തിരുപതി ഒറ്റപ്പെട്ടു, റായല ചെരിവ് ജലസംഭരണിയില്‍ വിള്ളല്‍, പാപാഗ്നി പാലം തകര്‍ന്നു, വിറച്ച് ആന്ധ്ര
ഹൈദരാബാദ്: ആന്ധപ്രദേശിലെ അതിശക്തമായ മഴയില്‍ പലയിടത്തും ദുരന്തങ്ങള്‍. പ്രളയ സമാന സാഹചര്യമാണ് പലയിടത്തും. റോഡുകള്‍ പലതും ഒറ്റപ്പെട്ടിരിക്കുകയാണ്. എല്ലായിടത്തും സഞ്ചാരം തടസ്സപ്പെട്ടു. ഇതുവരെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 41 ആയി ഉയര്‍ന്നു. 12 മരണങ്ങളാണ് ഞായറാഴ്ച്ച റിപ്പോര്‍ട്ട് ചെയ്തത്. ട്രെയിന്‍-ബസ് സര്‍വീസുകളെല്ലാം മുടങ്ങി. റായല്‍സീമയും നെല്ലൂരും പോലുള്ള ജില്ലകളില്‍ പ്രളയത്തില്‍ മുങ്ങിയിരിക്കുകയാണ്. നദികളെല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്. ജലസംഭരണികളിലെയും അവസ്ഥ ഇത് തന്നെയാണ്. താഴ്ന്ന പ്രദേശങ്ങൡലുള്ളവരെല്ലാം പ്രളയ ഭീഷണിയിലാണ്. ഞായറാഴ്ച്ച രാജംപേട്ട് മണ്ഡലില്‍ നിന്നാണ് ആറ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ചിന്നമണ്ഡം മണ്ഡലില്‍ നിന്ന് രണ്ട് പേരുടെ മൃതദേഹവും, നെല്ലുരില്‍ നിന്ന് നാല് മൃതദേഹവും കണ്ടെത്തി.

തിരിച്ചറിയാത്ത മൂന്ന് മൃതദേഹങ്ങള്‍ കഡപ്പ ജില്ലയിലെ രാജംപേട്ട് ആശുപത്രിയിലുണ്ട്. ശക്തമായ പ്രളയത്തെ തുടര്‍ന്ന് പാപാഗ്നി പാലം തകര്‍ന്നിരിക്കുകയാണ്. കഡപ്പ താദിപത്രി ടൗണുകളെ ബന്ധിപ്പിക്കുന്ന പാലമാണിത്. തിരുപതിയും ഒറ്റപ്പെട്ട അവസ്തയിലാണ്. ഇവിടേക്കുള്ള ഗതാഗതമെല്ലാം നിലച്ചിരിക്കുകയാണ്. കഡപ്പ-തിരുപ്പതി, നെല്ലൂര്‍-തിരുപ്പതി, ബെംഗളൂരു-തിരുപ്പതി ഹൈവേകള്‍ എല്ലാം അടച്ചിരിക്കുകയാണ്. രണ്ടായിരത്തോലം തിരുപ്പതി ഭക്തരെ കഡപ്പ റെയില്‍വേ സ്റ്റേഷനില്‍ ഇറക്കിയിരിക്കുകയാണ്. ഇവരെ തിരുമല എക്‌സ്പ്രസിലായിരുന്നു കൊണ്ടുപോയിരുന്നത്. എന്നാല്‍ ഇത് വലിയ പ്രതിഷേധത്തിന് കാരണമായി. ഇവര്‍ക്ക് ബസ്സുകള്‍ ഏര്‍പ്പാടാക്കിയാണ് തിരുപ്പതിയില്‍ എത്തിച്ചത്.
ഇതിനിടെ ആന്ധ്രയിലെ ഏറ്റവും വലിയ ജലസംഭരണിയില്‍ വിള്ളലുണ്ടായി. തിരുപ്പതി സമീപമുള്ള റായലചെരിവ് ജലസംഭരണിയിലാണ് വിള്ളലുണ്ടായിരിക്കുന്നത്. വെള്ളം ചോരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ജലസംഭരണിയില്‍ നാലിടത്തായിട്ടാണ് ചോര്‍ച്ച. അതേസമയം അപകടാവസ്ഥയിലല്ല ജലസംഭരണിയുള്ളതെന്ന് കളക്ടര്‍ വ്യക്തമാക്കി. വിള്ളലും ചോര്‍ച്ചയും സ്ഥിരീകരിച്ചതോടെ സമീപത്തെ 20 ഗ്രാമങ്ങളില്‍ നിന്ന് ആളുകളെ അടിയന്തരമായി ഒഴിപ്പിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനയും ദുരന്ത നിവാരണ സേനയും ആന്ധ്രയിലുണ്ട്. ഇവരുടെ നേതൃത്വത്തിലാണ് ആളുകളെ മാറ്റിയത്. അഞ്ഞൂറ് വര്‍ഷത്തോളം പഴക്കമുള്ള ജലസംഭരണിയാണ് റായല ചെരിവ്.
പാപാഗ്നി പാലത്തിലൂടെയുള്ള ഗതാഗതം കഴിഞ്ഞ രണ്ട് ദിവസമായി പോലീസ് നിയന്ത്രിച്ചിരുന്നു. അതാണ് വന്‍ ദുരന്തം ഉണ്ടാവാതെ തടഞ്ഞത്. ഒരു താല്‍ക്കാലിക റോഡ് പ്രളയം ഒന്നടങ്ങിയ ശേഷം ഉണ്ടാക്കും. അതേസമയം പുതിയ പാലം ഇവിടെ ഉണ്ടാക്കാന്‍ ഏകദേശം ഒരുവര്‍ഷത്തോളം എടുക്കും. 29 പേരോളം കഡപ്പ ജില്ലയില്‍ നിന്ന് വെള്ളപ്പൊക്കത്തില്‍ കാണാതായിട്ടുണ്ട്. പല മൃതദേഹങ്ങളും കണ്ടെടുക്കാനായിട്ടില്ല. കഡപ്പ ജില്ലയിലെ വിവിധയിടങ്ങളില്‍ നൂറോളം പേരെ കാണാതായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. അന്നമയ്യ പ്രൊജക്ടിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്നാണ് പലരെയും കാണാതായത്. പലയിടത്തും ആളുകള്‍ ഒഴുകി പോയിട്ടുണ്ട്.












Click it and Unblock the Notifications