേടാവുമെന്ന് മനോജ് റാവത്ത് പറയുന്നു. ഹരക്കിനെ തിരിച്ചുകൊണ്ടുവന്നാല്‍ താന്‍ തീകൊളുത്തി മരിക്കുമെന്ന് പ്രമുഖ നേതാവ് എസ്പി സിംഗ് മുന്നറിയിപ്പ് നല്‍കുന്നു. ഡെറാഡൂണില്‍ പാര്‍ട്ടിയുടെ നിരീക്ഷകനായ മോഹന്‍ പ്രകാശിന് നിരവധി പരാതികളാണ് ഹരക് സിംഗിനെ കുറിച്ച് ലഭിച്ചിരിക്കുന്നത്. ഇയാളെ പാര്‍ട്ടിയില്‍ എടുത്താല്‍ വലിയ പ്രത്യാഘാതങ്ങള്‍ തന്നെ കോണ്‍ഗ്രസിലുണ്ടാവും. അതേസമയം പ്രതിപക്ഷ നേതാവ് പ്രിതം സിംഗും സംസ്ഥാന അധ്യക്ഷന്‍ ഗണേഷ് ഗോഡിയാലും നിലപാട് മയപ്പെടുത്തിയിട്ടുണ്ട്.

ഹരക് സിംഗ് തനിക്ക് ഇളയ സഹോദരനെ പോലെയാണ്. അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്നത് ഹൈക്കമാന്‍ഡാണ് തീരുമാനിക്കേണ്ടതെന്ന് ഹരീഷ് റാവത്ത് പറഞ്ഞു. അതേസമയം കോണ്‍ഗ്രസിനുള്ളില്‍ വിമത ഭീഷണി ഉയര്‍ത്തിയത് മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയാണെന്ന് നേരത്തെ ഹരക് സിംഗ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മരുമകള്‍ അനുകൃതി ഗുസൈനും തനിക്കും ഇത്തവണ ടിക്കറ്റ് നല്‍കണമെന്ന് പറഞ്ഞായിരുന്നു ഹരക് സിംഗ് ബിജെപി നേതൃത്വത്തെ സമ്മര്‍ദത്തിലാക്കിയത്. ദില്ലിയിലേക്ക് പോയി കോണ്‍ഗ്രസ് നേതാക്കളെ കാണുകയും ചെയ്തിരുന്നു. ഇതോടെയാണ് ബിജെപി അദ്ദേഹത്തെ പുറത്താക്കിയത്.

ഹരക് സിംഗിനെ പാര്‍ട്ടിയില്‍ എടുത്താലും ടിക്കറ്റ് നല്‍കില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ഹരക് സിംഗിന് ഒരു പ്രസ്ഥാനത്തോടും കടപ്പാടില്ലെന്നും, എങ്ങോട്ട് വേണമെങ്കിലും എപ്പോഴും പോകാമെന്നും കോണ്‍ഗ്രസ് നേതാവ് മനോജ് റാവത്ത് പറയുന്നു. കുടുംബത്തോട് മാത്രമാണ് അദ്ദേഹത്തിന് കൂറ് ഉള്ളതെന്നും മനോജ് റാവത്ത് പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നല്ലൊരു ശതമാനവും ഹരക് സിംഗിനെ കൊണ്ടുവരാന്‍ താല്‍പര്യപ്പെടുന്നില്ല. അവസരവാദിയാണെന്ന വിമര്‍ശനവും ശക്തമാണ്. അതേസമയം ഗാര്‍വാല്‍ മേഖലയില്‍ ഹരക് സിംഗിനുള്ള സ്വാധീനം ശക്തമാണ്. ഇതുവരെ ഒരു തിരഞ്ഞെടുപ്പും ഹരക് സിംഗ് തോറ്റിട്ടില്ല. എന്നാല്‍ ടീം പ്ലെയറല്ല ഹരക് എന്ന് ഹരീഷ് റാവത്ത് ക്യാമ്പ് ആരോപിക്കുന്നു.












Click it and Unblock the Notifications