ബിജെപി ഹരിയാന സംസ്ഥാന അധ്യക്ഷനെതിരെ കൂട്ടബലാത്സംഗ കേസ്: പീഡനം സർക്കാർ ജോലി വാഗ്ദാനം ചെയ്ത്
ഷിംല: ബി ജെ പി ഹരിയാന സംസ്ഥാന അധ്യക്ഷന്‍ മോഹൻ ലാൽ ബഡൗലിക്കെതിരെ കൂട്ടബലാത്സംഗത്തിന് കേസ് രജിസ്റ്റർ ചെയ്ത് ഹിമചല്‍ പ്രദേശ് പൊലീസ്. യുവതിയുടെ പരാതിയില്‍ പ്രമുഖ ഗായകന്‍ ജയ് ഭഗവാൻ എന്ന റോക്കി മിത്തലിനുമെതിരേയും കേസുണ്ട്. സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പീഡന ദൃശ്യങ്ങള്‍ ഇരുവരും വീഡിയോയിൽ ചിത്രീകരിച്ചതായും പരാതിക്കാരി പറയുന്നു.
2024 ഡിസംബർ 13-ന് സോളൻ ജില്ലയിലെ കസൗലിയിൽ രജിസ്റ്റർ ചെയ്ത എഫ് ഐ ആറിൽ ബഡോളി, റോക്കി എന്ന ജയ് ഭഗവാൻ എന്നിവരുടെ പേരുകളാണ് ഉള്ളത്. എഫ് ഐ ആറിൻ്റെ പകർപ്പ് ചൊവ്വാഴ്ച സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എഫ് ഐ ആറിൽ പറയുന്നതനുസരിച്ച്, 2023 ജൂലൈ മൂന്നിന് കസൗലിയിലെ ഹിമാചൽ പ്രദേശ് ടൂറിസം ഡെവലപ്മെന്റ് കോർപറേഷന്റെ(എച്ച് പി ടി ഡി സി) റോസ് കോമൺ ഹോട്ടലില്‍ വെച്ചാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ തൊഴില്‍ഉടമയ്ക്കും സുഹൃത്തിനുമൊപ്പമായിരുന്നു യുവതി ഹിമാചലിലെ ഹോട്ടലില്‍ എത്തിയത്. തനിക്കും സുഹൃത്തിനും സർക്കാർ ജോലി നല്‍കാമെന്ന് ബഡൗലിയും ഒരു മ്യൂസിക് വീഡിയോയിൽ അഭിനയിക്കാന്‍ അവസരം ലഭിക്കാമെന്ന് റോക്കി മിത്തലും വാഗ്ദാനം നല്‍കി. പിന്നാലെ റൂമിലെത്തിയ തങ്ങളെ നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയും ബലാത്സംഗം ചെയ്തുവെന്നും യുവതി പരാതിയിൽ പറയുന്നുണ്ട്.
സംഭവത്തിൻ്റെ ചിത്രങ്ങളും വീഡിയോകളും പകർത്തിയ പ്രതികള്‍ സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും എഫ് ഐ ആറില്‍ പറയുന്നു. ഹിമാചലിലെ സംഭവത്തിന് ശേഷം രണ്ട് മാസം മുമ്പ് പഞ്ച്കുളയിലെ റോക്കിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി കള്ളക്കേസിൽ കുടുക്കുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ പീനൽ കോഡിലെ (ഐ പി സി) 376 ഡി (കൂട്ടബലാത്സംഗം), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് ബി ജെ പി സംസ്ഥാന അധ്യക്ഷനും ഗായകനുമെതിരെ കേസെടുത്തതായി പോലീസും അറിയിച്ചു. അതേസമയം, ആരോപണങ്ങള്‍ ബഡോലി നിഷേധിച്ചു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തനിക്കെതിരായ പരാതി രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications