
ഹിമാചല്‍ പ്രദേശ് ഫലം: കോൺഗ്രസിന്റെ തിരക്കിട്ട നീക്കങ്ങൾ, എംഎൽഎമാർ രാത്രിയോടെ ജയ്പൂർ റിസോർട്ടിലേക്ക്
ദില്ലി: ഹിമാചൽ പ്രദേശിൽ നിയമസഭ തിരഞ്ഞെടുപ്പിൽ റിസോർട്ട് രാഷ്ട്രീയത്തിന് കളമൊരുങ്ങുന്നു. വോട്ടെണ്ണൽ പുരോഗമിക്കവെ നിലവിൽ കോൺഗ്രസ് ആണ് മുന്നിട്ട് നിൽക്കുന്നത്. 39 സീറ്റുകളിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. ബി ജെ പി 29 സീറ്റുകളിലും. കേവല ഭൂരിപക്ഷത്തിന് 35 സീറ്റുകളിലാണ് വിജയിക്കേണ്ടത്. ഇതോടെ ബി ജെ പി കുതിരക്കച്ചവടത്തിനുള്ള നീക്കങ്ങൾ നടത്തിയേക്കുമെന്നുള്ള ആശങ്കയിലാണ് കോൺഗ്രസ്.

അധികാരം നിലനിർത്താൻ ബി ജെ പി
തുടക്കം മുതൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു കോൺഗ്രസും ബി ജെ പിയും കാഴ്ച വെച്ചത്. ലീഡ് നില 29 കടന്നതോടെ സർക്കാർ രൂപീകരണത്തിനുള്ള ചർച്ചകളിലേക്ക് ബി ജെ പി കടന്നിരിക്കുകയാണ്. വിജയിച്ച എം എൽ മാർ മുഖ്യമന്ത്രി ജയ്റാം താക്കൂറിന്റെ വസതിയിലെത്തി അദ്ദേഹവുമായി കൂടികാക്കാഴ്ച നടത്തി. അധികാരം നിലനിർത്താൻ ബി ജെ പിയെ സംബന്ധിച്ച് വെറും അഞ്ചോ ആറോ എം എൽ എമാരുടെ മാത്രം പിന്തുണയെ ബി ജെ പിക്ക് ആവശ്യമുള്ളൂ.
ഗുജറാത്തിൽ ചടുല നീക്കത്തിന് കോൺഗ്രസ്; എംഎൽഎമാരെ രാജസ്ഥാനിലേക്ക് മാറ്റും, ആം ആദ്മിയുമായി സഖ്യം?

വിമതരുമായി കൂടിക്കാഴ്ച
വിമതരെ പാട്ടിലാക്കാനുള്ള ശ്രമങ്ങൾ ബി ജെ പി ആരംഭിച്ചിട്ടുണ്ട്. ലീഡ് ചെയ്യുന്ന വിമത സ്ഥാനാർത്ഥികളെ ബി ജെ പി സമീപിച്ച് കഴിഞ്ഞു. മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലാണ് നീക്കങ്ങൾ നടക്കുന്നത്. ബംജാർ മണ്ഡലത്തിൽ ലീഡ് ചെയ്യുന്ന ബി ജെ പി വിമതരായ ഹിതേശ്വർ സിംഗ്, നലഗഡ് മണ്ഡലത്തിൽ നിന്നുള്ള കെ എൽ താക്കൂർ, ഹോഷിയാർ സിംഗ് ദെഹര എന്നിവരെയാണ് ബി ജെ പി സമീപിച്ചത്.

