ഗുര്‍മീത് കോടികളുടെ ഉടമ: കണക്കെടുപ്പില്‍ ഒതുങ്ങാത്ത സ്വത്തുക്കള്‍, ഒടുവില്‍ കണക്കുകള്‍ കോടതിയില്‍!
ഗുര്‍മീതിന്‍റെ ദേരാ സച്ചാ സൗദയ്ക്ക് 1,453 കോടി മൂല്യമുള്ള സ്വത്തുക്കളുണ്ടെന്നാണ് സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
ചണ്ഡീഗഡ്: വിവാദ ആള്‍ദൈവും മില്യണയറുമായ ഗുര്‍മീത് റാം റഹീം സിംഗിന്‍റെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തി ഹരിയാണ സര്‍ക്കാര്‍. മനോഹര്‍ ലാല്‍ ഖട്ടര്‍ സര്‍ക്കാരാണ് ബുധനാഴ്ച ഗുര്‍മീതിന്‍റെ സ്വത്ത് വിവരങ്ങള്‍ ഹരിയാണ ആന്‍ഡ് പഞ്ചാബ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. ഗുര്‍മീതിന്‍റെ ദേരാ സച്ചാ സൗദയ്ക്ക് 1,453 കോടി മൂല്യമുള്ള സ്വത്തുക്കളുണ്ടെന്നാണ് സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. സിര്‍സയിലെ ദേരാ സച്ചാ ആസ്ഥാനം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് മാത്രമുള്ള സ്വത്തുവകകളുണ്ടെന്നും ഗുര്‍മീതിന്‍റെ സംഘടനയുടെ ഉടമസ്ഥതയിലുള്ള സംസ്ഥാനത്തെ സ്വത്തുവകകള്‍ 1,600 കോടി രൂപയുടെ മൂല്യമുള്ളതാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
എന്നാല്‍ ഹരിയാണയ്ക്ക് പുറത്ത് ഗുര്‍മീതിനുള്ള സ്വത്തുക്കളുടെ കണക്ക് സര്‍ക്കാര്‍ പരിശോധിച്ചിട്ടില്ല. എന്നാല്‍ സര്‍ക്കാരിന് ലഭിച്ച കണക്കിനേക്കാള്‍ സ്വത്തുക്കള്‍ ഗുര്‍മീതിന്‍റെ പേരിലുണ്ടെന്നാണ് ഹരിയാണ കളക്ടറുടെ ഓഫീസില്‍ നിന്ന് ലഭിക്കുന്ന വിവരം.

നഷ്ടപരിഹാരം ദേരയില്‍ നിന്ന്!
ഗുര്‍മീത് റാം റഹീം സിംഗ് ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന സിബിഐ കോടതിയുടെ വിധി വന്നതോടെ സിര്‍സയിലും പഞ്ച്കുളയിലും ഉടലെടുത്ത അക്രമസംഭവങ്ങളെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടത് ദേരാ സച്ചയാണെന്ന ഹരിയാണ ആന്‍ഡ് പഞ്ചാബ് ഹൈക്കോടതിയുടെ നിരീക്ഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കോടതിയില്‍ സ്വത്തുവിവരങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്.

അക്രമം വിതച്ച് അനുയായികള്‍
രണ്ട് വനിതാ അനുയായികളെ പീഡിപ്പിച്ച കേസില്‍ ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരനാണെന്ന് പഞ്ച്കുളയിലെ പ്രത്യേക സിബിഐ കോടതി വിധിച്ചതോടെ തലസ്ഥാനനഗരമായ ചണ്ഡിഗഡിന്‍റെ പത്ത് കിലോമീറ്റര്‍ പരിധിയില്‍ ഉടലെടുത്ത അതിക്രമങ്ങളില്‍ 35 പേരാണ് കൊല്ലപ്പെട്ടത്. അതേ സമയം സിംഗ് കുറ്റക്കാരനാണെന്ന് വിധിച്ചാല്‍ അക്രമം അഴിച്ചുവിടാന്‍ നേരത്തെ ഗൂഡാലോചന നടന്നിരുന്നുവെന്ന വിവരവും പുറത്തുവന്നിരുന്നു.

നഷ്ടപരിഹാരം ഈടാക്കാന്‍ കോടതി
ആഗസ്റ്റ് 25ലെ അക്രമസംഭവങ്ങളെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ക്ക് ദേരാ സച്ചയില്‍ നിന്ന് പണം ഈടാക്കാനാണ് പഞ്ചാബ് ആന്‍ഡ് ഹരിയാണ ഹൈക്കോടതി നിര്‍ദേശിച്ചത്. ക്രമസമാധാന തകരാറിലായ സിര്‍സയില്‍ ജനങ്ങള്‍ക്ക് കനത്ത നാശനഷ്ടമുണ്ടായെന്ന് കാണിച്ച് കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നീക്കം. സംഭവം പൂര്‍ണ്ണമായി വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ടെന്നും നാശനഷ്ടങ്ങള്‍ സംഭവിച്ചതിനുള്ള പണം ദേരാ സച്ചാ നല്‍കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

കോടികള്‍ ഇങ്ങനെ
സിര്‍സ- 1453, അംബാല 32,20 കോടി, ജജ്ജാര്‍ 29.11 കോടി, ഫത്തേഹാബാദ്- 20.70 കോടി, ജിന്ദ്- 19.33 കോടി, സോനിപ്പത്ത്- 17.65 കോടി, കൈതാല്‍- 11.16 കോടി, കുരുക്ഷേത്ര- 7.42 കോടി, ഹിസാര്‍- 7.03 കോടി, കര്‍ണാല്‍- 6 കോടി, ഭിവാനി- 3.87 കോടി, യമുന നഗര്‍- 3. 14 കോടി, പാനിപ്പത്ത്- 2.82 കോടി, റോഹ്ത്തക്- 47 ലക്ഷം, റിവാരി- 37 ലക്ഷം എന്നിങ്ങനെയാണ് ഹരിയാണ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള ഗുര്‍മീതിന്‍റെ സ്വത്തുവിവരങ്ങളുടെ കണക്ക്.

ബലാത്സംഗവും കൊലക്കുറ്റവും
രണ്ട് വനിതാ അനുയായികളെ പീഡിപ്പിച്ച കേസില്‍ ആഗസ്റ്റ് 25ന് വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതോടെയാണ് പഞ്ച്കുളയില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. ഹരിയാനയിലെ സിര്‍സ, പഞ്ച്കുള ജില്ലകളിലായി അക്രമത്തില്‍ 41 പേരാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് ആഗസ്റ്റ് 28നാണ് ബലാത്സംഗക്കേസില്‍ ഗുര്‍മീതിന് 20 വര്‍ഷം തടവിന് വിധിക്കുന്നത്. ഇതിന് പുറമേ ഒരു ദേരാ സച്ചാ അനുയായിയേയും മാധ്യമപ്രവര്‍ത്തകനെയും കൊലപ്പെടുത്തിയ കേസും സിംഗിനെതിരെയുണ്ട്.












Click it and Unblock the Notifications