വ്യാജ ബോംബ് ഭീഷണി; ഇൻഡിഗോ വിമാനത്തിന് ഹൈദരാബാദ് എയർപോർട്ടിൽ അടിയന്തര ലാൻഡിംഗ്
ഹൈദരാബാദ്: വ്യാജ ബോംബ് ഭീഷണിയെ തുടർന്ന് ഇൻഡിഗോ വിമാനത്തിന് ഹൈദരാബാദ് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ്. ബാങ്കോക്കിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനമാണ് ടെക്ക് ഓഫ് ചെയ്‌ത് മിനിറ്റുകൾക്കകം അടിയന്തര ലാൻഡിംഗ് നടത്തേണ്ടി വന്നത്. അജ്ഞാതനായ വ്യക്തി ഫോണിലൂടെ ബോംബ് ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് വിമാനം തിരിച്ചിറക്കിയത്.
ഭീഷണി സന്ദേശം വന്നതിന് പിന്നാലെ എയർപോർട്ട് അധികൃതർ ഉടൻ പ്രോട്ടോക്കോൾ പ്രകാരമുള്ള നടപടികൾ ആരംഭിക്കുകയായിരുന്നു. വിമാനം തുടർന്ന് ഷംഷാബാദ് വിമാനത്താവളത്തിലേക്ക് തന്നെ തിരിച്ചിറക്കുകയായിരുന്നു. ലാൻഡിംഗ് പൂർത്തിയാക്കിയതിന് പിന്നാലെ യാത്രക്കാരെ മുഴുവനും സുരക്ഷിതമായി പുറത്തുകടത്തി.

ശേഷം സുരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിശദമായ പരിശോധന നടത്തിയെങ്കിലും സ്‌ഫോടക ശേഷിയുള്ള വസ്‌തുക്കൾ ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്നാണ് ഭീഷണി വ്യാജമാണെന്ന് വ്യക്തമായത്. പെട്ടെന്നുണ്ടായ ലാൻഡിംഗിലും മറ്റും യാത്രക്കാർ ആകെ പരിഭ്രമിച്ച നിലയിലായിരുന്നു. ഭീഷണി സന്ദേശത്തിന്റെ ഉറവിടം അധികൃതർ അന്വേഷിക്കുന്നുണ്ട്.
ഇതിന് പുറമേ വിമാനത്തിൽ സഞ്ചരിക്കുകയായിരുന്ന ഒരു യാത്രക്കാരൻ വിമാനത്തിൽ ബോംബ് ഉണ്ടെന്ന് അവകാശപ്പെട്ടിരുന്നു. തുടർന്ന് ഇയാളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിരിക്കുകയാണ്. ഇയാളെ ബന്ധപ്പെട്ട അധികൃതർ ചോദ്യം ചെയ്യലിന് വിധേയമാക്കി കൊണ്ടിരിക്കുകയാണ്. ഇയാളുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
രാജ്യത്തെ വ്യോമയാന മേഖലയെ ഒന്നാകെ പ്രതിസന്ധയിൽ ആക്കികൊണ്ടാണ് നിരന്തരം വ്യാജ ബോംബ് ഭീഷണികൾ വന്നു കൊണ്ടിരിക്കുന്നത്. ചുരുങ്ങിയ കാലത്തിനിടെ നൂറിലധികം വിമാന സർവീസുകളെയാണ് ഇത്തരം ഭീഷണി സന്ദേശങ്ങൾ ബാധിച്ചത്. ഇതിലൂടെ ആയിരക്കണക്കിന് കോടി രൂപയാണ് വിമാനക്കമ്പനികൾക്ക് നഷ്‌ടം വരുന്നത്.
കഴിഞ്ഞ ദിവസവും ഒരു ഇൻഡിഗോ വിമാനത്തിന് സമാനമായ രീതിയിൽ വ്യാജ ബോംബ് ഭീഷണി നേരിടേണ്ടി വന്നിരുന്നു. കൊൽക്കത്തയിലേക്ക് പോവേണ്ട വിമാനമാണ് റായ്‌പൂരിൽ അടിയന്തര ലാൻഡിംഗ് നടത്തിയത്. നാഗ്‌പൂരിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. 187 യാത്രക്കാരും ആറ് ജീവനക്കാരും ഉൾപ്പെടെ വിമാനത്തിൽ ഉണ്ടായിരുന്നു.
ഇതിന് പുറമേ കുറച്ച് ദിവസങ്ങൾക്ക് മുൻപ് മുംബൈ ഛത്രപതി ശിവാജി വിമാനത്താവളത്തിന് നേരെയും ഭീഷണി ഉയർന്നിരുന്നു. ഒരു യാത്രക്കാരൻ തന്റെ ലഗേജിൽ ബോംബുമായി അവിടെ എത്തുന്നുണ്ട് എന്നായിരുന്നു ഫോണിൽ ലഭിച്ച സന്ദേശം. അസർബൈജാനിലേക്ക് പോവുന്ന യാത്രക്കാരന്റെ കൈവശം ബോംബുണ്ടെന്ന് ആയിരുന്നു ഭീഷണി. തുടർന്ന് നടത്തിയ പരിശോധനയിൽ ഇതും വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications