'നന്നായി പഠിക്കുന്ന വ്യക്തി': എംഎയ്ക്ക് പഠിക്കുന്ന മോദിയെ കണ്ടിട്ടുണ്ട്: ജേണലിസ്റ്റ് ഷീലാ ഭട്ട്
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോളേജ് കാലഘട്ടത്തില്‍ അദ്ദേഹത്തെ നേരില്‍ കണ്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മുതിർന്ന മാധ്യമ പ്രവർത്തക ഷീല ഭട്ട്. 1981 ല്‍ പ്രധാനമന്ത്രി ബിരുദാനന്തര ബിരുദത്തിന് പഠിക്കുമ്പോഴായിരുന്നു ഈ കൂടിക്കാഴ്ചയെന്നും അവർ പറയുന്നു. ബിരുദാനന്തര ബിരുദത്തിന്റെ പേരിൽ ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാളും കോൺഗ്രസും പ്രധാനമന്ത്രിയെ നിരന്തരം ലക്ഷ്യമിടുന്നതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഷീല ഭട്ടിന്റെ വെളിപ്പെടുത്തല്‍.
'1981ൽ എംഎ പാർട്ട് -2 പഠിക്കുമ്പോഴാണ് ഞാൻ മോദിയെ ആദ്യമായി കാണുന്നത്. അദ്ദേഹത്തിന്റെ മെന്റർ പ്രൊഫ. പ്രവീൺ ഷേത്ത് ആയിരുന്നു. പ്രവീൺ ഷേത്ത് എന്റെയും മെന്റർ കൂടിയായിരുന്നു. വളരെ നന്നായി പഠിക്കുന്ന വ്യക്തിയായിരുന്നു അക്കാലത്ത് മോദി," എഎൻഐ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ഷീല ഭട്ട് പറഞ്ഞു. പിന്നീട് അഭിഭാഷകനായി മാറിയ അദ്ദേഹത്തിന്റെ സഹപാഠികളിൽ ഒരാളെ താൻ ഓർക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി.

"അരവിന്ദ് കെജ്‌രിവാളും കോൺഗ്രസും പ്രധാനമന്ത്രി മോദിയെ നിരക്ഷരൻ എന്ന് വിളിച്ച് ട്വിറ്ററിൽ ധാരാളം പോസ്റ്റുകൾ ഇടുമ്പോൾ ഞാൻ മോദിയുടെ സഹപാഠിയായ സുഹൃത്തിനെ വിളിച്ചു. ഇക്കാര്യത്തില്‍ സംസാരിക്കാൻ ആവശ്യപ്പെട്ടെങ്കിലും മിണ്ടാതിരിക്കാനായിരുന്നു അവളുടെ തീരുമാം" ഷീല ഭട്ട് പറഞ്ഞു. ഇന്ത്യൻ എക്‌സ്പ്രസ്, ദൈനിക് ഭാസ്‌കർ തുടങ്ങിയ മാധ്യമങ്ങളില്‍ ജോലി ചെയ്ത ഷീല ഭട്ട് ഇല്ലസ്ട്രേറ്റഡ് വീക്കിലിക്ക് വേണ്ടി അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെ ഇന്റർവ്യൂ ചെയ്തതിലൂടെയാണ് കൂടുതല്‍ ശ്രദ്ധേയമായത്.
അതേസമയം, എഎപി നേതാവ് അരവിന്ദ് കെജ്‌രിവാൾ പ്രധാനമന്ത്രി മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിഷയം ആവർത്തിച്ച് ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. മോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് പുറത്ത് വിടണമെന്നതാണ് അദ്ദേഹത്തിന്റെ ആവശ്യം. മോദിയുടെ ബിരുദ പഠനത്തിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് കെജ്രിവാള്‍ അപേക്ഷ നല്‍കുകയും ചെയ്തു. പിന്നാലെ കേന്ദ്ര വിവരാവകാശ കമ്മീഷന്‍ (സിഐസി) 2016 ലെ ഉത്തരവ് പ്രകാരം പ്രധാനമന്ത്രിയുടെ എംഎ ബിരുദത്തെക്കുറിച്ചുള്ള വിവരങ്ങൾ കെജ്‌രിവാളിന് നൽകാൻ ഗുജറാത്ത് സർവകലാശാലയോട് നിർദ്ദേശിച്ചു.
എന്നാല്‍ ബിരുദരേഖ നൽകാനുള്ള കേന്ദ്ര വിവരവാകാശ കമ്മിഷന്റെ നിർദേശത്തിനെതിരേ കഴിഞ്ഞ മാർച്ചിൽ സർവ്വകലാശാല ഗുജറാത്ത് ഹൈക്കോടതിയിൽനിന്ന് അനുകൂലവിധി നേടി. പ്രധാന മന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതാ രേഖകള്‍ ചോദിച്ച കെജ്‌രിവാൾ 25000 രൂപ പിഴ വിധിക്കുകയും ചെയ്തു. ഈ രേഖ സംബന്ധിച്ച് എല്ലാവര്‍ക്കും അറിയുന്നതും പൊതുവേ ലഭ്യമായതാണെന്ന നിലപാടുമായിരുന്നു അന്ന് കോടതി സ്വീകരിച്ചത്.
ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ് ജനങ്ങളുടെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉയർത്തിയതായി ഉത്തരവിന് പിന്നാലെ കെജ്‌രിവാൾ പറഞ്ഞു. കോടതി വിധിക്കെതിരെ ഡല്‍ഹി മുഖ്യമന്ത്രി റിവ്യൂ ഹർജി നല്‍കുകയും ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ വിഷയത്തില്‍ കോൺഗ്രസും കെജ്‌രിവാളിനൊപ്പം പ്രധാനമന്ത്രിയെ കടന്നാക്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനെല്ലാം ഇടയിലാണ് ബിരുദാനന്തര പഠന കാലത്ത് മോദിയെ കണ്ടിരുന്നുവെന്ന് വ്യക്തമാക്കി ഷീല ഭട്ട് മുന്നോട്ട് വരുന്നത്.












Click it and Unblock the Notifications