
ഹിമാചലില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്; മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എംഎല്‍എമാരുടെ യോഗം
ന്യൂഡല്‍ഹി: ഹിമാചല്‍പ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ച് കോണ്‍ഗ്രസ്. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള യോഗം ചേരും. നാളെയാണ് ഹിമാചല്‍പ്രദേശിലെ എംഎല്‍എമാര്‍ നാളെ യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ട്.
ഹിമാചൽ പ്രദേശിൽ പൂർണ ഭൂരിപക്ഷത്തോടെ കോൺഗ്രസ് സർക്കാരുണ്ടാക്കുമെന്നും അഞ്ചു വർഷം ഭരിക്കുമെന്നും കോൺഗ്രസ് നേതാവ് വിക്രമാദിത്യ സിങ് പറഞ്ഞിരുന്നു. ബി.ജെ.പിക്ക് എന്തും ചെയ്യാൻ കഴിയുമെന്നതിനാൽ ജനാധിപത്യം സംരക്ഷിക്കാൻ തങ്ങളെക്കൊണ്ടാവുന്നത് എല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു, ഹിമാചൽ പ്രദേശിൽ നിന്ന് പാർട്ടി എം.എൽ.എമാരെ മാറ്റുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ആണ് വിക്രമാദിത്യ സിങ് ഇക്കാര്യം പറഞ്ഞത്. ബി.ജെ.പിയുടെ അട്ടിമറി നീക്കം മുൻകൂട്ടി കണ്ട് കോൺഗ്രസ്. 'ഓപ്പറേഷൻ താമര' തകർക്കാനായി ജയിക്കുന്ന കോൺഗ്രസ് എം.എൽ.എമാരെ രാജസ്ഥാനിലേക്ക് മാറ്റുമെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനും മുതിർന്ന നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡയ്ക്കുമാണ് എംഎൽഎമാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാൻ ചുമതലയെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
ആകെയുള്ള 68 മണ്ഡലങ്ങളിൽ 40 സീറ്റുകളിലും വിജയിച്ച കോൺഗ്രസ് വ്യക്തമായ മാർജിനിലാണ് അധികാരത്തിലെത്തുന്നത്. 25 സീറ്റുകളാണ് ബി.ജെ.പിക്ക് നേടാനായത്. മൂന്ന് സീറ്റുകൾ സ്വതന്ത്രർ നേടി.