ഹിജാബ് ധരിച്ചവര്‍ക്ക് പ്രത്യേക ക്ലാസ് റൂം; പഠിപ്പില്ല... സമരത്തെ പിന്തുണച്ച് ദളിത് വിദ്യാര്‍ഥികളും
ബെംഗളൂരു: ഹിജാബ് സമരം ശക്തിപ്പെട്ട കര്‍ണാടകത്തിലെ ഒരു കോളജില്‍ വിദ്യാര്‍ഥിനികള്‍ക്ക് പ്രവേശന അനുമതി നല്‍കി. മൂന്ന് കോളജുകളിലാണ് ഹിജാബ് ധരിച്ച പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നത്. ഹിജാബിനെതിരെ കാവി ഷാള്‍ ധരിച്ച് ഒരുവിഭാഗം രംഗത്തുവന്നതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. വര്‍ഗീയ സംഘര്‍ഷം ഒഴിവാക്കാനെന്ന പേരില്‍ ഇന്ന് രണ്ട് കോളജുകള്‍ക്ക് അവധി നല്‍കി. മൂന്നാമതൊരു സ്‌കൂളിലാണ് പെണ്‍കുട്ടികള്‍ക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിയത്. എന്നാല്‍ ഇവരെ മറ്റു വിദ്യാര്‍ഥിനകള്‍ക്കൊപ്പം ഇരുത്തിയില്ല. പ്രത്യേക ക്ലാസ് മുറി നല്‍കി. ഇവര്‍ക്ക് പഠിപ്പില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉഡുപ്പിയിലെ സര്‍ക്കാര്‍ ജൂനിയര്‍ പിയു കോളജിലാണ് ഹിജാബ് ധരിച്ച കുട്ടികളെ പ്രത്യേക ക്ലാസ് മുറിയിലിരുത്തിയത്. ഇത് വിവാദമായിട്ടുണ്ട്.

പ്രതിഷേധം കുറയ്ക്കാനാണ് വിദ്യാര്‍ഥിനികള്‍ക്ക് പ്രവേശന അനുമതി നല്‍കിയതെന്ന് അധികൃതര്‍ അറിയിച്ചു. ഹിജാബ് ഒഴിവാക്കിയാല്‍ മാത്രമേ വിദ്യാര്‍ഥിനികള്‍ക്ക് ക്ലാസില്‍ കയറാന്‍ പറ്റുകയുള്ളൂ എന്ന് പ്രിന്‍സിപ്പല്‍ രാമകൃഷ്ണ ആവര്‍ത്തിച്ചു. എന്നാല്‍ ഹിജാബ് ഒരിക്കലും അഴിക്കില്ല എന്ന് വിദ്യാര്‍ഥിനികള്‍ പറയുന്നു. അതേസമയം, ഉഡുപ്പിയിലെ കളവര വരദരാജ് എം ഷെട്ടി സര്‍ക്കാര്‍ ഫസ്റ്റ് ഗ്രേഡ് കോളജില്‍ ഹിജാബ് ധരിച്ച കുട്ടികളെ വീട്ടിലേക്ക് മടക്കി അയച്ചു. ഹിജാബ് ധരിച്ചതിനാലാണ് മടക്കി അയച്ചതെന്നും ചൊവ്വാഴ്ച ഹൈക്കോടതി വിധി പറഞ്ഞ ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും വൈസ് പ്രിന്‍സിപ്പല്‍ ഉഷ ദേവി പറഞ്ഞു.
അതേസമയം, കര്‍ണാടകത്തിലെ വിജയപുര ജില്ലയിലെ രണ്ട് കോളജുകളില്‍ ഹിജാബിനെതിരെ കാവി ഷാള്‍ ധരിച്ച കുട്ടികള്‍ പ്രതിഷേധം സംഘടിപ്പിച്ചു. തുടര്‍ന്ന് കോളജുകള്‍ക്ക് അടച്ചു. ഉഡുപ്പി പ്രി യൂണിവേഴ്‌സിറ്റി കോളജിലെ അഞ്ച് വിദ്യാര്‍ഥിനികളാണ് ഹിജാബ് നിരോധനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. അതിനിടെ ഹിജാബിനെ പിന്തുണച്ചുള്ള സമരത്തിന് ഐക്യദാര്‍ഢ്യവുമായി ദളിത് വിദ്യാര്‍ഥികള്‍ രംഗത്തുവന്നു. ചിക്കമംഗളൂരു ഐഡിഎസ്ജി കോളജിലാണ് ദളിത് വിദ്യാര്‍ഥികള്‍ പ്രകടനം നടത്തിയത്. നീല ഷാള്‍ ധരിച്ച് ജയ് ഭീം മുദ്രാവാക്യം വിളിച്ചാണ് ഇവരെത്തിയത്.
ഉഡുപ്പിയിലെ കുണ്ടപൂരില്‍ രണ്ട് പേരെ ആയുധങ്ങളുമായി പിടികൂടി. റജബ്, അബ്ദുല്‍ മജീദ് എന്നിവരാണ് അറസ്റ്റിലായത്. ഹിജാബ് വിഷയത്തില്‍ സമരം നടക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. കലാപമുണ്ടാക്കല്‍, ആയുധം കൈവശംവെക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു. ഇവര്‍ സമരം നടത്തുന്ന വിദ്യാര്‍ഥികളെ പിന്തുണയ്്ക്കുന്നവരാണ് എന്ന് പോലീസ് സംശയിക്കുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ രക്ഷപ്പെട്ടുവെന്നും പോലീസ് പറഞ്ഞു. പിടിയിലായവരില്‍ നിന്ന് കത്തി കണ്ടെടുത്തു. ഗംഗോളി സ്വദേശികളാണ് അറസ്റ്റിലായത്. സമരം നടക്കുന്ന പ്രദേശത്തുള്ളവരല്ല. അറസ്റ്റിലായവരെ റിമാന്റ് ചെയ്തുവെന്ന് ഉഡുപ്പി എഎസ്പി എസ്ടി സിദ്ധലിംഗപ്പ പറഞ്ഞു.












Click it and Unblock the Notifications