സൗദി അറേബ്യയില്‍ നിന്ന് മടങ്ങുമ്പോള്‍ മോദി പാകിസ്താന്‍ തൊട്ടില്ല; വന്നത് മറ്റൊരു വഴി, ഇതാണ് കാരണം
ന്യൂഡല്‍ഹി: കശ്മീരിലെ പഹല്‍ഗാമില്‍ ആക്രമണം നടക്കുന്ന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യയില്‍ ആയിരുന്നു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് വേണ്ടി ചൊവ്വാഴ്ചയാണ് അദ്ദേഹം സൗദിയിലെത്തിയത്. ബുധനാഴ്ച സുപ്രധാന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി മടങ്ങുമെന്നാണ് നേരത്തെ അറിയിച്ചത്. എന്നാല്‍ കശ്മീരിലെ സംഭവങ്ങള്‍ എല്ലാം മാറ്റിമറിച്ചു.
സൗദി അറേബ്യയിലേക്ക് നരേന്ദ്ര മോദി പോയത് പാകിസ്താന്റെ വ്യോമ പാതയിലൂടെയായിരുന്നു. സൗദിയിലേക്കുള്ള വിമാന യാത്രയില്‍ എളുപ്പവഴിയും ഇതുതന്നെയാണ്. എന്നാല്‍ അടിയന്തര സാഹചര്യത്തെ തുടര്‍ന്ന് അദ്ദേഹം മടങ്ങുമ്പോള്‍ പാകിസ്താന്റെ വ്യോമപാത ഒഴിവാക്കിയാണ് യാത്ര ചെയ്തത്. പഹല്‍ഗാം ആക്രമണത്തെ അപലപിച്ച് പാകിസ്താന്‍ രംഗത്തുവന്നിട്ടുണ്ട്....

അറബി കടലിന് മുകളിലൂടെയുള്ള പാതയിലാണ് നരേന്ദ്ര മോദിയുടെ വിമാനം ന്യൂഡല്‍ഹിയില്‍ മടങ്ങിയെത്തിയത്. ഒരു രാജ്യത്തിന്റെ വ്യോമപാതയിലൂടെ വരുമ്പോള്‍ അവരുടെ അനുമതി ആവശ്യമാണ്. അടിയന്തര യാത്രയായതിനാല്‍ അനുമതി തേടാനും മറുപടി ലഭിക്കാനുമുള്ള സമയം കാത്തിരിക്കാനാകില്ല. നടപടിക്രമങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് മറ്റൊരു പാത തിരഞ്ഞെടുത്തത് എന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.
മോദിയുടെ റൂട്ട് ഇങ്ങനെ
വ്യോമസേനയുടെ ബോയിങ് 777-300 (കെ7067) വിമാനത്തിലാണ് പ്രധാനമന്ത്രി സൗദി അറേബ്യയിലേക്ക് പോയത്. സാധാരണ വിദേശ നേതാക്കള്‍ സൗദി സന്ദര്‍ശനത്തിന് പോകുമ്പോള്‍ തലസ്ഥാനമായ റിയാദിലാണ് എത്തുക. എന്നാല്‍ മോദി ഇറങ്ങിയത് ജിദ്ദയിലാണ്. 42 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ജിദ്ദയില്‍ ഇറങ്ങിയത്. ഇതിന് മുമ്പ് ഇന്ദിര ഗാന്ധിയാണ് ജിദ്ദയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് വിമാനം ഇറങ്ങിയിട്ടുള്ളത്.
പാകിസ്താന്‍, ഒമാന്‍ എന്നീ രാജ്യങ്ങളുടെ വ്യോമപാതയിലൂടെയാണ് മോദിയുടെ വിമാനം ജിദ്ദയിലെത്തിയത്. തിരിച്ചുവരുമ്പോള്‍ ഒമാന്‍ വ്യോമപാതയില്‍ പ്രവേശിച്ച ശേഷം അറബിക്കടലിന് മുകളിലൂടെ ഇന്ത്യയില്‍ പ്രവേശിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ നടപടിക്രമങ്ങള്‍ കുറയ്ക്കാനും വേഗത്തില്‍ ന്യൂഡല്‍ഹിയിലെത്താനും മോദിക്ക് സാധിച്ചു. ബുധനാഴ്ച രാവിലെയാണ് മോദി ഡല്‍ഹിയിലെത്തിയത്.
തിരിച്ചെത്തിയ മോദി ചെയ്തത് ഇങ്ങനെ
സൗദി അറേബ്യയില്‍ നിന്ന് മടങ്ങിയെത്തിയ പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചിരുന്നു. വിമാനത്താവളത്തില്‍ തന്നെ യോഗം ചേര്‍ന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, വിദേശ കാര്യ സെക്രട്ടറി വിക്രം മിസ്രി എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. എന്താണ് കശ്മീരിലുണ്ടായത് എന്ന് മറ്റുള്ളവര്‍ മോദിയെ ധരിപ്പിച്ചു. തുടര്‍നീക്കങ്ങളും ചര്‍ച്ചയായി എന്നാണ് വിവരം.

സുരക്ഷാ കാര്യങ്ങള്‍ക്കുള്ള കാബിനറ്റ് മീറ്റിങ് പകല്‍ 11 മണിക്ക് തീരുമാനിച്ചിരുന്നു. ആക്രമണം ഉണ്ടായ ഉടനെ ആഭ്യന്തര മന്ത്രി അമിത് ഷാ കശ്മീരിലേക്ക് തിരിച്ചിട്ടുണ്ട്. അവിടെ ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ആക്രമണം നടന്ന സ്ഥലം അമിത് ഷാ സന്ദര്‍ശിച്ചു. അക്രമികളോട് വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് മോദി പ്രതികരിച്ചു.
റസിസ്റ്റന്റ് ഫ്രണ്ട് എന്ന സംഘടനയാണ് ആക്രമണം നടത്തിയത് എന്നാണ് വിവരം. ഇവര്‍ക്ക് പാകിസ്താനിലെ ലഷ്‌കറെ ത്വയ്യിബയുമായി ബന്ധമുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്. വിശദമായ അന്വേഷണം നടന്നുവരികയാണ്. വിദേശികള്‍ ഉള്‍പ്പെടെയുള്ളവരാണ് പഹല്‍ഗാമിലെ വിനോദ സഞ്ചാര മേഖലയില്‍ കൊല്ലപ്പെട്ടത്. എറണാകുളം ജില്ലക്കാരനും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
അക്രമികള്‍ എന്ന് കരുതുന്ന മൂന്ന് പേരുടെ രേഖാചിത്രം സുരക്ഷാ ഏജന്‍സികള്‍ പുറത്തുവിട്ടിട്ടുണ്ട്. അക്രമികള്‍ പഹല്‍ഗാം മേഖലയില്‍ തന്നെ ഉണ്ട് എന്നാണ് കരുതുന്നത്. വ്യാപകമായ പരിശോധന ഉദ്യോഗസ്ഥര്‍ നടത്തിവരികയാണ്. അതിനിടെ ബാരാമുല്ലയോട് ചേര്‍ന്ന മേഖലയില്‍ നുഴഞ്ഞുകയറ്റിത്തിന് ശ്രമിച്ച പാകിസ്താനില്‍ നിന്നുള്ളവരെ സൈന്യം വധിച്ചു.












Click it and Unblock the Notifications