ഹിജാബ് റാലി; ഗുജറാത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ അറസ്റ്റില്‍, എംഐഎം നേതാക്കളും
അഹമ്മദാബാദ്: കര്‍ണാടകയിലെ ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഹിജാബ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രകടനം നടത്തിയവര്‍ അറസ്റ്റില്‍. ഗുജറാത്തിലെ വിവിധ ഭാഗങ്ങളില്‍ അറസ്റ്റ് നടക്കുന്നുണ്ടെങ്കിലും സൂറത്തിലും അഹമ്മദാബാദിലുമാണ് കൂടുതല്‍ പേരെ കസ്റ്റഡിയിലെടുത്തത്. ഹിജാബ് സമരം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നത് പോലീസ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഗുജറാത്തില്‍ അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎം ആണ് സമരത്തിന് നേതൃത്വം നല്‍കിയത്. സൂറത്തില്‍ വലിയ റാലിയാണ് എംഐഎമ്മിന്റെ നേതൃത്വത്തില്‍ വിവിധ മുസ്ലിം സംഘടനകള്‍ പദ്ധതിയിട്ടത്. എന്നാല്‍ റാലി തുടങ്ങുന്നതിന് ഏറെ മുമ്പ് തന്നെ പോലീസ് എംഐഎം നേതാക്കളെ അറസ്റ്റ് ചെയ്തു.

പാര്‍ട്ടിയുടെ സൂറത്ത് യൂണിറ്റ് പ്രസിഡന്റ് വസീം ഖുറേഷി, വനിതാ വിഭാഗം നേതാവ് നസ്മ ഖാന്‍ എന്നിവരുള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. 20 സ്ത്രീകളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഏത് വസ്ത്രം ധരിക്കണമെന്നത് വ്യക്തിയുടെ ഇഷ്ടമാണ്. അത് പാടില്ല എന്ന് പറയാന്‍ സാധിക്കില്ല. വസ്ത്രങ്ങള്‍ നിയന്ത്രിക്കുന്നത് ഭരണഘടന ഉറപ്പ് നല്‍കുന്ന സ്വാതന്ത്ര്യത്തിന് എതിരാണ്. മറ്റു മതസ്ഥരെ പോലെ മുസ്ലിങ്ങള്‍ക്ക് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കാമെന്നും നസ്മ ഖാന്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.
അതേസമയം, അഹമ്മദാബാദില്‍ എംഐഎം ഒപ്പ് ശേഖരണ പ്രചാരണമാണ് പദ്ധതിയിട്ടത്. ഇത് സംബന്ധിച്ച് വിവരം ലഭിച്ച പിന്നാലെ പോലീസ് പാര്‍ട്ടി നേതാക്കളെ അറസ്റ്റ് ചെയ്തു. പലരെയും പിടികൂടിയത് പാര്‍ട്ടി ഓഫീസില്‍ നിന്നാണ്. 200ലധികം പേരെ ഇതുവരെ അഹമ്മദാബാദില്‍ അറസ്റ്റ് ചെയ്തുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, ഹിജാബ് നിരോധനത്തിനെതിരെ വലിയ പ്രതിഷേധമാണ് കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്. കര്‍ണാടക ഹൈക്കോടതി തിങ്കളാഴ്ച ഹിജാബ് ഹര്‍ജി വീണ്ടും പരിഗണിക്കുന്നുണ്ട്. ഹിജാബ് നിരോധനത്തിന് പിന്നില്‍ ഉഡുപ്പി ബിജെപി എംഎല്‍എ കെ രഘുപതി ഭട്ട് ആണ് എന്നാണ് ചില കോണുകളില്‍ നിന്നുള്ള ആരോപണം. തനിക്ക് ഭീഷണി സന്ദേശം ലഭിച്ചുവെന്ന് എംഎല്‍എ പറഞ്ഞു. അതേസമയം, കോളജുകള്‍ക്ക് പ്രഖ്യാപിച്ച അവധി ചൊവ്വാഴ്ച വരെ സര്‍ക്കാര്‍ നീട്ടി. അമേരിക്ക ഉള്‍പ്പെടെയുള്ള ചില വിദേശ രാജ്യങ്ങളും വ്യക്തികളും ഹിജാബ് നിരോധനത്തിനെതിരെ രംഗത്തുവന്നു. എന്നാല്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയത്തില്‍ വിദേശ രാജ്യങ്ങള്‍ ഇടപെടേണ്ട എന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
അതിനിടെ വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ നിസ്‌കരിച്ചത് സംബന്ധിച്ച് അന്വേഷണം തുടങ്ങി. ബാഗല്‍കോട്ടിലെ ഇല്‍ക്കാല്‍ ടൗണിലുള്ള സ്‌കൂൡലാണ് വിദ്യാര്‍ഥിനികള്‍ വരാന്തയില്‍ നിസ്‌കരിക്കുന്ന വീഡിയോ പുറത്തുവന്നത്. ഹിജാബ് ധരിച്ച ആറ് കുട്ടികളാണ് നിസ്‌കരിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭക്ഷണം കഴിക്കാനുള്ള ഒഴിവ് വേളയിലായിരുന്നു നിസ്‌കാരം. കര്‍ണാടക സര്‍ക്കാര്‍ അന്വേഷണം തുടങ്ങി. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മൗലാന അസാദ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് സംഭവം.












Click it and Unblock the Notifications