മണൽക്കല്ലുകൾ രാജസ്ഥാനിൽ നിന്ന്, നാഗ്പൂരിൽ നിന്നും തേക്ക് തടികൾ; വൈവിധ്യം ഉൾക്കൊള്ളിച്ച് പാർലമെന്റ്
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നാളെയാണ്. രാജ്യം കാത്തിരിക്കുന്ന നിമിഷം. 2020 ഡിസംബറിലാണ് പ്രധാനമന്ത്രി മോദി പുതിയ പാർലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിട്ടത്. 970 കോടി രൂപ ചെലവിലാണ് മന്ദിരം നിർമ്മിച്ചത്. മോദി സർക്കാരിനെ സംബന്ധിച്ച് ഇത് അഭിമാന നേട്ടം തന്നെയാണ്. രാജ്യത്തിന്റെ വൈവിധ്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് പാർലമെന്റ് മന്ദിരം പണിതീർത്തിരിക്കുന്നത്.
മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്നുള്ള തേക്ക് തടി, ഉത്തർപ്രേദശിലെ മിർസാപൂരിൽ നിന്നുള്ള പരവതാനികൾ, രാജസ്ഥാനിൽ നിന്നും കൊത്ത് പണികളുള്ള കല്ല്, ത്രിപുരയിൽ നിന്നുള്ള മുളകൾ എന്നിവയൊക്കെ ഉൾപ്പെടുത്തിക്കൊണ്ടാണ് പാർലമെന്റിൽ ഇന്ത്യയുടെ നിറവും വൈവിധ്യവും ഉൾക്കാെള്ളിച്ചിരിക്കുന്നത്.

പാർലമെന്റിലെ ഇന്ത്യൻ വൈവിധ്യം
'ഏക് ഭാരത് ശ്രേഷ്ഠ ഭാരത്' എന്ന ആശയത്തിൽ ഊന്നിയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പാർലമെന്റിന്റെ നിർമ്മാണത്തിനായി സാമഗ്രികൾ എത്തിച്ചത്. അവ എന്തൊക്കെയാണ് വിശദമായി അറിയാം. ചുവപ്പും വെള്ളയും മണൽക്കല്ലുകൾ വാങ്ങിയത് രാജസ്ഥാനിലെ സർമാതുരയിൽ നിന്നാണ്. ചെങ്കോട്ടയ്ക്കും ഹുമയൂണിന്റെ ശവകുടീരത്തിനും ഉള്ള മണൽക്കല്ലുകളും ഇവിടെ നിന്ന് തന്നെയാണ് വാങ്ങിയത്. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്നുമാണ് കെട്ടിടത്തിന് ഉപയോഗിച്ചിട്ടുള്ള തേക്ക് തടികൾ എത്തിച്ചത്.
ഉദയ്പൂരിൽ നിന്നാണ് കേശാരിയ പച്ച കല്ലുകൾ എത്തിച്ചത്. അജ്മീറിനടുത്തുള്ള ലഖയിൽ നിന്നും ചുവന്ന ഗ്രാനൈറ്റും രാജസ്ഥാനിലെ അംബാജിയിൽ നിന്ന് വെള്ള മാർബിളും എത്തിച്ചു. ഫർണിച്ചറുകൾ നിർമ്മിച്ചത് മുംബൈയിലാണ്. ലോക്‌സഭയിലെയും രാജ്യസഭാ ചേംബറുകളിലെയും ഫാൾസ് സീലിങ്ങിനുള്ള സ്റ്റീൽ കേന്ദ്രഭരണ പ്രദേശമായ ദാമൻ ദിയുവിൽ നിന്നും ആണ് എത്തിച്ചത്.
രാജസ്ഥാനിലെ രാജ്‌നഗർ, ഉത്തർപ്രദേശിലെ നോയിഡ എന്നിവിടങ്ങളിൽ നിന്നാണ് ഈ കെട്ടിടത്തിന്റെ 'ജാലി' (ലാറ്റിസ്) ശിലാകൃതികൾ കൊണ്ടുവന്നിരിക്കുന്നത്.
മഹാരാഷ്ട്രയിലെ ഔറംഗബാദിൽ നിന്നും രാജസ്ഥാനിലെ ജയ്പൂരിൽ നിന്നും ആണ് അശോക ചിഹ്നത്തിനുള്ള സാമഗ്രികൾ കൊണ്ടുവന്നത്.
ലോക്‌സഭയുടെയും രാജ്യസഭയുടേയും ചേംബറുകളുടെ കൂറ്റൻ ചുവരുകളിലും പാർലമെന്റ് മന്ദിരത്തിന്റെ പുറംഭാഗങ്ങളിലും പതിച്ച അശോകചക്രം മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നാണ് എത്തിച്ചത്. അബു റോഡ്, ഉദയ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള ശിൽപികളാണ് ശില കൊത്തുപണികൾ നടത്തിയത്, രാജസ്ഥാനിലെ കോട്പുതലിയിൽ നിന്നാണ് കല്ലുകൾ കൊണ്ടുവന്നത്.
പുതിയ പാർലമെന്റ് മന്ദിരം നിർമ്മാണ പ്രവർത്തനങ്ങൾക്കായി കോൺക്രീറ്റ് മിശ്രിതം ഉണ്ടാക്കാൻ ഹരിയാനയിലെ ചാർഖി ദാദ്രിയിൽ നിന്നുള്ള എം-മണൽ ഉപയോഗിച്ചു. നിർമ്മാണത്തിന് ഉപയോഗിച്ച ഫ്ലൈ ആഷ് ഇഷ്ടികകൾ ഹരിയാന , ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുമാണ്. പിച്ചള വർക്കുകളും പ്രീ-കാസ്റ്റ് ട്രഞ്ചുകളും ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്നാണ്.
പുതിയ പാർലമെന്റ് നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതോടെ രാജ്യത്ത് പുതുചരിത്രം പിറക്കും. ബ്രിട്ടീഷുകാരിൽ നിന്നും ഇന്ത്യയിലേക്കുള്ള അധികാര കൈമാറ്റത്തിന്റെ പ്രതീകമായി ചെങ്കോൽ അദ്ദേഹം കെട്ടിടത്തിൽ സ്ഥാപിക്കും. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ലോക്സഭാ ചേംബറിൽ 888 അംഗങ്ങൾക്കും രാജ്യസഭാ ചേംബറിൽ 300 അംഗങ്ങൾക്കും ഇരിക്കാൻ കഴിയും












Click it and Unblock the Notifications