കോൺഗ്രസ് നേതാക്കളെ ചാക്കിട്ടേക്കും
വിമതരുടെ പിന്തുണ ഉറപ്പാക്കാൻ സാധിച്ചില്ലെങ്കിൽ കോൺഗ്രസ് നേതാക്കളെ കൂടി പാർട്ടിയിലേക്ക് എത്തിക്കാൻ ബി ജെ പി ശ്രമിച്ചേക്കുമെന്നാണ് കോൺഗ്രസ് ആശങ്ക. ഇതോടെയാണ് എം എൽ എമാരെ റിസോർട്ടിലേക്ക് മാറ്റാൻ കോൺഗ്രസ് തയ്യാറെടുക്കുന്നത്. രാത്രി എട്ടോടെ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ ജയ്പൂരിലുള്ള റിസോർട്ടിലേക്കാകും എം എൽ എമാരെ മാറ്റുക. അതേസമയം കോൺഗ്രസ് ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ ഛത്തീസ്ഗഡിലേക്കും എം എൽ എമാരെ മാറ്റിയേക്കുമെന്നുള്ള റിപ്പോർട്ടുകൾ ഉണ്ട്.

വിജയം ഏറെ അനിവാര്യം
ഗുജറാത്തിൽ കനത്ത തിരിച്ചടി നേരിട്ട കോൺഗ്രസിനെ സംബന്ധിച്ച് ഹിമാചലിലെ വിജയം ഏറെ അനിവാര്യമാണ്. അതുകൊണ്ട് തന്നെ അധികാരം തിരിച്ച് പിടിക്കാനും ബി ജെ പിയെ പ്രതിരോധിക്കാനും ഏതറ്റം വരേയും പോകാനാണ് കഴിഞ്ഞ ദിവസം ചേർന്ന പി സി സി യോഗത്തിലെ പാർട്ടി തിരൂമാനം. കേവല ഭൂരിപക്ഷം കടന്നെങ്കിലും പല മണ്ഡലങ്ങളിലും നേരിയ വോട്ടുകളുടെ വ്യത്യാസത്തിലാണ് കോൺഗ്രസ് ലീഡ്. ചില മണ്ഡലങ്ങളിൽ ലീഡ് മാറി മറിയുന്നുമുണ്ട്. അതുകൊണ്ട് തന്നെ ഹിമാചലിൽ കരുതലോടെയാണ് കോൺഗ്രസ് കരുക്കൾ നീക്കുന്നത്.
ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം; സൂറത്തിൽ 'ആപ്പ്' ഏറ്റില്ല; ബിജെപിയുടെ വൻ കുതിപ്പ്, 16 ൽ 14 ലും മുന്നിൽ

ഗുജറാത്തിൽ കനത്ത തിരിച്ചടി ഏറ്റുവാങ്ങി കോൺഗ്രസ്
ഗുജറാത്തിൽ നിയമസഭ തിരഞ്ഞെടുപ്പിൽ ബി ജെ പി തരംഗത്തിൽ പിടിച്ച് നിൽക്കാൻ പോലുമാകാതെ കോൺഗ്രസ്. കഴിഞ്ഞ തവണ 77 സീറ്റുകൾ നേടിയ കോൺഗ്രസ് നിലവിൽ വെറും 19 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.വോട്ടു വിഹിതത്തിലും കാര്യമായ തിരിച്ചടി തന്നെയാണ് കോൺഗ്രസ് നേരിട്ടത്.2017 ൽ 41.4 ശതമാനം വോട്ട് വിഹിതമായിരുന്നു കോൺഗ്രസിന് നേടാൻ സാധിച്ചത്. ഇത്തവണ ഇതുവരെ 26.50 ശതമാനം വോട്ടുകളാണ് കോൺഗ്രസ് നേടിയിരിക്കുന്നത്. അതേസമയം സംസ്ഥാനത്ത് റെക്കോഡ് വിജയത്തിലേക്ക് കടക്കുകയാണ് ബി ജെ പി. 140 ഓളം സീറ്റുകളിലാണ് നിലവിൽ ബി ജെ പി ലീഡ് ചെയ്യുന്നത്.
സൗരാഷ്ട്രയിലെ ആധിപത്യം തിരിച്ച് പിടിച്ച് ബിജെപി; കോൺഗ്രസിനെ മുട്ട് കുത്തിച്ച് ആം ആദ്മി