തലയ്ക്ക് 40 ലക്ഷം രൂപ ഇനാം; ബീജാപ്പൂര്‍ ഏറ്റുമുട്ടിലിന് പിന്നിലെ ബുദ്ധി കേന്ദ്രം ഹിദ്മ
ദില്ലി: ഛത്തീസ്ഗഡിലെ ബീജാപൂരില്‍ മാവോയിസ്റ്റുകളുമായി നടന്ന ഏറ്റുമുട്ടലില്‍ 22 സൈനികരാണ് വീരമൃത്യു വരിച്ചത്. ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്ത് നിന്നും 17 ജവാന്‍മാരുടെ മൃതദേഹം ഞായാറാഴ്ച കണ്ടെത്തുകയായിരുന്നു. അഞ്ച് സുരക്ഷ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി ശനിയാഴ്ച നടന്ന ഏറ്റമുട്ടലിന് പിന്നാലെ തന്നെ പൊലീസ് അറിയിച്ചിരുന്നു. ഒരു ജവാനെ കുറിച്ച് ഇപ്പോഴും വിവരം ലഭിച്ചിട്ടില്ലെന്നാണ് ബീജാപൂര്‍ പൊലീസ് സൂപ്രണ്ട് അറിയിച്ചത്. ബീജാപ്പൂര്‍ ജില്ലാ ആസ്ഥാനത്ത് നിന്നും അറുപതിലേറെ കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ടാരം മേഖലയിലെ വനത്തിലായിരുന്നു മാവോയിസ്റ്റുകളുമായുള്ള സുരക്ഷ സേനയുടെ ഏറ്റമുട്ടല്‍.
സുരക്ഷാ സൈനികരെ രഹസ്യവിവരം നല്‍കി കെണിയില്‍പ്പെടുത്തുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മാവോവാദി നേതാവായ ഹിദ്മയുടെ സാന്നിധ്യം സംബന്ധിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് തിരച്ചിലിനിറങ്ങിയ സുരക്ഷാ സൈനികര്‍. എന്നാല്‍ സേനയുടെ വരവ് പ്രതീക്ഷിച്ച് തോക്ക് ധാരികളായ മാവോയിസ്റ്റുകള്‍ വന്‍ സംഘം പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു. സേന എത്തിയ ഉടന്‍ തന്നെ ചുറ്റ് നിന്നും ഇവര്‍ ആക്രമണം നടത്തുകയായിരുന്നു. രഹസ്യ വിവരം കൈമാറിയവര്‍ സുരക്ഷാ സൈനികരെ കെണിയില്‍ പെടുത്തുകയായിരുന്നുവന്നെ സംശയമാണ് ചില ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആയുധധാരികളായ മാവോവാദികളെ വളരെ അപ്രതീക്ഷിതമായി തൊട്ടടുത്തുനിന്നായിരുന്നു സേനയക്ക് നേരിടേണ്ടി വന്നത്. ഹിദ്മയെ കുറിച്ചുള്ള വളരെ കൃത്യമായ രഹസ്യ വിവരത്തെ തുടര്‍ന്നാണ് സുരക്ഷാ സൈന്യം തിരച്ചിലിന് ഇറങ്ങിയതെന്ന് ഉന്നത് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. സുക്മ ജില്ലയിലെ പുവർതി ഗ്രാമത്തിൽ നിന്നുള്ള ഒരു ഗോത്ര വര്‍ഗക്കാരനാണ് സുരക്ഷ സേന തിരഞ്ഞ മാവോയിസ്റ്റ് നേതാവായ ഹിഡ്മ. ഇദ്ദേഹത്തിന് ഏകദേശം 40 വയസ്സ് പ്രായമുണ്ടെന്നാണ് വിവരം. 90 കളിലാണ് ഇദ്ദേഹം മാവോയിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ഭാഗമാവുന്നത്.
പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമിയുടെ (പിഎൽജിഎ) ബറ്റാലിയൻ നമ്പർ 1 ന്റെ തലവനായ ഹിദ്മ ക്രൂരമായ നടപടികള്‍ക്ക് പേരുകേട്ട മാവോയിസ്റ്റ് നേതാവാണ്. സ്ത്രീകൾ ഉൾപ്പെടെ 180 മുതൽ 250 വരെ മാവോയിസ്റ്റ് ഗ്രൂപ്പിനെയാണ് അദ്ദേഹം നയിക്കുന്നത്. മാവോയിസ്റ്റുകളുടെ ദണ്ഡകരന്യ സ്പെഷ്യൽ സോണൽ കമ്മിറ്റി (ഡി.കെ.എസ്.സെഡ്) അംഗവുമാണ് ഹിദ്മ. സിപിഐ മാവോയിസ്റ്റിന്‍റെ കേന്ദ്ര സമിതിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം കൂടിയാണ് ഇദ്ദേഹം.
സ്ഥിരീകരിക്കാത്ത ചില റിപ്പോർട്ടുകൾ പ്രകാരം മാവോയിസ്റ്റുകള്‍ ഇദ്ദേഹത്തെ സെന്‍ട്രല്‍ സൈനിക കമ്മീഷന്റെ മേധാവിയായി നിയമിച്ചതായും സൂചനയുണ്ട്. ഹിഡ്മയുടെ സമീപകാല ചിത്രങ്ങളൊന്നും ലഭ്യമല്ല. ഇദ്ദേഹത്തെ ജീവനോടെയോ അല്ലാതെയോ പിടികൂടുന്നവര്‍ 40 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭീം മന്ദവി കൊലപാതകക്കേസിൽ ഇയാൾക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഹിദ്മയുടെ നേതൃത്വത്തില്‍ മവോയിസ്റ്റ് പ്ലാറ്റൂണുകളായ പമേഡ്, കോണ്ട, ജഗർഗുണ്ട, ബസഗുഡ ഏരിയാ കമ്മിറ്റികളുമായി ബന്ധപ്പെട്ട 250 ഓളം വരുന്ന നക്സലുകളാണ് ശനിയാഴ്ചത്തെ അക്രമണത്തിന് പിന്നിലെന്നും ഇന്ത്യാ ടുഡെയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications